വിശുദ്ധന്മാര്‍ക്ക് ഇവിടെ വിശുദ്ധഭൂമിയോ?

ജോണ്‍സണ്‍ കണ്ണൂര്‍

0 1,330

യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് പാപത്താല്‍ മലിമസമായ ഈ ഭൂമിയില്‍ ഒരു ഇഞ്ച് സ്ഥലംപോലും വിശുദ്ധഭൂമിയില്ല. ഉല്പ.3:5 ല്‍ ഇങ്ങോട്ട് അടുത്ത് വരരുത്: നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ നിന്റെ കാലില്‍നിന്ന് ചെരുപ്പ് അഴിച്ചുമാറ്റുക. ഇവിടെ യഹോവയായ ദൈവം ഹോരേബ് പര്‍വ്വതത്തില്‍ ഇറങ്ങി വന്നതായ സമയത്ത് പറയുന്ന കാര്യമാണ്. അത് ആ സമയത്തു മാത്രം പ്രാബല്യമുള്ള വസ്തുതയാണ്. പിന്നെ അതിനു പ്രസക്തിയില്ല. കാരണം ഭൂമി മുഴുവന്‍ ശാപത്തില്‍ കീഴിലാണ്. യരുശലേമോ യൂറോപ്യന്‍ നാടുകളോ ഏഷ്യന്‍ രാജ്യങ്ങളോ അമേരിക്കന്‍ ഐക്യനാടുകളോ എല്ലാം ഒരുപോലെ ശാപം നിറഞ്ഞതാണ്. യേശു ഉപയോഗിച്ചതും സഞ്ചരിച്ചതുമായ അക്ഷരിക വസ്തുക്കള്‍ക്കോ സ്ഥലത്തിനോ അല്ല പ്രസക്തി. മറിച്ച് കേവലം ഒരു വാക്കുകൊണ്ട് ഉലകം മുഴുവന്‍ ഉളവാക്കിയ അത്യുന്നതന്‍ മനുഷ്യവേഷമെടുത്ത് നമ്മുടെ ഇടയില്‍ വന്നതാണ് പ്രാധാന്യം. തന്നോട് വിളിച്ചപേക്ഷിക്കുന്നവര്‍ക്കുവേണ്ടി ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ദൈവസാന്നിദ്ധ്യം അവിടെ ഉണ്ട്. വിശുദ്ധന്മാര്‍ കൂടിവരുന്ന സ്ഥലം എവിടെയായാലും വിശുദ്ധമാണ്. അത് കടത്തിണ്ണയായാലും കടല്ക്കരയായാലും മാളികമുറിയായാലും മരച്ചുവട്ടിലായാലും വ്യത്യാസമില്ല. എബ്രായര്‍ 13:4 പി.ഒ.സി. പരിഭാഷ നോക്കുക. വിവാഹം മാന്യമായി കരുതപ്പെടട്ടെ, മണവറ മലിനമാകാതിരിക്കട്ടെ. അപ്പോള്‍ വിശുദ്ധമായി നാം സൂക്ഷിക്കണം. ഈ അശുദ്ധലോകത്ത് തങ്ങളെത്തന്നെ വിശുദ്ദിയോടെ സൂക്ഷിക്കുന്നവര്‍ എല്ലാരാജ്യത്തും നിലവില്‍ ഉണ്ട്. എന്നാല്‍ ഇവിടെ വിശുദ്ധഭൂമിയില്ല. സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു എന്ന് തിരുവെഴുത്ത് വ്യക്തമായി പറയുന്നു. അങ്ഹനെയെങ്കില്‍ എവിടെ പുണ്യഭൂമി. യുദ്ധവും മുറവിളിയും, കൊല്ലും കൊലയും, ബോംബും, പകയും, പോരും പടയും, ഭീതിയും ഭൂകരതയും നിലവിളിയും നിറഞ്ഞു നില്‍ക്കുന്നതും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നതുമായ സ്ഥലമാണോ പുണ്യഭൂമി?. വിശുദ്ധനാട് എന്നു വിശേഷിപ്പിക്കാതെ ബൈബിള്‍നാട് എന്നു പറയുന്നതാണ് ശരി. അരുമനാഥന്റെ പാദങ്ങള്‍ പതിഞ്# സ്ഥലത്ത് പോകുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അരുമനാഥനെ അറിയാത്തവരുടെ ഇടയിലേക്ക് പോകാന്‍ തയ്യാറാവണം. