ഭാവന | തുട്ടുനാണയമിട്ട വിധവ | ഷൈജു ഐസക്ക് അലക്സ്

0 818

സ്റ്റീലിൻ്റെ സോത്രകാഴ്ച പാത്രത്തിൽ വീണ ചിൽ ശബ്ദം പലരുടെയും ഏറു കണ്ണ് മേരി സഹോദരിയുടെ മേൽ തന്നെ വന്നു പതിച്ചു. ഉപദേശി ആവിശ്യമില്ലാതെ ഉറക്കെ പറഞ്ഞ സ്തോത്രം പലർക്കും മനസ്സിലായി. എന്തിനും എപ്പോഴും കാശു ചിലവഴിക്കുന്ന തോമസ്സു ചേട്ടനു താൻ പറയണ്ട സ്ത്രോത്രം ഉപദേശി പറഞ്ഞു എന്നു തോന്നിപ്പിച്ചു.

പിന്നല്ലാതെ ഈ കാലത്ത് ആരെങ്കിലും തുട്ടു നാണയം സോത്രകാഴ്ചയിടുമോ. കൊടുത്താലെല്ലാ തിരിച്ചു കിട്ടത്തൊള്ളു. ചുമ്മാതല്ല അവരുടെ ദാരിദ്രം മാറാത്തത്. തോമസ്സു ചേട്ടൻ തന്നോടു തന്നെ ഹും എന്ന് ചെറുതായൊന്നു മൂളി മുഖം പുച്ഛിച്ചു വിയോജിപ്പ് സമർപ്പിച്ചു.

സഭ പിരിഞ്ഞു പോകുന്പോൾ മേരിയുടെ മുഖം മ്ലാനമായിരുന്നു. തൻ്റെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ കൈക്കു പിടിച്ച് അവർ വെളിയിലേക്കു നടന്നിറങ്ങി.

മകൻ കൈയ്യിൽ ഞെരുപിരികൊള്ളുന്നു. തൻ്റെ പ്രായമുള്ള ചെറു കൂട്ടുകാർ പിരിഞ്ഞ സഭയുടെ താളം തെറ്റി നിൽക്കുന്ന ആളുകൾക്കിടിയിലൂടെ ഓടിയും കയ്യിൽ പിടിച്ചുമൊക്കെ കളിക്കുന്നു.

വേണ്ട.. നിനക്കു നല്ല തല്ലു വച്ചുതരും കേട്ടോ.. അമ്മേടെ കൂടെ വന്നോണം.. അടക്കിപറഞ്ഞ് അവർ മകനെ വലിച്ചുകൊണ്ട് പോയി.

ഒരു വിധവയുടെ മകന് സമൂഹമധ്യേ മതിപ്പു പോരാ. സാന്പത്തീകമുള്ള സ്റ്റീഫൻ ചേട്ടൻ്റെ മകനും ഇതേ പ്രായമാണ്. കഴിഞ്ഞ ആഴ്ച സേവികാ സംഘത്തിൻ്റെ നേതൃത്വം വഹിക്കുന്ന ലിസ്സി സഹോദരി മേരിയുടെ മകനെ എല്ലാവരുടെയും മുന്നിലിട്ട് കണക്കിനു ശാസ്സിച്ചു. അമ്മക്കു വളർത്താൻ അറിയില്ല വീട്ടിൽ വക്കേണ്ടത് സഭയിൽ കൊണ്ടുവരരുത്.. അങ്ങനെ തുടങ്ങി പരുഷമായി പറഞ്ഞു.

സംഭവം ഇങ്ങനെയാണ്..

സ്റ്റീഫൻ്റെ മകൻ ജെഫ്രിയും മേരിസഹോദരിയുടെ മകൻ റോണിയും ഓടി കളിച്ചു കൊണ്ടിരിക്കെ പ്ലാസ്റ്റിക്കു കസേറയിലിരുന്ന ബൈബിളുകൾ എല്ലാം തെറിച്ചു താഴെ വീണു. രണ്ടു പേരും കസേരയിൽ പിടിച്ചു വട്ടം കറങ്ങി കളിക്കുന്പോൾ സ്റ്റീഫൻ്റെ മകൻ്റെ കാലു തട്ടിയാണ് കസേര ചരിഞ്ഞത്.
ഉണ്ടായ തെറ്റുകളുടെ ഭാരം പേറുവാൻ വിധവയുടെ മകൻ മുൻപേ നിയമിക്കപ്പെട്ടവനാണ്. ആ പതിവ് ആവർത്തിക്കപ്പെട്ടു. പലപ്പോഴും ചെറു സഹായങ്ങൾ പലരുടെ കൈകളിൽ നിന്നും വീണു കിട്ടാറുള്ളതുകൊണ്ട് മേരി ആരോടും കമാന്നൊരക്ഷരം മിണ്ടാറില്ല.

