ചെറുകഥ | തിരിച്ചറിവ് | പാസ്റ്റർ എബ്രഹാം മന്ദമരുതി

ജയിംസും ഞാനുമായുള്ള കൂടിക്കാഴ്ച വളരെ കൃത്യമായ സമയത്തായിരുന്നു.
മിനിറ്റുകൾ വൈകിപ്പോയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ തമ്മിൽ
ഇനി ഒരിക്കലും കാണുകയില്ലായിരുന്നു.
സുഹൃത്തും സഹപാഠിയുമായ അവൻ്റെ വീട്ടിൽ കയറാൻ വെറുതെ ഒന്നു തോന്നി.
അത് ഏതായാലും നന്നായി.
തക്കസമയത്തെ ഉത്തരം വെള്ളിത്താലത്തിലെ പൊൻനാരങ്ങയെന്നു പറയുന്നതുപോലെയാണ് യഥാസമയത്തെ ഇടപെടലുകളും!.
ജയിംസും ഭാര്യയും മുമ്പിലിരുന്ന് പൊട്ടിക്കരയുമ്പോൾ ഞാനോർത്തു:
ചില തോന്നലുകളൊക്കെ ദൈവീക പ്രേരണകളാണെന്ന്.
അല്ലെങ്കിൽ, ഉത്തരേന്ത്യയിൽ
നിന്ന് ചുരുക്കം ചില ദിവസത്തേക്കെത്തിയ ഞാൻ ഇത്തരം ഒരു സന്ദർശനം ഒഴിവാക്കുമായിരുന്നു.
പ്രത്യേകിച്ചും രാത്രിയിലെ കണ്ടുമുട്ടൽ!

ജയിംസിനെപ്പോലെ ഒരാൾക്കും
ഇനി സംഭവിക്കരുത്.
അജ്ഞതയുടെ അന്ധതയിൽ ബലിയാക്കപ്പെടുന്ന നിരവധി ആത്മീയ ശിശുക്കളുടെ പ്രതിനിധിയാണ് അവൻ!
പണദാഹികളായ ഒരുപറ്റം
കപട ചൂഷകരുടെ ആക്രമണത്തിൽ മുറിവേറ്റു പിടയുന്ന മനസിൻ്റെ ഉടമ!!
മുതലെല്ലാം ചിലവഴിച്ച് ഒടുവിൽ പരവശയായി മാറിയ രക്തസ്രവക്കാരിയുടെ
ആധുനിക മുഖം !!!

സംസാരത്തിനിടയിൽ

കിഴക്കുവശത്തെ മുറിയിലേക്ക് അവൻ എന്നെ കൂട്ടിക്കൊണ്ടുപോയി.
മാസങ്ങളായി തുറക്കാതെ മാറാല വികൃതമാക്കിയ ജനലും കതകും കണ്ടപ്പോൾ എന്നിൽ ജിജ്ഞാസ തലപൊക്കി.
ആശ്ചര്യം എൻ്റെ കണ്ണുകളിൽ തത്തിക്കളിച്ചു.
അതൊരു കഥയായിരുന്നു…..
നീണ്ട കഥ…….!
ആ കഥയ്ക്കായ് ഞാൻ ജയിംസിനു മുന്നിൽ കാതു കൂർപ്പിച്ചു.

സാമാന്യം മെച്ചമായ നിലയിലായിരുന്ന അവൻ്റെ ബിസിനസ് വളരെ പെട്ടെന്നാണ് തകർന്നു തുടങ്ങിയത്.

പതിനെട്ടുകാരിയായ മകൾക്ക് അപ്രതീക്ഷിതമായി പിടിപെട്ട മാരകരോഗം കൂടിയായപ്പോൾ പതനത്തിന് ആക്കം കൂടി.
സന്തോഷം പരന്നൊഴുകിയ ഭവനാന്തരീക്ഷം സങ്കടക്കടലായി മാറാൻ അധിക നാൾ
വേണ്ടിവന്നില്ല.
കടുത്ത മാനസിക തകർച്ചയിലിരിക്കുമ്പോൾ ടെലിവിഷനിലൂടെ കേട്ട ആ അനുഭവസാക്ഷ്യമാണ് ജീവിതത്തെ മാറ്റിമറിച്ചത്.
യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച അവർ അടുത്ത ദിവസം മുതൽ തന്നെ സമീപമുള്ള സഭയിൽ ആരാധനയ്ക്കെത്തി.
ശുശ്രൂഷക – വിശ്വാസ സമൂഹത്തിൻ്റെ നിസ്വാർഥ സഹകരണവും നിസ്സീമ സ്നേഹവും അവർക്ക് അവിടെ സാഹോദര്യത്തിൻ്റെ ഊഷ്മളാനുഭവമേകി.
പ്രാർഥനയിലൂടെ സകലതിനും പരിഹാരമുണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തിൻ്റെ നാമ്പുകൾ പതിയെ അവരിൽ
തലയെടുത്തു തുടങ്ങി.

