ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു

0 403

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുന്നതിനാണിത്. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് ഇപ്പോൾ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും.

സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മോട്ടോർ വാഹനവകുപ്പിലും ആധാർ നിർബന്ധമാക്കാൻ നിർദേശിച്ചത്. ലേണേഴ്സ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനുമാണ് ആദ്യഘട്ടത്തിൽ ആധാർ നിർബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിർപ്പില്ലാരേഖ എന്നിവയ്ക്കും ആധാർ വേണ്ടിവരും. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാണ്. ഇതിൽ ക്രമക്കേടിന് സാധ്യത കൂടുതലാണ്. ആധാർ വിവരങ്ങൾ വാഹന രജിസ്ട്രേഷനുള്ള വാഹൻ-സാരഥി വെബ്സൈറ്റിനും പങ്കിടും.

You might also like
Comments
Loading...