എന്റെ നാട്ടിലെ മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവം – പാസ്റ്റർ കെ ടി ചാക്കോ എന്ന തങ്കച്ചൻ പാസ്റ്റർ

0 837

ഞാൻ ജനിച്ചു വളർന്നുവന്ന എന്റെ നാട്ടിലെ ചില മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചിലരുടെ കഴിഞ്ഞുപോയ ജീവിതത്തിന്റെ ബാക്കിവെച്ച ചില ഓർമ്മകളെ, എന്റെ വളരെ കുറഞ്ഞ അറിവിലും ഓർമ്മയിലും അവശേഷിക്കുന്നത് ഇവിടെ കുറിക്കുകയാണ്.
.
പരേതനായ പാസ്റ്റർ സി.സ് മാത്യു കരിയംപ്ലാവ് ആസ്ഥാനമാക്കി തുടങ്ങിവെച്ച wme എന്ന ബൃഹത്തായ ക്രൈസ്തവ നവോദ്ധാന പ്രസ്ഥാനത്തിന്റെ സുവിശേഷ പ്രവർത്തനത്തിൽ വാപൃതരായ സീനിയർ പാസ്റ്റർമാരിൽ ഒരാൾ ആയിരുന്നു പാസ്റ്റർ കെ ടി ചാക്കോ എന്ന തങ്കച്ചൻ പാസ്റ്റർ. ഈ ദൈവദാസൻ റാന്നിയിലും, റാന്നിയുടെ പരിസരപ്രദേശങ്ങളിലും, വിശേഷാൽ അങ്ങാടി, കൊറ്റനാട്‌ പഞ്ചായത്തു പ്രദേശങ്ങളിൽ വളരെ സുപരിചിതനായിരുന്നു. ശാരീരിക വലുപ്പത്തിലും, ഉയരത്തിലും അല്പം തലയെടുപ്പോടെ കാണപ്പെട്ടിരുന്ന വെക്തിയെങ്കിലും, തന്റെ തികഞ്ഞ ലാളിത്യവും, സ്‌നേഹനിർഭരമായ പുഞ്ചിരിയോടുള്ള ഇടപെടലുകൾ കൊണ്ടും തന്നെ, തന്നോട് ഇടപെടുന്ന ഏവർക്കും അദ്ദേഹം വളരെ പ്രിയനായിരുന്നു.

മുട്ടിനു താഴെവരെ എത്തി നിൽക്കുന്ന വെളുത്ത ജൂബയും, കൈയിൽ വേദപുസ്തകം അടങ്ങുന്ന കറുത്ത ബാഗും, വളഞ്ഞ പിടിയുള്ള കുടയും പിടിച്ചുള്ള തന്റെ വരവിൽ തന്നെ ഒരു പാസ്റ്റർ എന്നുള്ള വ്യക്തിത്വം, ആ, ആൾരൂപത്തിൽ നിറഞ്ഞു നിന്നിരുന്നു. വ്യക്തി വിവരങ്ങൾ ചുരുക്കമായി കുറിക്കുന്നു. ജനനം 9 /4 /1934 ൽ തീയാടിക്കൽ ഉള്ള വലിയകുന്നം. ഏഴാം ക്ലാസ് വിദ്യാഭ്യാസം. (ആ കാലത്തു ഹൈസ്കൂൾതല പഠനം അവിടെവരെയാണ്) തുടർന്ന് 1956 ൽ ബൈബിൾ സ്കൂൾ പഠനത്തിനായി കടന്നുപോയി. 1957 ൽ വിവാഹിതനായി. ഭാര്യ സഹോദരി അന്നമ്മ ചാക്കോ. തന്റെ ശിശ്രൂഷയുടെ വലംകൈയ്യായി തന്നോടൊപ്പം പോരാടിയ വ്യക്തിയാണ്. പതിമൂന്നിൽ അധികം സ്ഥലങ്ങളിൽ ഫെയ്‌ത്ഹോമുകളിൽ താമസിച്ചു 57 വർഷങ്ങൾ സഭാ ശിശ്രൂഷകനായി കർത്താവിനെ സേവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഏഴു മക്കളെ ദാനമായി കർത്താവ് നൽകി. അഞ്ചു പെൺമക്കളും രണ്ടു ആണ്മക്കളും. മൂത്തമകൻ മാത്യുക്കുട്ടി (പാസ്റ്റർ കെ. സി. മാത്യു) ഇരുപത്തിരണ്ടു വർഷങ്ങൾ വടക്കേ ഇന്ത്യയിൽ കർത്താവിന്റെ വേലയിൽ തുടർന്ന ശഷം ഇന്ന് രോഗത്താൽ ബലഹീനനായി കിടക്കയിൽ വിശ്രമിക്കുന്നു.
തങ്കച്ചൻ പാസ്റ്റർ എന്ന കർത്തൃദാസൻ ദേശത്തു പാർത്തു വിശ്വസ്തയോട് കർത്താവിനുവേണ്ടി എരിവുള്ളവനായി നിലകൊണ്ടത് ദേശത്തിനു സാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു. wme എന്ന പ്രസ്ഥാനത്തിൽ സഭക്ക് പുറത്തു ഇത്രയേറെ ആദരവ് ലഭിച്ച ദൈവദാസന്മാർ വേറെ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.

