പാക്കിസ്ഥാനി ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം

0 1,039

ലാഹോര്‍: പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളു മുക്കം ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം. പഞ്ചാബ് പ്രവിശ്യയിൽ ഒകാര ജില്ലയിലെ ചക് 5 ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഘര്‍ഷത്തിനു തുടക്കമായതെന്ന് ചക് 5 സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഖാലിദ് മുഖ്താര്‍ യു‌സി‌എ ന്യൂസിനോട് പറഞ്ഞു. ക്രിസ്ത്യൻ യുവജനങ്ങള്‍ പള്ളി വൃത്തിയാക്കവേ അതുവഴി മുസ്ലിം ഭൂവുടമ കടന്നുപോയെന്നും യുവാക്കള്‍ തന്റെമേല്‍ പൊടിയും ചവറും എറിഞ്ഞതായി ഒരു ഭൂവുടമ ആരോപിക്കുകയും തുടര്‍ന്ന് യുവാക്കളെ ഭൂപ്രഭുക്കളുടെ സംഘം മര്‍ദിക്കുകയായിരുന്നു. പിറ്റേദിവസം ഇരുന്നൂറിലധികം മുസ്ലിംങ്ങള്‍ ചക് 5 ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെയ് 16 ന് ലോക്കൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആക്രമണം നടന്ന സ്ഥലത്തു നേരിട്ട് സന്ദർശിക്കുകയും സെക്ഷൻ 452 പ്രകാരം എഫ്‌ഐ‌ആര്‍ രജിസ്റ്റർ ചെയ്യുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ ഇരകള്‍ ക്രൈസ്തവരായതിനാലും പ്രതികള്‍ ഭൂരിപക്ഷ സമുദായമായതിനാലും നീതി ലഭിക്കാനുള്ള സാധ്യത പരിമിതമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ചില്ലുകഷണങ്ങള്‍, കല്ലുകള്‍, കോടാലി, വടികള്‍ തുടങ്ങിയവകൊണ്ടായിരുന്നു ആക്രമണം. നിരവധി വീടുകള്‍ നശിപ്പിക്കപ്പെട്ടു. ചെറിയ പെണ്‍കുട്ടികള്‍വരെ ആക്രമണത്തിനിരയായി. ആക്രമണത്തെത്തുടര്‍ന്ന് ഗ്രാമത്തിലെ ക്രൈസ്തവര്‍ ഭീതിയിലാണ്. 80 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വ്യക്തിവിരോധം തീര്‍ക്കാന്‍ മതത്തെ ഉപയോഗിക്കുകയാണെന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്നു പ്രദേശത്തെ ക്രൈസ്തവര്‍ ഭയക്കുന്നതായും ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു. ഇതിനിടെ ഫൈസലാബാദ് രൂപത പരിധിയില്‍ നടന്ന ആക്രമണത്തിന് ഇരകളായ ക്രൈസ്തവരുടെ വിവരണം ഉള്‍പ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പൂട്ടുകൾ തകർത്തു വീടിനകത്ത് പ്രവേശിച്ച അക്രമികള്‍ മുടി പിടിച്ചു ഓരോരുത്തരായി പുറത്തെടുത്തുവെന്നും ചെറുപ്പക്കാരായ പെൺകുട്ടികളെ ആക്രമിക്കുകയും വസ്ത്രങ്ങൾ കീറിപറിച്ചെന്നും ആക്രമണത്തിനു ഇരയായ ഒരു സ്ത്രീ പറഞ്ഞു. ക്രൈസ്തവര്‍ കടുത്ത മതപീഡനമേറ്റ് വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് പാക്കിസ്ഥാന്‍.

You might also like
Comments
Loading...