ലേഖനം | വിലയേറിയതിനെ വിലയില്ലാത്തതായി കാണുക | റെയ്ച്ചല്‍ സാന്‍സെറ്റ് (ഒഡീഷ)

0 690

വിലയേറിയതിനെ വിലയില്ലാത്തതായി കാണുക

Download ShalomBeats Radio 

Android App  | IOS App 

ഇന്ന് നമുക്കുചുറ്റും കണ്ടുവരുന്ന ഒരു പ്രവണത യാണ് പലതിന്റെയും ഇല്ലാത്ത ഗുണമേന്മകള്‍ എടുത്തു കാട്ടി ഇത് വില കൂടിയത്, മേത്തരമായത് എന്നു വരുത്തിത്തീര്‍ക്കുവാനുള്ള മനുഷ്യന്റെ മത്സരം കലര്‍ന്ന ഒരു ശ്രമം. ഒട്ടും ഗുണകരമല്ലെങ്കില്‍ തന്നെയും ഇല്ലാത്ത മേന്മകള്‍ ഉദ്ധരിച്ച്, അതിനായി പണവും സമയവും വ്യക്തികളെയും തരപ്പെടുത്തി മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠം എന്ന് സമര്‍ത്ഥിക്കുവാനുള്ള ഒരു പാഴ്ശ്രമം. നാം ശരിയായി ചിന്തിച്ചാല്‍ മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും വിലയേറിയതായി കാണേണ്ടതെ ന്തിനെയാണ്? സംശയലേശമെന്യേ നമുക്കു പറയുവാന്‍ കഴിയും, നമ്മുടെ പ്രാണന്‍ തന്നെ. ജീവനെ പിടിച്ചു നിര്‍ത്തുവാന്‍ വേണ്ടി നാം എന്തും പകരം കൊടുക്കു വാന്‍ തയ്യാറാകും, ഇത് നമ്മുടെ അനുഭവമാണ്.
എന്നാല്‍ അപ്പൊസ്തലനായ പൌലോസ് വ്യക്തമാക്കുന്നു: ‘എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല’ (അ.പ്ര. 20:24). എന്താണ് പൌലോസിനെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം? സ്വന്തം ജീവനെ ഒന്നുമല്ലാത്തതായി കാണുക – ഒരു ക്രിസ്തു ശിഷ്യനുണ്ടായിരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ ഗുണവിശേഷം. യേശു പറഞ്ഞു: ‘ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ച് തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കണം’ (ലൂക്കൊ. 9:23), ‘ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും’ (ലൂക്കോ. 9:24) എന്ന്. ‘ജീവനു പകരം ജീവന്‍’, യേശു നമുക്കായ് തന്റെ ജീവനെ തന്നു; പകരം നമ്മുടെ ജീവന്‍ അവനായി കൊടുക്കേണം.
ഇന്നു നാം കണ്ടുവരുന്ന ‘സുവിശേഷ വേല’ എന്നു പേര്‍ പറയുന്ന പ്രവര്‍ത്തനങ്ങളെ നമുക്ക് എങ്ങനെ വിലയിരുത്താം? മുകളില്‍ പ്രസ്താവിക്കപ്പെട്ട വാക്യങ്ങളുമായി അവയ്ക്ക് വല്ല ബന്ധവുമുണ്ടോ? എന്തിനും ഏതിനും അവസരങ്ങളും വ്യക്തികളുടെ, കുടുംബത്തിന്റെ നിലനില്‍പിനാവശ്യമായ സുഖസൗക ര്യങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലുകളുമല്ലേ പലപ്പോഴും നാം കാണുന്നത്.
പൌലോസ് ഇങ്ങനെ പറയണമെങ്കില്‍ തന്റെ ജീവനേക്കാള്‍ വിലയേറിയ, ശ്രേഷ്ഠമായ, മൂല്യമുള്ള എന്തിനെയോ മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ് എന്നത് വ്യക്തമാണ്. താന്‍ ഫിലിപ്പ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു: ‘എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു’ (1:21), ‘എനിക്ക് ലാഭമായിരുന്നത് ഒക്കെ ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നെണ്ണുന്നു’ (3:11), ‘ഞാന്‍ അവന്റെ നിമിത്തം എല്ലാം ചവറ് എന്ന് എണ്ണുന്നു’ (3:11) എന്നെല്ലാം. റോമര്‍ക്ക് താന്‍ എഴുതുന്നു: ‘മരണത്തിനോ, ജീവനോ,… ദൈവസ്‌നേഹത്തില്‍ നിന്നു വേര്‍പിരിക്കുവാന്‍ കഴിയുകയില്ല’ (8:38,39).
ഫിലി.3:4-8 വാക്യങ്ങളില്‍ തന്നെപ്പറ്റിയുള്ള 7 ശ്രേഷ്ഠമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു പല ഭാഗങ്ങളില്‍ നിന്നും അവ നമുക്ക് ഉറപ്പിക്കുവാന്‍ കഴിയും. എന്നാല്‍ തന്റെ എല്ലാ പദവികളുമായി നോക്കുമ്പോള്‍ ഇവയൊന്നും തന്റെ ജീവന് ആധാരമല്ല എന്നു താന്‍ മനസ്സിലാക്കി.
അ.പ്ര.20:23 ല്‍ താന്‍ പറയുന്നു ‘ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു’ എന്ന്; എത്ര പ്രത്യാശയോടു കൂടിയാണ് താന്‍ ഈ വാക്കുകള്‍ പറയുന്നത്! ചങ്ങല ധരിച്ചവനായി പറയുന്നു ‘ഞാന്‍ പ്രാഗത്ഭ്യത്തോടെ വചനം സംസാരിക്കേണ്ടതിനായി പ്രാര്‍ത്ഥിപ്പിന്‍’. ചങ്ങല മാറേണ്ടതിനല്ല താന്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നത്.
ഇയ്യോബിന്റെ പുസ്തകത്തില്‍ സാത്താന്‍ യഹോവയോടു വാദിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു ‘മനുഷ്യന്‍ തന്റെ ജീവനു പകരം തനിക്കുള്ളതാക്കെയും കൊടുത്തുകളയും’ എന്ന്. എന്നാല്‍ ഇവിടെ പൌലോസിനെ നോക്കൂ.
പ്രിയ സ്‌നേഹിതരേ ഒന്നു ചോദിച്ചു കൊള്ളട്ടെ, നമുക്ക് വേണ്ടി ജീവന്‍ വെച്ചുതന്ന യേശുവിനായി നമ്മുടെ സമയത്തിന്റെ, ആരോഗ്യത്തിന്റെ, സമ്പത്തിന്റെ നല്ലൊരു ഭാഗം കൊടുക്കുവാന്‍ നാം തയ്യാറാണോ? ഒന്നുകൂടി പറഞ്ഞാല്‍ നമ്മുടെ ജീവനെ കൊടുക്കുവാന്‍ തയ്യാറാണോ? ദൈവ പ്രസാദം ലഭിക്കുവാന്‍ മറ്റൊന്നും അതിനു പകരമാവില്ല. ഏറ്റവും വിലയേറിയത് കര്‍ത്താവിന് … ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

You might also like
Comments
Loading...