ഇതിനിടയിലാണ് സഭാംഗമായ
ആനി, ജയിംസിൻ്റെ വീട്ടിലെത്തുന്നത്.
ആനി അങ്ങനെയാണ്.
സഭയിലേക്ക് ആരു പുതുതായി വന്നാലും പാസ്റ്റർക്കു മുമ്പേ
അവരെ സന്ദർശിക്കും.
സാമ്പത്തിക നേട്ടമാണ്
മുഖ്യമായ ലക്ഷ്യം.
അതോടൊപ്പം, സാത്താന്യ ‘പോരാട്ട’ത്തിൽ അന്ധവിശ്വാസമുള്ള അവർ തൻ്റെ വിഷചിന്തകളുടെ വിത്തുകൾ പുതു വിശ്വാസികളുടെ
ലോലഹൃദയങ്ങളിൽ വിതറും.
മിക്കവരും ആനിയുടെ കെണിയിൽ വീഴുകയും ചെയ്യും.
ചിലർ അതിനെ അതിജീവിക്കും.
മറ്റു ചിലർ വിശ്വാസത്തിൽ നിന്നു തന്നെ പിന്നോട്ടു പോകും.
സംഭാഷണത്തിനിടയിൽ ആനി സാവധാനം ജയിംസിൻ്റെ ഭാര്യയോടു പറഞ്ഞുതുടങ്ങി:

“മിനീ… നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെങ്കിൽ ‘നല്ല’ ദൈവദാസന്മാരെ വീട്ടിൽ വരുത്തി പ്രാർഥിപ്പിക്കണം.”

“അപ്പോൾ നമ്മുടെ പാസ്റ്ററോ…?”

“അയ്യോ, അവരൊക്കെ ബൈബിൾ സ്കൂൾ അധ്യാപകരല്ലേ…

അവർക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ല.
നമ്മുടെ സഭ വചനത്തിനാണ് പ്രാധാന്യം നൽകുന്നത്.
വിടുതലിൻ്റെ ശുശ്രൂഷയൊന്നും അവിടെങ്ങുമില്ല.
പാസ്റ്റർ നന്നായി വചനം പ്രസംഗിക്കും.
പക്ഷേ, ‘കൃപ’ അത്ര പോരാ മിനീ..
അതുകൊണ്ട് ഞാനെൻ്റെ വിഷയങ്ങളൊന്നും സഭയിൽ പറയാറില്ല.
പിന്നെ, പാസ്റ്റർ അറിയാതെ ചൊവ്വാഴ്‌ചകളിലും മറ്റും
പല പ്രവാചകന്മാരുടെയും
പ്രാർഥനയ്ക്ക് ഒക്കെ പോയാ ഞാൻ പിടിച്ചു നിൽക്കുന്നത്.
നിങ്ങളുടെ വിഷയങ്ങൾക്കാണെങ്കിലും നല്ല കൃപയുള്ള ദൈവദാസന്മാർ പ്രാർഥിച്ചെങ്കിലേ വിടുതലുണ്ടാകൂ.”

“ആനീ… അങ്ങനെയുള്ള ദൈവദാസമാരെ എവിടെ കണ്ടെത്തും?

ഞങ്ങളൊക്കെ പുതുതായി അങ്ങോട്ടു വന്നതല്ലേയുള്ളൂ.
ഞങ്ങൾക്കാണേൽ നമ്മുടെ പാസ്റ്ററെയല്ലാതെ മറ്റാരെയും പരിചയവുമില്ല.”

“അയ്യോ! അതിന് പ്രയാസപ്പെടാനൊന്നുമില്ല.

നല്ല ഒന്നാന്തരം ദൈവദാസന്മാരെ ഞാൻ ഏർപ്പാടാക്കാം.
പിന്നെ, നമ്മുടെ പാസ്റ്ററും സഭക്കാരും ഇതൊന്നും അറിയണ്ടാ കേട്ടോ.
അതൊക്കെ പിന്നെയങ്ങു പബ്ലിസിറ്റിയാകും.
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ ഇരുചെവി അറിയാതെ രഹസ്യമായി ചെയ്താ മതി”.

