എഡിറ്റോറിയൽ | കൈകൾ കഴുകാം, ലോകത്തെ രക്ഷിക്കാം | സാം കെ. ജോൺ

0 2,047

ഒക്ടോബർ-15: ലോക കൈ കഴുകൽ ദിനം


കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 – നു ആചരിക്കുന്ന ദിനമാണ് ലോക കൈകഴുകൽ ദിനം. 2008 ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 23 വരെ സ്‌റ്റോക്‌ഹോമില്‍ നടന്ന ലോക ജലവാരത്തിലാണ് കൈ കഴുകുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്ന തീരുമാനം ഉണ്ടാകുന്നത്. 2008 – ൽ സുപ്രസിദ്ധ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

Download ShalomBeats Radio 

Android App  | IOS App 

നമ്മളെല്ലാവരും കൈ കഴുകാറുണ്ട് എന്നത് നേര് തന്നെയാണ്. ആഹാരം കഴിക്കുമ്പോഴും കഴിച്ച ശേഷവും. എന്നാല്‍ എത്രത്തോളം ഫലപ്രദമായാണ് നമ്മള്‍ കൈ കഴുകുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കൈ കഴുകാത്തതിലൂടെയും വേണ്ട വിധത്തിൽ കഴുകാത്തതിലൂടെയും വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഏറ്റവും അധികം രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് കൈകളില്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ശരീരത്തിന് കൈകള്‍ നന്നായി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗ പ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപാധിയാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നത്. ആശുപത്രിയിലും മറ്റിടങ്ങളിലും രോഗിയെ ശുശ്രൂഷിച്ചവരോടു കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്.

ശരിയായ കൈകഴുകൽ രീതി ചുവടെ ചേർക്കുന്നു:
☞ ആദ്യം ഉള്ളം കൈയില്‍ കുറച്ച് വെള്ളവും സോപ്പുമെടുത്ത് പതപ്പിക്കുക.
☞ രണ്ടു പുറംകൈകളും മാറി മാറി തേക്കുക.
☞ പുറം കൈകള്‍ തടവിക്കഴിഞ്ഞ് വിരലുകള്‍ക്കിടയില്‍ നന്നായി തേക്കുക.
☞ അതിനു ശേഷം തള്ള വിരലുകള്‍ തേക്കുക.
☞ നഖങ്ങള്‍ തമ്മില്‍ ഉരയ്ക്കുക.
☞ വിരലുകളുടെ പുറകു വശം നന്നായ് തേച്ചുവെന്ന് ഉറപ്പാക്കുക.
☞ കൈക്കുഴ ഉരയ്ക്കുക.
☞ നന്നായി വെള്ളം ഒഴിച്ച് സോപ്പു പത കഴുകിക്കളയുക
☞ വൃത്തിയുള്ള തുണി കൊണ്ട് കൈ തുടക്കുക.

സോപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, അണു നാശിനി അടങ്ങിയ സോപ്പായിരിക്കണം ഉപയോഗിക്കേണ്ടത്. ഹോട്ടലുകളിലും മറ്റും പലരും ഉപയോഗിച്ച് കഴിഞ്ഞ സോപ്പായിരിക്കും ഉണ്ടാവുക. ഇത് ഉത്തമ ഫലം ചെയ്യുമെന്ന് ഉറപ്പില്ല. കാരണം എല്ലാവരുടെയും കൈ കഴുകുന്നതിലൂടെ ഒരുപാട് അണുക്കള്‍ അതില്‍ അടിഞ്ഞു കൂടാന്‍ സാധ്യത കൂടുതലാണ്.

