ഒരു സന്ധ്യയുടെ സ്പർശനം | ജോൺഎൽസദായ്

0 676

മലഞ്ചെരുവിന്റെ മടക്കുകളിൽ വെളിച്ചം കുറഞ്ഞുവന്നു. യാക്കോബ് ആടുകളെ തെളിയിച്ചുകൊണ്ട് കുന്നുകൾ ഇറങ്ങി.

അധികം അകലെയല്ലാതെ റാഹേലും ലേയയും മറ്റൊരു കോലാട്ടിൻ കൂട്ടവുമായി ഭർത്താവിൻ്റെ വരവും കാത്ത് കോതമ്പു വയലുകൾക്കപ്പുറമുള്ള തൊടിയിൽ നിന്നു. ഇടവഴികൾക്ക് അപ്പുറമുള്ള കൂടാരങ്ങളുടെ നടുമുറ്റത്ത് കരുവേലകത്തിന്റെ ചില്ലകൾ വെട്ടി ആഴികൂട്ടുന്നു.

Download ShalomBeats Radio 

Android App  | IOS App 

രാത്രിയിൽ മൂടൽമഞ്ഞ് വീഴുമ്പോൾ ആ വിറകുകൾ കത്തിച്ച് അതിന് ചുറ്റും ഇരുന്ന് തീ കായുന്ന ദേശാന്തരികളായ ഇടയന്മാർ കൈയുയർത്തി യാക്കോബിനെ വന്ദനം ചെയ്തു. ആടുകളും കൂടാരവും കുടുംബവും പച്ചപിടിച്ച ദേശവും പിന്നെ കുറെ നാടോടി പാട്ടും പാതിരാക്കുളിർ മാറ്റുവാൻ ലഹരി മാറാത്ത വീഞ്ഞും, കള്ളന്മാരെ ഭയന്ന് ഉറങ്ങാത്ത രാത്രികളും കൊണ്ട് ജീവിതം തൃപ്തിപ്പെടുന്ന പരദേശികളായ ഈ ആട്ടിടയര്‍ ആരുടെ സേവകരാണ് ? യാക്കോബ് ഒരു നിമിഷം ചിന്തിച്ചു. ഇവർ എവിടേക്ക് പോകുന്നു? അസ്തമയ സൂര്യൻ അന്ത്യയാത്ര പറയും മുമ്പ് യാക്കോബ് കൂടാരങ്ങളിൽ എത്തിച്ചേർന്നു.

കൂടാരങ്ങളിൽ കറുത്ത ഇരുട്ടുകട്ടകൾ വന്നു വീണു തുടങ്ങി. തെക്കേ മലമുകളിൽ നിന്നും ഊറിയെത്തുന്ന ശരത്കാല കുളിർകാറ്റ് എരിയുന്ന അഗ്നിനാളങ്ങളെ ഉലച്ചു. ദൂരെ അവിടെവിടെയായി കാണുന്ന ആഴിക്കൂട്ടങ്ങൾ കണ്ടതോടെ യാക്കോബിന്റെ ഓർമ്മകൾ ഹെബ്രോനിലേക്ക് പാഞ്ഞു. ബാല്യകാലങ്ങളിലെ ശരത്ക്കാല സന്ധ്യകൾ ഉള്ളത്തിൽ ഉയർത്തെഴുന്നേറ്റു നിന്നു. കനാനിലെ സായംകാലങ്ങൾ ഉണർത്തുന്ന സ്മരണകളിൽ മനസ്സ് ആരെയൊക്കെയോ തേടി നടക്കുന്നു. നീണ്ട വെള്ളത്താടിയും നീട്ടിയ മുടിയും മുഖത്ത് ഭക്തിയുമായി മുട്ടുകുത്തി നിൽക്കുന്ന ആ വൃദ്ധന്റെ പുറകിൽ പിതാവിന്റെ കുപ്പായം പിടിച്ചുകൊണ്ട് മുമ്പിലെ എരിയുന്ന യാഗാഗ്നി കളിൽ നിന്നും ഉയരുന്ന ചുവന്ന പ്രകാശത്തിൽ പരാശക്തിയുടെ രൂപം അന്വേഷിക്കുന്ന ആ കൊച്ചു ബാലൻ. കണ്ണുകൾ പൂട്ടി ആരാധിക്കുന്ന പിതാവിനെ നോക്കി. നമസ്കാരം വിട്ട് എഴുന്നേറ്റ വല്യപ്പൻ കൊച്ചു മകൻറെ നെറുകയിൽ ചുംബിച്ചു ചോദിച്ചു. “നീ എന്ത് കണ്ടു?”

“ഞാൻ ഒന്നും കണ്ടില്ല വല്യപ്പാ ” . നിഷ്കളങ്കമായിരുന്നു മറുപടി.

കൊച്ചുമകനെ കരം പിടിച്ചു കൂടാരത്തിലേക്ക് നടത്തുമ്പോൾ അബ്രഹാം പിതാവ് ഇങ്ങനെ പ്രതിവചിച്ചു അഗ്നിക്കുള്ളിൽ ദൈവീക തേജസ് വ്യാപരിക്കുന്നത് കാണണം.

യാക്കോബ് തിരിഞ്ഞ് യാഗപീഠത്തിലേക്ക് നോക്കി.

കനലുകൾ എരിഞ്ഞ മരുന്നു. എരിഞ്ഞടങ്ങുന്ന വിറകുകൾക്കുള്ളിൽ വെന്തെരിയുന്ന യാഗമൃഗത്തിന്റെ മാംസം പരത്തുന്ന ധൂപവാസന വഹിച്ചുകൊണ്ട് പുക ഉയരങ്ങളിലേക്ക് പോകുന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ണ് ചിമ്മി.

കൂടാരങ്ങളുടെ വാതിൽ അടഞ്ഞു

ജോൺഎൽസദായ്

You might also like
Comments
Loading...