എഡിറ്റോറിയൽ | വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ !

0 2,309

വിലാപങ്ങളുടെ വർഷമായിരുന്നു 2020 . വര്ഷം അവസാനിച്ചുവെങ്കിലും വേദനക്കു ശമനം വന്നില്ല .
ഈ വർഷവും അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ഞാൻ ഇതെഴുമ്പോഴും ഉത്തരേന്ത്യയിൽ ആയിരങ്ങൾ മഹാമാരിയുടെ പിടിയിലകപ്പെട്ടു പിടഞ്ഞു മരിക്കുകയാണ് . രക്തബന്ധങ്ങൾക്ക് പോലും മൃതശരീരമൊന്നു കാണാൻ കഴിയാതെ പൊതിഞ്ഞുകെട്ടി മണ്ണിലും തീയിലും മനുഷ്യജീവിതം അവസാനിക്കുന്നു. അനുവാദമില്ലാതെ പ്രവേശിക്കുവാൻ സദാ തുറന്നുകിടന്ന സെമിത്തേരികളും ചുടലക്കടകളും ഒരു ആറടിമണ്ണിന്‌ അവകാശമില്ലാതെ മൃതശരീരങ്ങൾ തങ്ങളുടെ ഊഴവും കാത്തു കവാടത്തിന് പുറത്ത് തടിമഞ്ചലിൽ ഉറങ്ങി കിടക്കുന്നു. ഇത് ഭാരതത്തിന്റെ മാത്രം ശാപമല്ല. ഒട്ടുമിക്ക വികസ്വരരാജ്യങ്ങളുടെയും സ്ഥിതി ഇതത്രെ.

ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് മിഷനറിമാർ കോവിഡ് മുഖാന്തരം ശുശ്രൂഷയിൽ നിന്നും മാറ്റപ്പെട്ടു. രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഭാവനങ്ങളിൽ പോയിവരുന്നവർ തങ്ങളുടെ കുടുംബാംഗങ്ങൾക്കും ഈ രോഗം കൈമാറി . ഇന്ന് സുവിശേഷ ലോകത്ത് വിധവമാരും, വിഭാര്യരും, അനാഥരും അനേകരാണ്. ആരും ആശ്രയമില്ലാത്ത നാളകളുടെ ഇരുട്ടറയിലേക്ക് അവർ തുറിച്ചു നോക്കികൊണ്ട്‌ മൗനമായി വിതുമ്പുന്നു. ഇതിൽ മുഖ്യ പങ്കും പ്രേഷിത ശുശ്രൂഷയെ സ്നേഹിച്ച് ഭൗതീക ജോലി രാജിവെച്ചും , മുമ്പിൽ കണ്ട സുവർണ്ണാവസരങ്ങൾ തട്ടിമാറ്റിയും മെച്ചമായ ജീവിത സുഖങ്ങൾ വേണ്ടായെന്നുവെച്ചും വേലക്കിറങ്ങിയതാണ്.

Download ShalomBeats Radio 

Android App  | IOS App 

ഈ എഡിറ്റോറിയൽ മഹത്വത്തിലേക്ക് മടങ്ങിപ്പോയ പ്രിയപ്പെട്ടവരുടെ കുടുംബങ്ങൾക്കായി സമർപ്പിക്കുന്നു.

ഒരിക്കലും പിരിയാത്ത ഒരു ബന്ധമായിരുന്നു എന്റെ വിവാഹ ജീവിതം നാല്പത്തിയൊന്നു വര്ഷം കരങ്ങൾ കൂട്ടി പിടിച്ചും ഞങ്ങൾ വിശ്വാസ യാത്ര ചെയ്തു. രണ്ടു പെണ്മക്കളെ തന്നു ദൈവം ഞങ്ങളെ അനുഗ്രഹിച്ചു . നാല്പതോളം വർഷം ഞങ്ങൾ ഒരുമിച്ച് പ്രവാസ ജീവിതം നയിച്ചു. ഒടുവിൽ കർണാടകയിൽ കുടിയേറി. ഗ്രാമങ്ങളിൽ പ്രേഷിത പ്രവർത്തങ്ങൾക്ക് കൈത്താങ്ങൽ നൽകി. കോവിഡിന് പ്രതിരോധിച്ചു ഭവനത്തിൽ ഒതുങ്ങിയും, ഒറ്റക്കു യാത്ര ചെയ്‌തും മഹാമാരിയിൽ നിന്നും രെക്ഷപെട്ടുവെന്ന് കരുതി. എന്നാൽ ഒടുവിൽ ആ കറുത്ത കരങ്ങൾ എന്റെ പ്രിയപ്പെട്ടവളെ പിടിച്ചു. കഴിഞ്ഞ ഏപ്രിൽ 30 ആം തിയതി കർണാടകയുടെ തലസ്ഥാനത്തു വെച്ചു അവൾ തത്കാലം മരണത്തിന് കീഴടങ്ങി.