എത്ര വട്ടം കൈ കഴുകണം എന്നതിനേക്കാള്‍ ഉപരിയായി എങ്ങനെ കൈ കഴുകി,
ഏതൊക്കെ അവസരങ്ങളിലാണ് കൈ കഴുകേണ്ടത് എന്നതാണ് പ്രധാനം. ടോയ്‌ലറ്റില്‍ കയറിയാലും സോപ്പ് ഉപയോഗിച്ച് കഴുകണം, രോഗികളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴും കൈ കഴുകണം, പുറത്ത് പോയി വരുമ്പോഴും കൈ കഴുകേണ്ടത് അത്യാവശ്യമാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഉപയോഗം…
ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉള്ള ഇടങ്ങളാണ് കമ്പ്യൂട്ടര്‍ കീ ബോര്‍ഡും മൊബൈല്‍ ഫോണും. ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 18 മടങ്ങ് രോഗാണുക്കള്‍ മൊബൈലുകളില്‍ ഉണ്ടാകുമെന്നാണ്. മൗസ്, പേന, പണം തുടങ്ങിയവയിലും ഇത്തരത്തില്‍ അണുക്കള്‍ ധാരാളം പറ്റിപ്പിടിച്ചിട്ടുണ്ടാകും.

ആഹാരസംബന്ധമായി
വീട്ടിലോ ഓഫീസിലോ പുറത്തോ ആണെങ്കിലും അല്ലെങ്കില്‍ യാത്രയ്ക്കിടയിലാണെങ്കിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സോ മറ്റോ വാങ്ങിക്കഴിക്കുമ്പോള്‍ ഒരുപറ്റം അണുക്കളും നമ്മളറിയാതെ ശരീരത്തില്‍ കടക്കുന്നുണ്ടെന്ന് ഓര്‍ക്കുക. കൂടാതെ ഹോട്ടലുകളില്‍ റിസപ്ഷനില്‍ വെച്ചിട്ടുള്ള ജീരകം കൈയിട്ട് കഴിക്കുന്നവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പലരും കൈയിട്ട് എടുത്തതിലൂടെ ഒരുപാട് രോഗാണുക്കള്‍ അതില്‍ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്.

കുട്ടികൾക്ക് പ്രത്യേകം പരിശീലനം
മണ്ണിലും പൊടിയിലും കളിച്ച ശേഷം, ഭക്ഷണത്തിനു മുൻപും പിമ്പും, ടോയ്ലറ്റിൽ പോയതിനു ശേഷം , പുറത്തുപോയി വന്നതിനു ശേഷം, മൂക്കിലും ചെവിയിലും വിരലിട്ടനന്തരം, വളർത്തുമൃഗങ്ങളോടു ഇട പഴകിയ ശേഷം ഇപ്രകാരമുള്ള സന്ദർഭങ്ങളിൽ കൈകൾ സോപ്പിട്ട് കഴുകുവാൻ അവരെ പരിശീലിപ്പിക്കുക. വീട്ടിലെ മുതിർന്നവരെ മാതൃകയാക്കുന്നവരാണ് കുട്ടികൾ, അതിനാൽ നല്ല മാതൃകകൾ അവർക്ക് നൽകുക.

ശുചിത്വം പരമ പ്രധാനം
ഈ കൊറോണക്കാലം ശുചിത്വത്തിന്റെ ആവശ്യകതയെ നമുക്കു വ്യക്തമാക്കിത്തന്നിരിക്കുന്നു. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഇടപാടുകളിൽ ശുചിത്വം, ശുചിത്വമുള്ള സമൂഹം ഇങ്ങനെ പലതിലൂടെ. നമ്മുടെ മനസ്സും ബന്ധങ്ങളും ശുദ്ധവും സ്വച്ഛവുമാക്കുന്നതിലൂടെ നാം നമുക്കു മാത്രമല്ല, സമൂഹത്തിനു തന്നെ നന്മ ചെയ്യുന്നവരും മാതൃകയും ആവുകയാണ്. വ്യക്തിപരമായ ശുചിത്വത്തിന് ഈശ്വരവിശ്വാസവും മികച്ച ആത്മീക മൂല്യങ്ങളും കാരണമാകുന്നു. ശുഭചിന്തകൾ, പ്രാർത്ഥന, ധ്യാനം, നല്ല പുസ്തകങ്ങൾ, ആത്മിക ഗാനങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ അവയ്ക്ക് സഹായകമാണ്.

വരൂ, നമുക്ക് ശുചിത്വം പാലിക്കാം. പരിശുദ്ധി സൂക്ഷിക്കാം. നല്ല ആരോഗ്യമുള്ള, നാളെയെ ശക്തിപ്പെടുത്തുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാം. അതിനായ് ദൈവം നമ്മെ ശക്തരാക്കട്ടെ.

You might also like
Comments
Loading...