“ഈ കൃപയുള്ളോർക്കൊക്കെ എന്തോ കൊടുക്കണം ആനീ…?”

“വല്ല ആയിരത്തഞ്ഞൂറോ

രണ്ടായിരമോ കൊടുക്കണം.
അതു മതി.”

തൊട്ടടുത്ത ദിവസംതന്നെ കൃപയുള്ള ദൈവദാസൻ ആഗതനായി.
ആനിയും സന്നിഹിതയായിരുന്നു.
കുടുംബാംഗങ്ങളെ വട്ടമിരുത്തി അദ്ദേഹം പ്രാർഥന സമാരംഭിച്ചു.
ഇത്തിരി സമയത്തെ മൗനമായ
ജാഗരണവും അതേതുടർന്ന്
ദീർഘമായ ഒരു മൂളലിനും ശേഷം
‘അഭിഷിക്തൻ’ മൊഴിഞ്ഞു:

“ബാബു……
ബാബു എന്ന പേര് വെളിപ്പെടുന്നു…..
ആരാ ഈ ബാബു ?”

“അതെൻ്റെ അനുജനാ പാസ്റ്ററേ.”

ജയിംസ് പതിയെ മറുപടി പറഞ്ഞു.

“കിഴക്കേ ദിക്ക് ഞാൻ കാണുന്നു.
ഒരു പോര് ആ വശത്തു നിന്നു വരുന്നതായി വെളിപ്പെടുന്നു.
ആട്ടെ, ഈ ബാബു നിങ്ങളുടെ വീടിൻ്റെ ഏതു വശത്താ താമസിക്കുന്നത് ?”.

“അയ്യോ…. ഈ വീടിൻ്റെ കിഴക്കുവശത്തു തന്നെയാ അവര് താമസിക്കുന്നത്.”

“ഉം…..”

കൃപാവര പ്രാപ്തൻ ചുവരിലേക്കു മുഖമുയർത്തി വീണ്ടും
ഇരുത്തി മൂളി.
എന്നിട്ട് ഒന്നുകൂടി കണ്ണുകളടച്ചു.
പെട്ടെന്ന് ശബ്ദമുയർത്തി പറഞ്ഞു:

“ഒരു ഭക്ഷണ പൊതി എന്നെ കാണിക്കുന്നു.

അവർ എപ്പോഴെങ്കിലും ഭക്ഷണം ഇവിടെ നൽകിയിട്ടുണ്ടോ..?”

“ഞങ്ങൾ ഒരു വീടുപോലെയാ പാസ്റ്ററേ കഴിയുന്നത്.

ഇവിടെ സ്പെഷ്യൽ എന്തെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ അവിടെ കൊടുക്കും.
അവർ തിരിച്ചും തരും.”

ദൈവദാസൻ വീണ്ടും ഇത്തിരി സമയം മൗനവാസത്തിലായി.
എന്നിട്ട് തുടർന്നു:

“മുൻപല്ലു കൊണ്ടു ചിരിക്കുകയും

അകംപല്ലു കൊണ്ടു ഞറുമ്മുകയും ചെയ്യുന്ന ഒരു കാഴ്ച ഞാൻ കാണുന്നു.
നിങ്ങൾ കാട്ടുന്ന ആത്മാർഥതയിലല്ല പലപ്പോഴും അവർ നിങ്ങളോട് ഇടപെടുന്നത്.
ഭക്ഷണത്തിലൂടെ ഒരു കൈവിഷം മകളുടെ ഉള്ളിൽ ചെന്നിട്ടുണ്ട്.
അതാ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.”

“എൻ്റെ സ്വന്ത സഹോദരൻ അതു ചെയ്യുമെന്ന് ഞാൻ

വിശ്വസിക്കുന്നില്ല പാസ്റ്ററേ.”

“വിശ്വസിക്കണം ബ്രദറേ വിശ്വസിക്കണം.

‘ആത്മാവ്’ വെളിപ്പെടുത്തിയാൽ നിശ്ചയമായും വിശ്വസിക്കണം.
യാക്കോബ് പോലും കാര്യസാധ്യത്തിനായി സ്വന്ത സഹോദരനെ ചതിച്ചവനാ.
അവൻ്റെ മക്കൾ കൂടെപ്പിറപ്പായ ജോസഫിനെ അസൂയ മൂലം തകർക്കാൻ ശ്രമിച്ചതാ.
പിന്നെയാ നിങ്ങളുടെ സഹോദരൻ!”