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ഗുജറാത്തിലേയും , ഒറീസ്സയിലേയും, ബാഹാറിലേയും ഗ്രാമങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. യോര്‍ദ്ദാന്‍ നദി കാണുമ്പോള്‍ സ്‌നാനപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗോല്‌ഗോഥാ മല കാണുമ്പോള്‍ ക്രൂശിക്കപ്പെടുവാന്‍ ആഗ്രഹിക്കണം. യഹൂദന്മാര്‍ക്കും മുസ്ലീം സഹോദരങ്ങള്‍ക്കും പുണ്യഭൂമിയാണെങ്കില്‍ രക്ഷിക്കപ്പെട്ട ദൈവമക്കള്‍ അതില്‍നിന്നും വ്യത്യസ്തരല്ലേ? അങ്ങനെയെങ്കില്‍ യേശുവിനെ പ്രസവിച്ച മറിയ പരിശുദ്ധ മറിയമാകണ്ടേ?. കേരളം പോലെ ഒരു ദേശം എന്നതില്‍ കവിഞ്ഞ് എന്താണ് പ്രത്യേകത. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികള്‍ ഇവിടെ വരുന്നില്ലേ. നമ്മുടെ ആത്മാവിന്റെ വീണ്ടെടുപ്പ് മാത്രമേ സാധ്യമായിട്ടുള്ളു. ശരീരത്തിന്റേയും ഭൂമിയുടേയും വീണ്ടെടുപ്പ് നടക്കുവാനിരിക്കുന്നതേയുള്ളു. ഉല്പ.3:17 ല്‍ ഭൂമിയെ ശപിച്ചപ്പോള്‍ യരുശലേമും അതില്‍ ഉള്‍പ്പെട്ടു. അങ്ങനെയെങ്കില്‍ ശപിക്കപ്പെട്ട ഭൂമിയില്‍ എവിടെ പുണ്യസ്ഥലം. നിഷ്‌കളങ്കനായ ക്രിസ്തുവിനെ ക്രൂശിച്ച നീതിമാന്റെ രക്തം വീണ സ്ഥലം എങ്ങനെ വിശുദ്ധനാട് ആകും. ആ രക്തത്തില്‍ ഒരുവന്‍ വിശ്വസിക്കുമ്പോള്‍ ആ നിമിഷം വിശുദ്ധനാകും. എന്നാല്‍ ഭൂമി വിശുദ്ധമാകയില്ല. സിംഗപ്പൂരോ, സ്വിറ്റ്‌സര്‍ലണ്ടോ കാണാന്‍ പോകുന്നതുപോലെ യരുശലേം കാണാന്‍ പോകാം. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സ്ഥലങ്ങള്‍ക്ക് ആത്മീയതയുടെ പരിവേഷം നല്‍കുന്നത് ശരിയല്ല. കര്‍ത്താവിന്റെ പാദം പതിഞ്ഞെന്നെ പേരില്‍ പ്രത്യേകത കല്പിക്കരുത്. അത് ബിസിനസ്സ് തന്ത്രമാണ്. ഈ പേരിലേ ആളുകള്‍ പോകുകയുള്ളൂ. എന്നതാണ് വസ്തുത. ബൈബിളിലെ സ്ഥലങ്ങള്‍ എന്നു പറയുന്നത് മിക്കയിടത്തും അനുമാനങ്ങളാണ്. ആ പറയുന്ന സംഭവം ഇവിടെയാണ് നടന്നതെന്ന് അനുമാനിക്കുന്നു. എല്ലാം