ഇനിയും മരിക്കാത്ത അനുജിത്തിൻ്റെ നന്മകൾ ! | ബ്ലസിൻ ജോൺ മലയിൽ

0 578

നാട്ടിലെ നന്മമരങ്ങളും പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളും അവയവം ഉൾപ്പെടെയുള്ള വിവിധ മാഫിയകളും ചേർന്ന് കുരുതിക്കളമാക്കുകയാണോ കേരളം…?

വൃക്ക തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സോഷ്യൽമീഡിയ ഉയർത്തുന്ന ആശങ്കയിൽ കാര്യമുണ്ടെന്ന നിലയിൽ പ്രമുഖമാധ്യമങ്ങളും പ്രതികരിച്ചു തുടങ്ങിയതോടെ അന്വേഷണ സംഘം ആ വഴിക്ക് സജീവമാകേണ്ടതിൻ്റെ ആവശ്യകതയാണ് ഇപ്പോൾ ബോധ്യമാവുന്നത്….!

ഇതിനിടയിലാണ് ബൈക്ക് ആക്സിഡണ്ടിൽ മസ്തിഷ്ക മരണമടഞ്ഞ ഇരുപത്തിയേഴുകാരനായ അനുജിത്ത് ഇന്ന് മലയാളികളുടെ മനം കവർന്നത്….!

പത്ത് വർഷങ്ങൾക്ക് മുമ്പ് ഉണ്ടാകാവുന്ന ഒരു ട്രെയിൻ ആക്സിഡണ്ടിന് വിരാമമിട്ട് നൂറുകണക്കിനാളുകളെ മരണത്തിൽ നിന്നും ജീവൻ്റെ ട്രാക്കിലേക്ക് കൈപിടിച്ച് കയറ്റിയയാളാണിതെന്നത് മലയാളത്തെ ഏറെ ചിന്തിപ്പിക്കുന്നു…!

ഒടുവിൽ സ്വന്തം ഹൃദയവും വ്യക്കകളും കണ്ണുകളും ചെറുകുടലും കൈകളുമെല്ലാം ദാനം നൽകി അയാൾ ഈ ലോകത്തോട് യാത്ര പറയുമ്പോൾ ഏത് മലയാളിയുടെ ഹൃദയമാണ് നോവാത്തത്…?

സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന അനുജത്തിൻ്റെ മൂന്നു വയസുള്ള കുട്ടി എഡ്വിൻ… ഭാര്യ പ്രിൻസി…!

ആ കുടുംബത്തിൻ്റെ മൂന്നാട്ടുള്ള യാത്രയിൽ ഈശ്വരകടാക്ഷം ഉണ്ടാകാനായി നമുക്കും മനസു തുറന്ന് പ്രാർത്ഥിക്കാം…!

സർക്കാർ ഹെലികോപ്റ്ററായ പവൻഹാൻസ് ഇക്കുറി തിരുവനന്തപുരത്ത് നിന്നും കൊച്ചി ലിസി ഹോസ്പിറ്റലിലേക്ക് പറന്നിറങ്ങിയത് അമ്പത്തഞ്ചുവയുള്ള സണ്ണി തോമസിന് ജീവൻ്റെ പുത്തൻ പ്രതീക്ഷ പകരാനായിരുന്നു….!

മൃതസഞ്ജീവനി പദ്ധതി വഴി കഴിഞ്ഞ എട്ടുമാസമായി പേര് രജിസ്ടർ ചെയ്ത് ഹൃദയത്തിനായി കാത്തിരുന്ന വ്യക്തിയാണല്ലോ സണ്ണി തോമസ്…!

ഇന്നലെ മുതൽ അനുജിത്തിൻ്റെ ഹൃദയം സണ്ണി തോമസിൽ മിടിച്ചുതുടങ്ങിയതോടെ അനുജിത്തിൻ്റെ നന്മകൾ ഈ ലോകത്ത് തുടരുകയാണ്….!

ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്നത് മൂലം പ്രതിവർഷം അഞ്ചുലക്ഷം പേരാണ് രാജ്യത്ത് മരിക്കുന്നത്…!

മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു വ്യക്തിക്ക് കുറഞ്ഞത് എട്ടു പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാകുമെന്നാണ് അനുജിത്തിൻ്റെ സംഭവം തെളിയിക്കുന്നത്….!

മാറ്റിവെക്കാന്‍ അവയവം ലഭിക്കാത്തതിനാല്‍ ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതം ഈ ഭൂമിയില്‍ നിന്നും വിട പറയുന്നുവെന്നാണ് വൈദ്യശാസ്ത്രത്തിൻ്റെ കണക്ക്…!

ഇന്ത്യയിൽ പ്രതിവര്‍ഷം ഏകദേശം അയ്യായിരം വൃക്കകളും നാനൂറ് കരളുകളും കൈമാറ്റം ചെയ്യുന്നുണ്ട്; ഇതിലേറെയും ഉറ്റ ബന്ധുക്കൾ തമ്മിലാണ്…!

പ്രായം, വർണം, ലിംഗം എന്നിവ കണക്കിലെടുക്കാതെ ആർക്കും അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാമെന്നാണ് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നത്…!

മരണശേഷം നാലുമുതൽ അഞ്ചുമണിക്കൂറിനുള്ളിൽ കണ്ണും ഏറ്റവും കൂടിയാൽ ഇരുപത്തിനാലു മണിക്കൂറിനകം ചർമവും ദാനം ചെയ്യണം…!

അപകടത്തെ തുടർന്നോ അസുഖംമൂലമോ കാഴ്ച നശിച്ച രോഗികളിൽ നേത്രപടലം മാറ്റിവെച്ച് കാഴ്ച നൽകുന്നതിനാണ് നേത്രദാനം സഹായിക്കുന്നത്; പൊള്ളലേറ്റവരിൽ ചർമവും കൈമാറ്റം ചെയ്യാം…!

ആശുപത്രിയിൽ മരിച്ചവരുടെയും വെന്റിലേറ്ററിൽ ആയിരിക്കുമ്പോൾ മരിച്ചവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നവരുടെയും അവയവങ്ങളാണ് ദാനം ചെയ്യാനാവുന്നത്…!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വൈദ്യശാസ്ത്രത്തിനൊപ്പം മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വെച്ചാൽ മാത്രമേ അവയവം മാറ്റിവയ്ക്കാനാവുകയുള്ളൂ….!

ഇവിടെയാണ് അനുജിത്തിൻ്റെയും ഭാര്യ പ്രിൻസിയുടെയും സഹോദരി അജല്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മഹത്വം വെളിപ്പെടുന്നത്…!

Advertisement

You might also like
Comments
Loading...
error: Content is protected !!