“അപ്പോൾ അവൻ തന്നെയാണോ ഞങ്ങൾക്ക് ദോഷം ചെയ്തത്?”

“അതെ… അവർ തന്നെ.

ഇനി അവർ നൽകുന്ന ഭക്ഷണം ഒരു കാരണവശാലും സ്വീകരിക്കരുത്.
അവരോട് കൂടുതൽ
സഹകരണവും വേണ്ട.
ആ വശത്തെ ജനലുകളും കതകും തുറക്കുകയുമരുത്.
ഇപ്പോൾ പ്രാർഥിച്ച് ഞാൻ ആ കൈവിഷത്തെ ശാസിക്കുകയാണ്.”

ദീർഘനേരം ദൈവദാസൻ പ്രാർഥിച്ചു… ശാസിച്ചു….ഭത്സിച്ചു.

ഒടുവിൽ അയാൾ കൈമടക്കും വാങ്ങി പ്രാർഥിച്ചിറങ്ങി.
അതോടൊപ്പം സാഹോദര്യ ബന്ധത്തിലേക്കുള്ള വഴിയും വാതിലും കൊട്ടിയടയപ്പെട്ടു.
ഒന്നിച്ചിരുന്നവർ രണ്ടായി….
രണ്ടു ധ്രുവത്തിലായി…

“ആത്മാവിൻ്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ……
ഇത് വ്യക്തികളെ തമ്മിൽ ഭിന്നിപ്പിക്കുകല്ല, ഒന്നിപ്പിക്കുകയാണല്ലോ ചെയ്യുന്നത്.
മറിച്ച്, ജഢത്തിൻ്റെ ഫലമായ പക, പിണക്കം, ജാരശങ്ക…
എന്നിവയൊക്കെയല്ലേ വ്യക്തികളെ ഭിന്നിപ്പിക്കുന്നത്.”

ഗലാത്യർ അഞ്ചാം അധ്യായത്തിലൂടെ എൻ്റെ ചിന്തകൾ പായുമ്പോഴേക്കും ജയിംസ് അടുത്ത കഥയിലേക്ക് പ്രവേശിച്ചിരുന്നു.

“നമ്മുടെ പാസ്റ്റർ ഇവിടം സന്ദർശിക്കുമ്പോൾ എനിക്കെല്ലാം തുറന്നു പറയാമായിരുന്നു.

എങ്കിൽ ഇത്തരം അബദ്ധങ്ങളിൽ പെടുകയില്ലായിരുന്നു.
പക്ഷെ, മുൻവിധിയോ തെറ്റിദ്ധാരണയോ എന്നെ അതിന് അനുവദിച്ചില്ല.
അതുകൊണ്ട് ആനി അതു കൂടുതൽ മുതലാക്കി”.

ജയിംസ് ഇതു പറയുമ്പോൾ കണ്ഠങ്ങൾ ഇടറിയിരുന്നു.
നേർത്ത തൊണ്ടയിലെവിടെയോ ശബ്ദം കുരുങ്ങുന്നതായി

എനിക്കു തോന്നി.
മുമ്പിലിരുന്ന കപ്പ് ഉയർത്തി ഒരുകവിൾ ചായ കുടിച്ച ശേഷം
കഥ തുടർന്നു.

പിറ്റെ ഞായറാഴ്ച സഭായോഗാനന്തരം ആനിയെ കാത്ത് മിനി പുറത്തു നിന്നിരുന്നു.
അവരെ കണ്ട മാത്രയിൽ മിനി വേദനയോടെ പറഞ്ഞു:

ജയിംസ് ഇതു പറയുമ്പോൾ കണ്ഠങ്ങൾ ഇടറിയിരുന്നു.
നേർത്ത തൊണ്ടയിലെവിടെയോ ശബ്ദം കുരുങ്ങുന്നതായി

ചില വിഷയങ്ങൾ അങ്ങനെയാ.
കഠിനമായ പൈശാചിക പോരാട്ടമായിരിക്കും.
വാദിച്ചു നിൽക്കുന്ന ചില ശക്തികളുണ്ട്.
അതിന്മേൽ വിടുതൽ ഏറ്റെടുത്തു പ്രാർഥിക്കണം.
ഏതായാലും വേറൊരു ദൈവദാസനെ നമുക്കു വിളിക്കാം.
അദ്ദേഹം പറയുന്നത് പച്ചിലേം കത്രികേം പോലാ കേട്ടോ….
വളരെ അച്ചട്ടാ…..
ഉപ്പുപാസ്റ്ററെന്നാ ഞങ്ങളു വിളിക്കുന്നത്.”

