ലേഖനം | ക്രിസ്ത്യാനി | മോൻസി തങ്കച്ചൻ

0 519

ക്രിസ്തീയ സമൂഹത്തിന് ക്രിസ്ത്യാനി എന്ന വിളിപ്പേര് പൊതുവേ ഉണ്ട്. എന്നാൽ അതിന്റെ ആഴം എത്രത്തോളം എന്ന് അറിയുമ്പോൾ ആ പേരിന് എത്രപേർ അർഹരാണ് എന്ന് പുനർചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ക്രിസ്തീയത ഒരു മതമല്ല എന്ന വസ്തുത ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമാണ്. ക്രിസ്തീയതയുടെ കാതലായ ക്രിസ്തു ഒരിക്കലും ഒരു മത സ്ഥാപകനായിരുന്നില്ല, മറിച്ച് തന്റെ പിതാവിൻറെ ഇഷ്ടങ്ങൾ, ആശയങ്ങൾ അതിൻറെ എല്ലാ സത്തും ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുവാൻ ഉള്ള ഒരു ആഹ്വാനമായിരുന്നു എന്നാൽ കാലപ്പഴക്കത്തിൽ കൈമറിഞ്ഞ്, കൈകടത്തി അതിനെ കച്ചവട ചരക്കായി മാറ്റി. ക്രിസ്തീയത മതവൽക്കരിക്കപ്പെട്ടു.

ക്രിസ്തുവിന്റെ ആഹ്വാനം അനുസരിച്ച് ജീവിതം നയിക്കുന്നവരെ ക്രിസ്ത്യാനി എന്ന് വിളിക്കുന്നതിൽ തെറ്റില്ല, മറിച്ച് ക്രിസ്തുവിനെ വിളിച്ച് ജീവിക്കുന്നവരെ ക്രിസ്ത്യാനി എന്ന് വിളിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് തിരുവചനം നമ്മളോട് പറയുന്നുണ്ട്. ക്രിസ്തീയ ജീവിതം വ്യക്തിയുടെ സാമൂഹിക ജീവിതവും സഭാ ജീവിതവും ചേർന്നുള്ളതാണ് ഇതുരണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നില്ല എങ്കിൽ ക്രിസ്തീയ ജീവിതം പരാജയമാണെന്ന് പറയാം.

Download ShalomBeats Radio 

Android App  | IOS App 

വചനത്തിൽ പറയുന്ന അടിസ്ഥാന ഉപദേശങ്ങൾ പാലിച്ചാൽ സഭയോടുള്ള ബന്ധത്തിൽ ആ വ്യക്തി ക്രിസ്ത്യാനിയായി. അപ്പോൾ തന്നെ ദൈവവും സമൂഹവും ഉറ്റുനോക്കുന്ന സാമൂഹിക ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരു പരിധിവരെ മനുഷ്യർ കരുതിയിരിക്കുന്നത് സഭ അനുശാസിക്കുന്ന ഉപദേശങ്ങൾ അനുസരിച്ച് ജീവിച്ച് ആരാധന ചടങ്ങുകളിൽ പങ്കുചേർന്ന് തന്റെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു , മറ്റു കുറ്റകൃത്യങ്ങളിൽ ഒന്നും ഏർപ്പെടാതെ ജീവിച്ചാൽ ഒരു തികഞ്ഞ ക്രിസ്ത്യാനിയായി എന്നാണ്. എന്നാൽ വചനം പറയുന്നത് അങ്ങനെയല്ല. (മത്തായി 7-21). കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനും അല്ല പിതാവിൻറെ ഇഷ്ടം ചെയ്യുന്നവർ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്.
നിത്യജീവന് അവകാശിയാവുക എന്നത് ഒരു ക്രിസ്ത്യാനിയുടെ പരമപ്രധാനമായ ലക്ഷ്യമായി കണക്കാക്കുന്നു. അതിനായി വചനത്തിൽ പറയുന്ന മാർഗം നിൻറെ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണമനസ്സോടും കൂടെ സ്നേഹിക്കണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്നും ആണ്. ഇതുതന്നെയാണ് ന്യായപ്രമാണകാലഘട്ടത്തിൽ നൽകിയിരുന്ന 10 കൽപ്പനകൾ. അന്ന് ചെയ്യരുത് എന്ന് പറയുന്നു എന്നാൽ ഇന്ന് പ്രവർത്തിയിൽ അതേ ഫലം വരുന്ന രണ്ട് കാര്യങ്ങൾ ചെയ്യാൻ പറയുന്നു എന്നു മാത്രം.

ആദി മുതൽ മാനവരാശിയെ കുറിച്ചുള്ള ദൈവികോദ്ദേശം ഒന്നുതന്നെയായിരുന്നു. ന്യായപ്രമാണ കാലഘട്ടത്തിൽ മറവായിരുന്നത് ക്രിസ്തുവിൽ കൂടി വെളിവായി എന്നേയുള്ളൂ. പുതിയ നിയമം വായിക്കുന്നവർക്ക് പരീക്ഷന്മാരെ കുറിച്ചും ശാസ്ത്രീയമാരെ കുറിച്ചും പ്രതിനായക പരിവേഷമാണ് ഉണ്ടാവുക. എന്നാൽ അവർ ചെയ്ത തെറ്റ് എന്താണ്? ദൈവം കൊടുത്ത പ്രമാണം വളരെ കർക്കശമായി അനുസരിച്ചു എന്നുള്ളതോ. ദൈവം പറഞ്ഞത് ചെയ്യുന്നത് എങ്ങനെ ക്രിസ്തുവിൽ വിമർശിക്കപ്പെട്ടു.

മനുഷ്യത്വം മരവിച്ച് ഭക്തിയുടെ വേഷം ധരിച്ച് കേവലം കർമ്മചാരങ്ങളും ജല്പനങ്ങളും മാത്രമായി അവർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി. വചനത്തിൽ നല്ല ശമര്യക്കാരനെ പറ്റി പറഞ്ഞിരിക്കുന്നത് കാണാൻ കഴിയും (ലൂക്കോസ്: 10:30-36). പുരോഹിതനും ലേവ്യനും കടന്നുപോയ പാതയിൽ തന്നെയാണ് ശമര്യനും വന്നത്. പുരോഹിതനും ലേവ്യനും പ്രമാണമുണ്ട് എന്നാൽ പ്രവർത്തിയില്ല. പുതിയ നിയമ ഇസ്രായേൽ ആയ ക്രിസ്ത്യാനിയിൽ നിന്നും ദൈവം ആഗ്രഹിക്കുന്നത് ഇത് രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയണമെന്നാണ്. പ്രവർത്തിയില്ലാത്ത വിശ്വാസം, ഭക്തി എല്ലാം തന്നെ ദൈവം സ്വാർത്ഥന്‍റെ ജല്പനങ്ങളായി മാത്രമാണ് കാണുന്നത്. വീണ്ടും ജനിച്ചവരായ നാം ക്രിസ്തു എന്ന തലയോളം വളരുവാൻ, ആത്മാവിൻറെ ഫലങ്ങളിൽ തികവുള്ളവരായി മുന്നേറുവാൻ ദൈവകൃപയുണ്ടാകട്ടെ

You might also like
Comments
Loading...