1977 ൽ കടവുപുഴയിൽ താൻ താമസമാക്കി പ്രവർത്തനത്തിൽ മുഴുകി വന്നുകൊണ്ടിരുന്നു. 1998 ൽ മണ്ണാറത്തറയിലുള്ള wme ചർച്ചിനോട് ചേർന്നു ചെറിയൊരു വീട് വച്ച് താമസം ആക്കി പ്രവർത്തനം തുടർന്നു കൊണ്ടിരുന്നു. എന്റെ ചെറുപ്പം മുതൽ തന്നെ കണ്ടു വളർന്ന എന്റെ അനുഭവത്തിൽ മറ്റുള്ളവരെ ബഹുമാനിക്കയും സ്നേഹികയും ചെയ്തു, താൻ നേടിയെടുത്ത ആദരവ് അത് വാക്കുകൾക്കു അതീതമാണ്. മറ്റുള്ളവരോട് കോപിച്ചു സംസാരിച്ചു ഞാൻ ആ മുഖം ഓർക്കുന്നില്ല. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയും പേരുപറഞ്ഞു വിളിച്ചു, വഴിയിൽ കണ്ടാൽ അൽപനേരം കുശാലാന്വഷണം നടത്താതെ ആ കർതൃദാസൻ കടന്നു പോയിട്ടില്ല. അനേക കാര്യങ്ങൾ എന്റെ ഓർമയിൽ ഓടി എത്തുന്നു. വിസ്താര ഭയത്താൽ ചുരുക്കം വരികളുടെ എഴുതി അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. മണ്ണാറത്തറയിലെ വേർപെട്ട ദൈവജനങ്ങളുടെ ഇടയിൽ വളരെ ബഹുമാനിക്കപ്പെട്ട വെക്തി ആയിരുന്നു എന്നത് വീണ്ടും എടുത്തു പറയേണ്ടിയിരിക്കുന്നു. ഏത് സാഹചര്യത്തിലും ഭവനങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുന്ന തന്റെ ശൈലി അനേകർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. പ്രാർത്ഥനക്കായി തന്റെ കരങ്ങളെ ഉയർത്തുമ്പോൾ ലഭിക്കുന്ന ആത്മീക അനുഭൂതി അത് ആവശ്യത്തിനുള്ള മറുപടി ലഭിച്ചുകഴിഞ്ഞുവെന്നു ഉറപ്പിക്കുന്ന പ്രാർത്ഥനകൾ! പ്രാർത്ഥനക്കു ശേഷം തന്റെ കണ്ണുനീർ കൈതൂവാലയിൽ തൂത്തുമാറ്റുമ്പോൾ പ്രാർത്ഥന വിഷയത്തിലെ ദുഃഖം തൂത്തെറിയുന്ന ആത്മീക സംതൃപ്തി അനുഭവിച്ചറിഞ്ഞത് ഇന്നും ഓർക്കുന്നു. എന്നോടുള്ള വ്യക്തിപരമായ സ്നേഹം അപാരം ആയിരുന്നു. സജിമോനെ എന്ന വിളി ഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട്. ഞാൻ നാട് വിട്ടകാലമൊക്കെയും നിരന്തരം കത്തുകളിലൂടെ ബന്ധം നിലനിർത്തിയിരുന്നു. തന്റെ ജീവിതത്തിലെ കൊച്ചുകാര്യങ്ങൾ പോലും എന്നോട് പങ്കിടുവാൻ മനസുകാട്ടിയിട്ടുള്ളതും, പിതൃതുല്യനായി കരുതുകയും, സ്നേഹികയും ചെയ്തിട്ടുള്ളത് ഞാൻ ഇവിടെ സ്മരിക്കുന്നു.