“അതേതാ ഈ ഉപ്പുപാസ്റ്റർ…?”

“അദ്ദേഹത്തിൻ്റെ പേര് ജോസഫെന്നോ മറ്റോവാ..

ഉപ്പുപാസ്റ്റർന്നാ അറിയപ്പെടുന്നേ…
വിഷയങ്ങൾക്കെല്ലാം ഉപ്പു വിതറി പ്രാർഥിക്കും.
അതുകൊണ്ടാ അങ്ങനെ വിളിക്കുന്നത്.
പിന്നെ, ഇക്കാര്യവും നമ്മുടെ പാസ്റ്റർ അറിയണ്ടാ…ട്ടോ.”

“ഏയ്…. ഇല്ലില്ല…”

താമസിയാതെ ഉപ്പുപാസ്റ്റർ സകുടുംബം പ്രാർഥനയ്ക്കെത്തി.
മുഴങ്കാലിലിരുന്ന്, മുട്ടിനടിച്ച് ജാഗരിക്കുന്നതിനിടയിൽ ജയിംസിൻ്റെ നേരേ അദ്ദേഹം ആദ്യ ചോദ്യമെറിഞ്ഞു:

“ബ്രദറേ… നിങ്ങളുടെ പിതാക്കന്മാർക്ക് വണ്ടിയുണ്ടായിരുന്നോ… വണ്ടി ?”

“ഉവ്വ്…..വല്യപ്പച്ചൻ്റെ കാലം മുതൽ ഞങ്ങൾ വണ്ടിക്കാരാ.

എൻ്റെ ചാച്ചനും അതു തന്നെയായിരുന്നു.”

“നാലു വീലിൽ കൂടുതൽ

ഞാൻ കാണുന്നു.
ആട്ടെ, എത്ര വീലുള്ള വണ്ടിയാരുന്നു.?”

“പത്തു വീലാ അങ്കിളേ….”

ജയിംസിൻ്റെ പന്ത്രണ്ടു വയസുകാരൻ പുത്രനാണ് മറുപടി നൽകിയത്.
ദൈവദാസൻ കാണാതെ ജയിംസ് അവൻ്റെ ചുവന്നു തുടുത്ത തുടയിൽ അമർത്തി ഒന്നു നുള്ളി.
വേദന കൊണ്ട് അവൻ കുനിഞ്ഞിരുന്നു.

“ഓ മൈ ഗോഡ്…!

പത്തു വീൽ…!!
അപ്പോൾ നാഷണൽ പെർമിറ്റായിരുന്നു അല്ലേ….”

“അല്ല പാസ്റ്റർ… ലോക്കൽ പെർമിറ്റായിരുന്നു.”

“മൈഗോഡ്….!”

ഇത്തിരി നേരത്തെ ധ്യാനത്തിനു ശേഷം ഉപ്പുപാസ്റ്റർ തുടർന്നു:

“വണ്ടി ലൈലാൻഡായിരുന്നോ… റ്റാറ്റായായിരുന്നോ…?”

“അയ്യോ ഇതു രണ്ടുമല്ല….

കാളവണ്ടിയാരുന്നു….”

“അയ്യേ.. കാളവണ്ടിയോ…?”

ഉപദേശിയുടെ മുഖമൊന്നു ചുളിഞ്ഞു.

“ങ്ങ്ഹാ…!

കാളയുടെ കാര്യം പറഞ്ഞപ്പഴാ
ഞാൻ ഓർത്തത്.
ഇവിടെ കാലു കുത്തിയപ്പോൾ തന്നെ രണ്ടു പോത്തിനെ ഞാൻ കണ്ടു.”

“അയ്യോ ഞങ്ങൾക്ക് പോത്ത് ഇല്ലാരുന്നല്ലോ ഉപദേശീ..”

“നിങ്ങൾക്കില്ലായിരുന്നു…

പക്ഷേ, മരണ ദൂതൻ്റെ
വാഹനമാണ് പോത്ത്.
അത് നിങ്ങളുടെ പറമ്പിൻ്റെ പടിഞ്ഞാറു കൂടെ രാത്രിയിൽ
കടന്നു പോകുന്നു.
വരത്തു പോക്കെന്നു പറയും.
പേടിക്കണ്ടാ… ഒൻപതു ചൊവ്വാഴ്ച പറമ്പിൽ ഉപ്പു വിതറി ഉപവസിച്ചു പ്രാർഥിക്കണം.
ഞങ്ങളും കുടുംബമായി വന്നു സഹായിക്കാം.”