നിഗമനങ്ങളാണ്. ഇല്ലെങ്കില്‍ സന്ദര്‍ശകര്‍ ഗെയിഡ് പറയുന്നത് ശ്രദ്ധിക്കുക. അവിടെയെല്ലാം ദേവാലയങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നു. ഈ സ്ഥലങ്ങള്‍ കുറേക്കാലം തുര്‍ക്കികളുടെ കൈവശമായിരുന്നു. കാലപ്പഴക്കംകൊണ്ട് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാലസ്തീനില്‍പോയി നേരിട്ട് കണ്ടിട്ടേ വിശ്വസിക്കുകയുള്ളു എങ്കില്‍ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന യേശുവിന്റെ പ്രസ്താവന ഓര്‍ക്കണം. ഉല്പത്തിയിലെ ഏദന്‍ തോട്ടം സ്ഥിതി ചെയ്യുന്ന ഇറാഖ് സന്ദര്‍ശിക്കാത്തതെന്ത്? ദൈവത്തിന്റെ പാദസ്പര്‍ശം ഉണ്ടായ സ്ഥലമല്ലേ? മനുഷ്യരാശിയുടെ തുടക്കം അവിടല്ലേ. ഇങ്ങനെയുള്ള സംശയങ്ങള്‍ തെറ്റായി പോയെങ്കില്‍ എന്നോട് ഹൃദയപൂര്‍വ്വം ക്ഷമിക്കണം. വിശുദ്ധനാട് സ്ഥിരം സന്ദര്‍ശനം ഒരുതരം ബിസിനസ്സ ആണെന്ന് ചില ജനപ്രീയപ്രസംഗകര്‍ പരസ്യമായി പറയുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമാണ്. പലതവണ ഒരേ സ്ഥലം സന്ദര്‍ശിക്കുന്നവര്‍ ഓര്‍ക്കണം. ദൈവം നിങ്ങള്‍ക്ക് നല്‍കിയ സുഭിക്ഷം മറ്റുള്ളവരുംടെ ദുര്‍ഭിക്ഷത്തിന് ഉതകുവാനാണ്. സകല ഭൂസിമാവാസികള്‍ക്കുവേണ്ടി മനുഷ്യവേഷത്തില്‍ വന്നതുകൊണ്ടാണ് ലോകത്തിന്റെ മധ്യഭാഗമായ പ്രസ്തുത പ്രദേശം കര്‍ത്താവ് തിരഞ്ഞെടുത്തത്. യേശു സഞ്ചരിച്ച പടകും കടലും പുല്‍ത്തകിടിയും പുണ്യമാണെങ്കില്‍ 30 വര്‍ഷം തച്ചനായ യോസേഫിന്റെ വീട്ടില്‍ കിടന്ന കട്ടില്‍ എത്രമാത്രം പുണ്യമാണ്. അതിനെപ്പറ്റി ഒന്നും പറയുന്നില്ല. നിരണം പള്ളി തോമാസ്ലീഹാ കിടന്നിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു കട്ടില്‍ ഉണ്ട്. അതിനെയെല്ലാം വളരെ ഭക്തിയോടെ വീക്ഷിക്കുന്നവരുണ്ട്. നമ്മള്‍ അവര്‍ക്ക് തുല്യരാകരുത്. ആത്മീയ വളര്‍ച്ച ഇല്ലാത്തവര്‍തക്ക് ഇവയൊക്കെ വിമര്‍ശനമായി തോന്നും. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഗ്രഹിപ്പാന്‍ വിവരമുള്ളവന്‍ ഗ്രഹിക്കട്ടെ. പൈശാചികത്വം നിറഞ്ഞ ഈ ദുഷ്ടലോകത്ത് വിശുദ്ധന്മാരേയുള്ളു. വിശുദ്ധഭൂമിയില്ല. വിവരമുള്ളവര്‍ ചിന്തിക്കട്ടേ!

You might also like
Comments
Loading...