‘ഗജ’ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ആറു മരണം; 76,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചു, വ്യാപക നാശം
ചെന്നൈക്ക് 740 കിലോ മീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദം ഗജ ചുഴലിക്കാറ്റായി തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് നാശം വിതച്ചതിന് പിറകെ വിവിധ സംഭവങ്ങളിൽ ഇതുവരെ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ നല്കുന്ന വിവരം. കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ച കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാളും വിരുതാചലത്ത് മതില് ഇടിഞ്ഞുവീണ് സ്ത്രീയും മരിച്ചതോടെയാണ് മരണ സംഖ്യ ആറിലെത്തിയത്.
ഇന്നലെ രാത്രിമുതൽ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി ബാധിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. ചുഴലിക്കാറ്റ് ശക്തമായതോടെ പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചുഴലിക്കാറ്റ് തീരത്ത് കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ തീരദേശ ജി്ല്ലകളായ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നും മൂവായിരത്തോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മുന്നൂറിലേറെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയാണ് അര ലക്ഷത്തിലധികം പേരം മാറ്റിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനും ജില്ലാ ഭരണകൂടങ്ങള്‍ നടപടി തുടങ്ങിയിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ വന്‍ ക്രമീകരണങ്ങളാണ് ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 1077- ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തമിഴ്നാട്ടിലാകെ 35,000 രക്ഷാപ്രവര്‍ത്തകരും തയ്യാറായിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ മാത്രമായി 28 ഷെല്‍ട്ടറുകള്‍, 14 മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍, 191 കമ്യൂണിറ്റി സെന്ററുകള്‍, 219 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, 10 സര്‍ക്കാര്‍ ജനറല്‍ ആശുപത്രികള്‍, 13 മെഡിക്കല്‍ സംഘങ്ങള്‍, 41 ആംബുലന്‍സുകള്‍ എന്നിവയാണ് അടിന്തിര സാഹചര്യം മുന്നില്‍ കണ്ട് ഒരുക്കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. ചുഴലിക്കാറ്റ് ദുരിതത്തെ തുടർന്ന് രാമനാഥപുരം, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല, തിരുവാരൂർ കേന്ദ്ര സർവകലാശാല, ചിദംബരം അണ്ണാമലൈ സർവകാശാല, തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലകൾ എന്നിവ നടത്താനിരുന്ന പരീക്ഷകളും, സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷകളും മാറ്റി.
അതേസമയം, ഗജ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.