“എന്നാ അങ്ങനെയാകട്ടെ ഉപദേശീ…”

“ചിലവില്ലാതെ യാഗമില്ല ബ്രദറേ….

അതു മനസിൽ വെച്ചോണം കേട്ടോ.”

പ്രശ്നങ്ങൾക്ക് പ്രതിവിധി കൽപ്പിച്ച് ഉപ്പുപാസ്റ്റർ തൽക്കാലം പ്രാർഥിച്ചിറങ്ങി.

ഒൻപതു ചൊവ്വാഴ്ചകൾ….
പതിനെണ്ണായിരം രൂപാ… !
അഞ്ചു കിലോ ഉപ്പുകല്ല്!
പിന്നെ കുടുംബത്തിന് ഭക്ഷണം വെച്ചു വിളമ്പിയത് വേറെ !
ചിലവിനൊരു കുറവുമില്ലായിരുന്നു.

പക്ഷേ, വിടുതൽ മാത്രമില്ല.
ആശുപത്രി ചികിത്സയ്ക്കൊപ്പം ആത്മീയ ചികിത്സയുമായപ്പോൾ ജയിംസ് കൂടുതൽ വലഞ്ഞു.
ക്ഷണിക്കാത്ത അതിഥിയായെത്തിയ കടം
വീണ്ടും വീട്ടിൽ ആധിപത്യം പുലർത്തി.

യാദൃശ്ചികമായാണ് ടെലിവിഷൻ ചാനലിലെ ‘വിടുതൽ മഹോത്സവം’ പ്രോഗ്രാം മിനി കണ്ടത്.
അത്ഭുത രോഗസൗഖ്യം…
മദ്യപാനത്തിൽ നിന്നുള്ള വിടുതൽ…
കടക്കെണിയിൽ നിന്ന് മോചനം….
ശാപമോക്ഷം….
അനുഭവസാക്ഷ്യങ്ങളും ലൈവ് വിടുതലും മറ്റൊരു പരീക്ഷണത്തിൻ്റെ ഇര കൊളുത്തിയ ചൂണ്ടയായി മിനിയെ സമീപിച്ചു.

‘വിടുതൽ മഹോത്സവം’ മാസത്തിൻ്റെ ആദ്യ ശനിയാഴ്ച പട്ടണത്തിൽ
പ്രേക്ഷകർക്കായി സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തെക്കുറിച്ച് ചാനലിൽ കണ്ടാണ് ജയിംസും മിനിയും മകളുമായെത്തിയത്.
പ്രാർഥന ആവശ്യമുളളവർ മുൻകൂർ പേര് നൽകണമെന്ന അറിയിപ്പുകേട്ട് അവർ കൗണ്ടറിനു മുന്നിലെത്തി.

“ബ്രദറിനെക്കൊണ്ടു മകൾക്കായി പ്രാർഥിക്കാനാ….”

കൗണ്ടറിലിരുന്ന യുവതിയോട് ജയിംസ് ഭവ്യതയോടെ പറഞ്ഞു.

“എങ്ങനെയാ പ്രാർഥിക്കേണ്ടത്?”

“അതു സാധാരണ പ്രാർഥിക്കുന്നതുപോലെ….”

“അതല്ല ചോദിച്ചത്…

ബ്രദറ് ജനറലായി പ്രാർഥിക്കുന്നതിന് അഞ്ഞൂറു രൂപയാണ് ഫീസ്.
തലയിൽ കൈവെച്ചാണെങ്കിൽ രണ്ടായിരമാകും.
അതാ ഉദ്ദേശിച്ചത്.”

“ജയിംസ്ച്ചാ മോളുടെ തലയിൽ കൈവെച്ചു തന്നെ പ്രാർഥിപ്പിക്കണം”.

“എന്നാ രണ്ടായിരത്തിൻ്റെ പ്രാർഥന ആയിക്കോട്ടേ.”

മിനിയുടെ അഭ്യർഥന മാനിച്ച് ജയിംസ് കൗണ്ടറിൽ പറഞ്ഞു.
ഉടൻ ടോക്കൺ കിട്ടി.
നമ്പർ എൺപത്.
ഉച്ചയ്ക്ക് ശേഷമാണ് വ്യക്തിപരമായ പ്രാർഥന.
എൺപതാമത്തെ നമ്പർ എത്തിയപ്പോൾ മണി അഞ്ചു കഴിഞ്ഞു.
ബ്രദർ കൈവെച്ചു പ്രാർഥിച്ചെങ്കിലും പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ല.