താനും തൻ്റെ മകനും വാടകക്കു താമസ്സിക്കുന്നത് മൂന്നാം നിലയുടെ മുകളിലെ ചെറുമുറിക്കുള്ളിലാണ്. ഒരു ഹരിയാനക്കാരി തടിച്ചി സ്ത്രീയാണ് ഉടമ. താഴത്തെ നില മുഴുവൻ അവരുടെ വീടാക്കി നിർത്തിയിട്ട് മുകളിലേക്കുള്ള മൂന്നു നിലയും വാടകക്ക് പലർക്കായ് പകുത്തു നൽകിയിരിക്കുകയാണ്.

അവരൽപം കടുപ്പക്കാരിയാണെങ്കിലും മുപ്പത്തിമൂന്നു വയസ്സുള്ള തനിക്കും തൻ്റെ മകനും സുരക്ഷിതത്വമുണ്ട്. മാത്രമല്ല മറ്റു വാടകക്കാരോടില്ലാത്ത ഒരു കരുതലും അവരിവൾക്കു നൽകാറുണ്ട്. തുർച്ചയായി മൂന്നു വർഷത്തിനിടയിൽ രണ്ടു മാസത്തെ വാടക കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ സരമില്ല നീ ഒരു ജോലി കണ്ടെത്ത് എന്നു മാത്രമെ അവരു പറഞ്ഞുള്ളു.

കഠിനമായ തൻ്റെ ജീവിത ഭാരത്തിലും അവൾ പ്രത്യാശ കൈവിടാതെ ദൈവത്തോടു പ്രർത്ഥിച്ചുകൊണ്ടിരുന്നു.

തുണി ഫാക്ടറിയിലെ ജോലിയിൽനിന്നും കിട്ടുന്ന മിതമായ വരുമാനം പല കടങ്ങൾ തീർക്കാൻ തികയില്ല. എങ്കിലും പലതും തീർക്കാൻ അവൾ ബദ്ധപ്പെടുന്നു.

അവൾക്കു വഹിക്കാൻ കഴിയാത്ത ഭാരവും പേറി വീണ്ടുമൊരു യാമം വന്നു ചേർന്നു.

നിരാശനിറഞ്ഞ രാത്രികളുടെ വിരഹം ഉറങ്ങി കിടക്കുന്ന തൻ്റെ പൊന്നു മകൻ്റെ നെറുകയോടു ചേർന്നു അവൾ കിടന്നു. കണ്ണുനീരുകൾ തലയിണക്കു സുപരിചിതമാണ്.

നിന്ദ്രയുടെ പല നാഴിക നീങ്ങിയപ്പോൾ അവൾ ദൈവപുത്രൻ്റെ ശബ്ദം കേട്ടു.
വിധവെ നീ ഇട്ട തുട്ടു നാണയം മറ്റെല്ലാവരും ഇട്ടതിലും അധികമാണ്. നിൻ്റെ ഇല്ലാഴ്മയിൽ നിന്നും ഇട്ടതിനെ സ്വർഗം വിലമതിക്കുന്നു. നിൻ്റെ കഷ്ടപ്പാടുകൾക്കു മറുപടി നീ നിനക്കുന്നതിലും ഉന്നതമായിരിക്കും…

അവൾക്കേറ്റ അപമാനം അവിടെ അലിഞ്ഞു തീർന്നു. നിരാശ നീങ്ങി ഉണർന്ന മേരി രാത്രിയിൽ തന്നെ പ്രത്യാശയോടെ ദൈവത്തെ പാട്ടു പാടി പ്രാർത്ഥിച്ചു..

മർക്കോസ് 12. 43
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!