വാട്‌സാപ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; പിങ്ക് വാട്‌സാപ് ലിങ്ക് ഒരു വൈറസാണ്

0 1,452

നിങ്ങൾ വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനുകള്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആവശ്യപ്പെട്ടു. ഒന്നിലേറെ ഗൗരവമുള്ള മുന്നറിയിപ്പുകളാണ് വാട്‌സാപ് ഉപയോക്താക്കള്‍ക്കായി സുരക്ഷാ വിദഗ്ധര്‍ പുറത്തിറക്കിയിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

വാട്‌സാപ് പിങ്ക് ലിങ്ക് ഒരു വൈറസാണ്, അതില്‍ ക്ലിക്കു ചെയ്യരുത്

പല ഉപയോക്താക്കള്‍ക്കും ഒരു ലിങ്ക് ലഭിക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ് പിങ്ക് നിറത്തിലേക്കു മാറ്റാമെന്നും പുതിയ ഫീച്ചറുകള്‍ ലഭിക്കുമെന്നും പറഞ്ഞെത്തുന്ന സന്ദേശമാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ ലിങ്കില്‍ പതിയിരിക്കുന്നത് ഒരു വൈറസാണെന്നും വിദഗ്ധര്‍ പറയുന്നു. വാട്‌സാപ്പിന്റെ ഔദ്യോഗിക അപ്‌ഡേറ്റ് എന്ന ഭാവത്തിലാണ് ഇതെത്തുന്നത്. ഇതില്‍ ക്ലിക്കു ചെയ്യുന്നവര്‍ക്ക് പിന്നെ വാട്‌സാപ്പില്‍ പ്രവേശിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കും. എന്നാല്‍, പല വാട്‌സാപ് ഉപയോക്താക്കളും ലിങ്ക് ലഭിക്കുന്നതോടെ അതു ഷെയർ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

വാട്‌സാപ്പിന്റെ നിറം മാറണമെങ്കില്‍ അത് വാട്‌സാപ് തന്നെ തീരുമാനിക്കണമെന്നും അത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും വരാത്തിടത്തോളം കാലം അതേക്കുറിച്ച് ചിന്തിക്കേണ്ടെന്നും സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. എന്നാൽ, ഇത് വൈറസാണെന്നു മനസ്സിലാകാതെ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ലിങ്ക് ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യാതെ ഡിലീറ്റു ചെയ്യണമെന്നും പറയുന്നു.

സൈബര്‍ ഇന്റലിജന്‍സ് കമ്പനി വോയജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റെന്‍ ജയിന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാതെ ഒരു എപികെയും ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ്. ഇങ്ങനെ കയറിക്കൂടുന്ന ആപ്പുകള്‍ നിങ്ങളുടെ ഫോട്ടോകള്‍, എസ്എംഎസ്, കോണ്ടാക്ട്‌സ് തുടങ്ങിയവയിലേക്കു കടന്നുകയറുമെന്നും, കീബോഡില്‍ കയറിക്കൂടി ടൈപ്പു ചെയ്യുന്നതെല്ലാം ട്രാക്കു ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. അസ്വാഭാവികമോ, അപ്രതീക്ഷിതമോ ആയ സന്ദേശങ്ങളില്‍ ക്ലിക്കു ചെയ്യരുതെന്ന് വാട്‌സാപ്പും മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ നല്‍കുന്ന ടൂളുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നാണ് ഉപയോക്താക്കളോട് വാട്‌സാപ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സേര്‍ട്ട്) വാട്‌സാപ്പില്‍ കണ്ടെത്തിയ പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്തെ ഉപയോക്താക്കള്‍ക്ക് മുന്നറയിപ്പ് ഇറക്കിയിട്ടുണ്ട്. വാട്‌സാപ്പില്‍ ഒന്നിലേറെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയിരിക്കുന്നു എന്നും ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ആക്രമണകാരിക്ക് റിമോട്ടായി ചില കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർത്താകുമെന്നാണ് അവര്‍ പറയുന്നത്.

സേര്‍ട്ട് കണ്ടെത്തിയ ഒരു പ്രശ്‌നം വാട്‌സാപ്പിന്റെ ക്യാഷ് കോണ്‍ഫിഗറേഷനിലാണ്. ഇതു വഴി ആക്രമണകാരിക്ക് ഫോണിൽ കയറിക്കൂടി സ്വകാര്യ വിവരങ്ങള്‍ പകര്‍ത്താനാകുമെന്നാണ് അവര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. ആന്‍ഡ്രോയിഡില്‍ വാട്‌സാപ്പിന്റെയും വാട്‌സാപ് ഫോര്‍ ബിസിനസിന്റെയും v2.21.4.18 വേര്‍ഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതുപോലെ, ഐഒഎസില്‍ വാട്‌സാപ്, വാട്‌സാപ് ഫോര്‍ ബിസിനസ് എന്നിവയുടെ v2.21.32 വേര്‍ഷന് മുൻപുള്ള വേര്‍ഷനുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ വേഗം അപ്‌ഡേറ്റു ചെയ്യണമെന്നും മുന്നറിയിപ്പിലുണ്ട്. അതേസമയം, മുകളില്‍ പറഞ്ഞ വേര്‍ഷനുകളിലേക്ക് അപ്‌ഡേറ്റു ചെയ്തവര്‍ക്ക് പ്രശനം ഉണ്ടാവില്ലെന്നും പറയുന്നു. സുരക്ഷ ഉറപ്പാക്കണമെന്നുള്ളവര്‍ എത്രയും വേഗം ആപ്പിളിന്റെ ആപ് സ്റ്റോറിലോ, ഗൂഗിളിന്റെ പ്ലേ സ്റ്റോറിലോ എത്തി തങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാത്ത അപ്‌ഡേറ്റുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരിക്കും ഉചിതമെന്നാണ് സുരക്ഷാ വിദഗ്ധരുടെ വാദം.

ഇതിനിടെ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ രണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി വാട്‌സാപ് അറിയിച്ചു. സേര്‍ട്ട് ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ക്കാണ് തങ്ങള്‍ പരിഹാരം കണ്ടെതെന്നും സേര്‍ട്ട് പറഞ്ഞതുപോലെ വാട്‌സാപ് പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ആര്‍ക്കും പ്രശ്‌നങ്ങള്‍ വരില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ആരെങ്കിലും ഇതിന്റെ ഇരകളായതായി അറിയില്ലെന്നും വാട്‌സാപ് അറിയിച്ചു.

You might also like
Comments
Loading...