പിറ്റെ ദിവസം രാവിലെ ബ്രദറിൻ്റെ ഓഫിസിൽ നിന്ന് സെൽഫോണിലേക്ക് വിളിയെത്തി.
മറുതലയ്ക്കൽ നിന്നൊരു മാധുര്യ ശബ്ദം ജയിംസിൻ്റെ കാതിൽ മൊഴിഞ്ഞു:

“സാറേ..

ഉപവാസത്തിലൂടേ മകളുടെ വിഷയത്തിനു വിടുതലുള്ളൂ.
സാറ് വിഷമിക്കണ്ടാ.
ഞങ്ങൾ ടീമായി മകളുടെ വിഷയം വെച്ച് മൂന്നു ദിനങ്ങൾ ഉപവസിച്ചു പ്രാർഥിച്ച് സൗഖ്യം വാങ്ങി തരുന്നതായിരിക്കും.
എന്നാൽ അതിന് ചെറിയൊരു ചെലവുണ്ട്.
ഒന്നര ലക്ഷമാണ് സാധാരണ എല്ലാവരും ഞങ്ങൾക്കു തരുന്നത്.
സാറ് ഒരു ലക്ഷം രൂപാ തന്നാ മതി.
മൂന്നു ദിവസം പ്രാർഥിച്ചാൽ പൂർണ്ണ സൗഖ്യം ഉറപ്പാണ്.”

“ഒരു ലക്ഷം രൂപ..!”

കോൾ ഡിസ്കണക്ടായപ്പോൾ ജയിംസ് ഒന്നു ദീർഘമായി നിശ്വസിച്ചു.

“മിനീ… നമ്മുടെ പാസ്റ്റർക്ക് മാസം അഞ്ഞൂറേ നമ്മൾ ദശാംശം നൽകുന്നുള്ളൂ.

ഇതിപ്പം ലക്ഷങ്ങളാ ചോദിക്കുന്നത്.”

“ഇങ്ങനെയുള്ള അഭിഷക്തമാർക്കു എത്ര കൊടുത്താലും ഒരു കുറവും വരില്ല ജയിംസ്ച്ചാ.
എവിടുന്നെങ്കിലും പണം സംഘടിപ്പിച്ച് വേഗം കൊടുക്കണം.”

“അതിന് പണം എവിടിരിക്കുന്നു?
ബിസിനസ് പൂട്ടി….
ചികിത്സയ്ക്ക് ലക്ഷങ്ങളായി….
ഇനി കിടപ്പാടം വിൽക്കുകയേ നിവൃത്തിയുള്ളൂ”.

“കിടപ്പാടമെങ്കിൽ കിടപ്പാടം!

അതു വിറ്റിട്ടാണെങ്കിലും അച്ചാച്ചൻ പണം കൊടുക്ക്.
ദൈവം നമുക്കു വേറേ വഴി ഒരുക്കും.
വിടുതലല്ലേ നമുക്കു പ്രധാനം?”

“തൽക്കാലം വട്ടി പലിശ

തന്നെ ശരണം!”
ജയിംസ് ആരോടെന്നില്ലാതെ പറഞ്ഞു.
‘അഭിഷിക്തന്മാർ’ ചീറ്റിയും ഊറ്റിയും പ്രാർഥിച്ചു കൊണ്ടിരുന്നു…..
കടം പലിശയ്ക്കു മേൽ പലിശയായി പെരുകിക്കൊണ്ടുമിരുന്നു.

പ്രാർഥനയ്ക്കനന്തരം ഓഫീസിൽ നിന്ന് ബ്രദറിൻ്റെ സന്ദേശമെത്തി:

“വിശ്വസിക്കുക…മകൾക്ക് സൗഖ്യം വന്നിരിക്കുന്നു.”
ഒപ്പം, പിറ്റെ മാസത്തെ പ്രേക്ഷക സമ്മേളനത്തിൽ സ്കാനിങ്ങ് റിപ്പോർട്ടുമായി എത്താനും
നിർദേശം വന്നു.

സ്കാനിങ്ങ് കഴിഞ്ഞു.!
റിപ്പോർട്ടിൽ പക്ഷേ പുരോഗതിയൊന്നുമില്ല!!
ഫലം തഥൈവ !!!

“സൗഖ്യം സംഭവിച്ചു കഴിഞ്ഞു.
എന്നാൽ, നിങ്ങളുടെ വിശ്വാസക്കുറവാണ് പ്രശ്നം.”