വ്യക്തിപരമായ പ്രാർത്ഥന വിഷയങ്ങൾ ഞാൻ പലപ്പോഴും ടെലിഫോണിലൂടെ അറിയിക്കുമ്പോൾ അന്നുമുതൽ ആ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥികയും അതിനു മറുപടി ലഭിക്കുമ്പോൾ പറഞ്ഞു, ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയായിട്ടുള്ളതും ഞാൻ ഓർക്കുന്നു. എന്റെ ഭവനത്തിന്റെ പണിയോടുള്ള ബന്ധത്തിൽ നിരന്തരം പ്രാർത്ഥികയും 2012 ജൂലൈ മാസം ആ ഭവനത്തിന്റെ സ്തോത്ര ശിശ്രൂഷയിൽ ആശംസ പ്രസംഗം നടത്തിയതും എന്റെ മനസ്സിൽ നിറഞ്ഞു നില്കുന്നു. (ഇതോടൊപ്പം അന്ന് എടുത്ത ഫോട്ടോ ചേർക്കുന്നു).
മണ്ണാറത്തറയിലെ ബ്രെത്റൻ സഭയോട് ഇത്ര ചേർന്നുനിന്ന ഒരു പാസ്റ്റർ എടുത്തുപറയാൻ വേറെ ഇല്ല. എല്ലാ കൺവെൻഷനിലും പ്രസംഗത്തിന് മുമ്പുള്ള ഒരു പ്രാർത്ഥന അദ്ദേഹത്തിനുള്ളതായിരുന്നു. മണ്ണാറത്തറ സഭയുടെ കുടുംബ സംഗമത്തിൽ മുടങ്ങാതെ പങ്കെടുത്ത ആത്മീക ബന്ധമാണ് താൻ പുലർത്തിയിരുന്നത്.
കഷ്ടതയും വേദനകളും തനിക്കു ധാരാളം നേരിട്ടിട്ടുണ്ട്. പട്ടിണിയുടെയും ഒറ്റപെടലുകളുടെ ദിവസങ്ങളും തനിക്കു അന്യം അല്ലായിരുന്നു.
1969 ൽ തന്റെ ഒരു കുഞ്ഞു മരിച്ചു, അടുത്ത് വിശ്വാസ ഭവനങ്ങളുടെ കുറവ് കാരണം താൻ തന്നെ കുഴിയെടുത്തു ആ കുഞ്ഞിനെ സംസ്കാരം നടത്തിയ അനുഭവം. തനിക്കു ഹൃദയ സംബദ്ധമായ അസുഖത്താൽ ഭാരപ്പെടുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിന് പേസ്‌മേക്കർ ആവശ്യമായി വന്നിരുന്നു. മാറ്റിവയ്ക്കുവാനായി പൈസ ഇല്ലാതെ ദുഖത്തോടെ, അല്ല അതിലേറെ പ്രത്യാശയോടെ താൻ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവം ഒരു സഹോദരന്റെ മനസ്സിൽ തികച്ചും അത്ഭുതകരമായി പ്രേരണ നൽകി അതിനുള്ള മുഴുവൻ പണവും നൽകിയതായി കർത്തൃദാസനിൽ നിന്നും കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രാർത്ഥനയുടെ അപാരമായ ശക്തിയെ വെളിപ്പെടുത്തിയ ജീവിതം ആയിരുന്നു താൻ നയിച്ചിരുന്നത്. തീഷ്ണമായ ആത്മീക ഉത്സാഹം രോഗത്തിലും, ക്ഷീണത്തിലും തളരാതെ മുന്നേറുവാൻ തനിക്കു ബലം നൽകിക്കൊണ്ടിരുന്നു.

വലിയ പ്രത്യാശ നിറഞ്ഞ ഒരു ക്രിസ്തീയ ജീവിതത്തിന്റെ ഉടമ ആയിരുന്നു താൻ. എന്റെ പിതാവിന്റെ സഹോദരന്റെ സംസ്കാര ശിശ്രൂഷയിൽ കർതൃദാസൻ വായിച്ചു ആശ്വാസവാക്കുകൾ പറഞ്ഞ വാക്യം ഞാൻ ഓർക്കുന്നു. സദൃശവാക്യങ്ങൾ 14:32 ‘നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്’! അതെ തന്റെ ധന്യമായ കൃസ്തീയ ജീവിതത്തിലും അത് എത്രയോ അന്വർത്ഥം ആയിരിക്കുന്നു.. പ്രത്യാശയുടെ തീരത്തു കാണും വരെ, നീതിമാന്റെ ഓർമ്മകൾ അനുഗ്രഹമായി നിലനിൽക്കട്ടെ!

Advertisement

You might also like
Comments
Loading...