മരണത്തിന്റെ പല പര്യായങ്ങൾ നിലവിലുണ്ട്. തിരോധാനം , വേർപാട് , നഷ്ടം , വിടവാങ്ങൽ, മൃതു , മഹത്വ പ്രവേശനം , അന്ത്യ യാത്ര ഇങ്ങനെ നാല്പതോളം പദങ്ങൾ പരന്നു കിടക്കുന്നു. എന്നാൽ എന്നെ സ്വാധീനിച്ചത് വിശുദ്ധ പൗലോസിൻറെ വാക്കുകളാണ്. വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ (ഫിലിപ്പ്യർ 1 :23 ) സുവിശേഷത്തിനുവേണ്ടി സഹിച്ച കഷ്ടതക്കിടയിൽ, അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ദർശനത്തിൽ താൻ മൂന്നാം പറുദീസയോളം എടുക്കപ്പെട്ടു. അവിടെ കണ്ട കാഴ്ച്ചയിൽ അനുരജ്ഞനായ അപ്പോസ്തലൻ മടങ്ങി വരുവാൻ ആഗ്രഹിച്ചില്ല എന്നാൽ മടങ്ങേണ്ടി വന്നു . അന്നു കണ്ട കാഴ്ചയുടെ പ്രഭാവത്തിൽ തുളുമ്പി വന്ന വാക്കുകളാണ് ഫിലിപ്യാ വിശ്വാസികളെ പറഞ്ഞു കേൾപ്പിച്ചത്.”വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടു കൂടെ ” അത് അത്യുത്തമമല്ലോ ? .

ഒരുപാടു ലാഭങ്ങൾക്കിടയിൽ ഒരു നഷ്ടം ഒരു പക്ഷെ വലിയതായിരിക്കാം. എന്നെപോലെ വിഭാര്യരും എന്റെ സഹോദരിമാരെപോലെ വിധവമാരും ആ നഷ്ടത്തിന്റെ വ്യാപ്തി ഇരുട്ട് നിറഞ്ഞതും ആഴമുള്ളതുമാണന്നു അടുത്തു കണ്ടറിഞ്ഞു. ദിനരാത്രങ്ങളിൽ ഞാൻ ഏകനായിരിക്കുമ്പോൾ ആ നഷ്ടം ഒരു ഹിമാലയമായി ഉയർന്നു നിൽക്കും. കോവിഡിന്റെ ക്രൂരതയിൽ അനാഥത്വം അലറുമ്പോൾ ഇന്ത്യയിൽ കവിഡു വൈറസ്സ് കവർന്ന സുവേശ കുടുംബങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. പ്രേത്യേകിച്ചും വിധവമാരായ കൊച്ചു സഹോദരിമാരുടെ ആശ്വാസത്തിനായി സർവേശ്വരനോട് അപേക്ഷിക്കുന്നു.

” വിട്ടു പിരിഞ്ഞു ക്രിതുവിനോടു കൂടെ” ആ വാക്കു എന്നെ ആശ്വസിപ്പിക്കുന്നു. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു വെളിപ്പെടുന്ന നാളിൽ നമുക്കു നഷ്ടമായവരെ അഥവാ നമ്മെ വിട്ടു പിരിഞ്ഞവരെ; ഉത്തരഭാരതത്തിന്റെ സുവിശേഷത്തിന്റെ ശവപ്പറമ്പിൽ ശുഭ്ര വസ്ത്രത്തിൽ പൊതിഞ്ഞു മണ്ണിൽപോയവരും, തീയിൽ ദഹിച്ചവരുമായ മൃദഗണത്തെ നമുക്കു കാണാം. ഒന്ന് എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. അവർ മിഷൻഫീൽഡിൽ വെച്ചു വിട്ടു പിരിഞ്ഞവരത്രെ. ഒന്നുകൂടി വ്യക്തമാക്കാം , അവർ പോർക്കളത്തിൽ പട്ടുപോയവരാണ്.

പ്രവാചകനായ യെശയ്യാവു പറഞ്ഞത് കേട്ടോ ? ” എന്റെ ശവങ്ങൾ എഴുന്നേൽക്കും , നിന്റെ മൃതന്മാർ ജീവിക്കും (യെശയ്യാവു 26 :19 )

നിറഞ്ഞ പ്രത്യാശയോട്

ജോൺ എൽസദായി
ചീഫ് എഡിറ്റർ

                                

You might also like
Comments
Loading...