വചനധ്യാന പരമ്പര | “പ്രവാസികളുടെ ആഭ്യന്തര പ്രശ്നങ്ങൾ”

0 492

നെഹമ്യാവ് 5:9: “പിന്നെയും ഞാൻ (നെഹമ്യാവ്) പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?”.

പ്രവാസികളുടെ ഇടയിലെ സാമ്പത്തിക പ്രതിസന്ധികളുടെ നേർക്കാഴ്ച (5:1-5), ഈ വിഷയത്തിൽ നെഹമ്യാവിന്റെ ഇടപെടലും പരിഹാരവും (5:6-13), ദേശാധിപതി എന്ന നിലയിൽ നെഹമ്യാവിന്റെ ജീവിതശൈലിയുടെ സൂചനകൾ (5:14-19) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

പ്രവാസത്തിൽ നിന്നും തിരികെ വന്ന ജനം ഉപജീവനത്തിനുള്ള അവശ്യ ചുറ്റുപാടുകളുടെ അഭാവത്തിൽ കഴിയുന്നതിന്റെ നേർക്കാഴ്ചയാണിവിടെ. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത ജനജീവിതം ദുസ്സഹമാക്കി. അതേസമയം ജനത്തിന്റെ ഇടയിലെ മറ്റൊരു വിഭാഗമാകട്ടെ, ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഉൾപ്പെടയുള്ള വസ്തുവകകൾ ഈടു വയ്പ്പിച്ചു പണം കൊടുക്കുകയും അതിന്റെ പലിശ കൈപ്പറ്റി ജനത്തെ ചൂഷണത്തിനു വിധേയമാക്കുകയും ചെയ്തിരുന്നു.

പലിശ കൊടുക്കുവാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി കൊടുക്കേണ്ടി വരുന്ന ദൗർഭാഗ്യകരമായ ഒരു അന്തരീക്ഷം ഇവിടെ രൂപപ്പെട്ടു വന്നു. ഈ പശ്ചാത്തലത്തിലാണ് പീഡിതവിഭാഗം നിലവിളിയും പ്രതിക്ഷേധസ്വരവും ഉയർത്തുവാൻ നിർബന്ധിതരായത്. അനീതിയുടെ കൂലികൊണ്ടു തടിച്ചു വന്ന വിഭാഗത്തിനെതിരെ ശക്തമായി പ്രതികരിച്ച നെഹമ്യാവിന്റെ ഇടപെടൽ ശ്ലാഖനീയം തന്നെ ആയിരുന്നു. പലിശ വാങ്ങുന്നവർക്കെതിരെ ഒരു മഹായോഗം വിളിക്കുവാൻ ധൈര്യപ്പെട്ട നെഹമ്യാവ്, നിലവിലുള്ള അരാചകത്വത്തിനെതിരെയായി ശബ്ദമുയർത്തി. അന്യജാതികൾക്കു അടിമകളായി പോയിരുന്ന സഹോദരന്മാരെ വീണ്ടെടുത്ത പാരമ്പര്യമുള്ള പ്രവാസികൾ, സ്വസഹോദരന്മാരെ അടിമകളാക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചു.

ഒരു ഭാഗത്തു ശത്രുക്കളുടെ നിന്ദ പ്രബലമായി തുടരുന്നു; അതേസമയം യഹൂദയിൽ ഒരു ആഭ്യന്തരകലഹത്തിന്റെ കാർമേഘം ഉരുണ്ടു കൂടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിനു തടയിടുവാൻ നെഹെമ്യാവ്‌ അടിയന്തിരമായി നടത്തിയ ശ്രമം ഫലം കാണുക തന്നെ ചെയ്തു. വിഷയത്തിന്റെ പരിഹാരം എത്രയും കണിശമായി നടക്കണമെന്നതിന്റെ സൂചനയായി വേണം തന്റെ മടികുടഞ്ഞു കളഞ്ഞതിലൂടെ (5:13) നെഹെമ്യാവ്‌ ചെയ്തത് എന്നു ചിന്തിക്കുന്നതാണെനിക്കിഷ്ടം! പലിശക്കാർ പലിശ ഉപേക്ഷിക്കുവാൻ തയ്യാറായി മുമ്പോട്ടു വന്നപ്പോൾ അന്യാധീനമായിപ്പോയിരുന്നതെല്ലാം ജനത്തിന്റെ കൈവശം തിരികെ ലഭിച്ചു.
പ്രിയരേ, സകലവും ലാഭക്കണ്ണുകളിലൂടെ മാത്രം ദർശിച്ചു സ്വന്തം സഹോദരന്മാരോട് അന്യായം പ്രവർത്തിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്ന ഒരു സംസ്കാരശൂന്യ മനോഭാവത്തിലേക്കു യഹൂദാ പ്രവാസികളിൽ ഒരു വിഭാഗം വ്യതിചലിച്ചു പോയി. ഒരു ആഭ്യന്തരകലാപത്തിനുള്ള സകല സ്വരുക്കൂട്ടുകളും രൂപപ്പെട്ടു വന്ന പശ്ചാത്തലത്തിൽ നെഹമ്യാവിന്റെ ഇടപെടൽ എത്രവലിയ ഗുണാത്മക പരിണിതിയാണ് ഉളവാക്കിയത്! വർത്തമാനകാല ആത്മീക മണ്ഡലത്തിലേക്കും നെഹമ്യാവിൻറെ കരങ്ങൾ നീണ്ടുവരേണ്ടതിന്റെ അനിവാര്യത തള്ളിക്കളയേണ്ടതുണ്ടോ! “ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ” എന്ന കുറിവാക്യം നിശബ്ദമാകരുതു എന്നുമാത്രം കുറിച്ചു നിർത്തട്ടെ!

You might also like
Comments
Loading...