യോഗത്തിനിടയിൽ ബ്രദർ ജയിംസിനു നേരേ വിരലുയർത്തി.
ഒപ്പം രോഗിയായ പെൺകുട്ടിയുടെ ചെവിയിൽ ശാന്തമായി മന്ത്രിച്ചു:

“സൗഖ്യം ലഭിച്ചു എന്നു വിശ്വാസത്തോടെ പരസ്യമായി ഏറ്റുപറയുക.”

അവൾ അങ്ങനെ തന്നെ ഏറ്റുപറഞ്ഞു.
ക്യാമറ അത് റെക്കോർഡു ചെയ്തു.
“പതിനെട്ടുകാരിക്ക് പ്രാർഥനയാൽ സൗഖ്യം!” എന്ന തലക്കെട്ടോടുകൂടി അടുത്ത ടി.വി.പ്രോഗ്രാമിൽ ആ സാക്ഷ്യവുമെത്തി.

കൊടും ചതിവ്….!
കടക്കെണി…..!!
മനസിക തകർച്ച….!
ബന്ധങ്ങളുടെ ശിഥിലീകരണം….!!
കഠിനമായ രോഗത്തിൻ്റെ
പീഡനങ്ങൾ…!!

നിലയില്ലാത്ത ദുരിതക്കടലിൽ കരകയറാൻ കഴിയാതെ മുങ്ങിത്താഴുമ്പോൾ അവർ ആ ഉറച്ച തീരുമാനത്തിലെത്തി……
ആത്മഹത്യ!!!
ഇതിൽ നിന്നെല്ലാമുള്ള ലളിതമായ ഒരു രക്ഷപെടൽ…..!
ആവിഷ്കരിക്കപ്പെട്ട ആ പദ്ധതിയുടെ സമാപനത്തിലാണ് ഞാനവിടെ എത്തുന്നത്.
അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ….

“ജയിംസ്, ഞാൻ നമ്മുടെ

പാസ്റ്ററെ വിളിക്കാം.
ഒരുമിച്ചിരുന്നു പ്രാർഥിക്കാം.
പരിഹാരമില്ലാത്ത വിഷയമില്ലല്ലോ”.

പാസ്റ്ററുമൊത്തുള്ള പ്രാർഥനയിൽ ജയിംസ് പൊട്ടിക്കരഞ്ഞു.

“പാസ്റ്റർ ക്ഷമിക്കണം.

ദൈവദാസനേയും സഭയേയും ഒളിച്ചുള്ള ഞങ്ങളുടെ പരിശ്രമമെല്ലാം തികഞ്ഞ പരാജയമായി.
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം.”

“ജയിംസേ,

നിങ്ങളുടെ പ്രശ്നങ്ങളൊന്നും തുറന്നു പറയുന്നില്ലായിരുന്നെങ്കിലും
പലതും ഞങ്ങൾ മനസിലാക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ കുടുംബമായി നിങ്ങൾക്കായി നിരന്തരം പ്രാർഥിക്കുന്നുണ്ട്.
ദൈവം സഭയിലൂടെയാണ് പ്രാഥമികമായി സൗഖ്യവും സമൃദ്ധിയുമെല്ലാം നൽകുന്നത്.
ദീനമായിക്കിടക്കുന്നവൻ സഭയിലെ മൂപ്പനെ വരുത്തി പ്രാർഥിക്കട്ടെ എന്നാണ് വചനം പറയുന്നത്.”

നനഞ്ഞൊഴുകുന്ന കണ്ണുകളുമായി ജയിംസും മിനിയും പാസ്റ്ററെ തന്നെ നോക്കിയിരുന്നു.

പ്രതീക്ഷയുടെ ഒരു ചെറു തിരിനാളം ആ മുഖങ്ങളിൽ തെളിഞ്ഞു വരുന്നത് കാണാമായിരുന്നു.

“ആത്മീയ ലോകത്തിൽ രോഗശാന്തിയുടെ മറവിൽ ഒത്തിരി തട്ടിപ്പുകൾ നടക്കുന്നുണ്ട്.

യഥാർഥ ശുശ്രൂഷകന്മാരും ശുശ്രൂഷകളും ഇല്ലെന്നല്ല അതിനർഥം.
നല്ല നാണയങ്ങൾ ഉള്ളതു കൊണ്ടാണല്ലോ കള്ള നാണയങ്ങൾ പെരുകുന്നത്.
രോഗശാന്തി പോലെയുള്ള എല്ലാ ശുശ്രൂഷകളും സൗജന്യമായി ലഭിക്കുന്നതാണ്.
അത് സൗജന്യമായിത്തന്നെ നൽകാനാണ് കർത്താവും പറഞ്ഞിരിക്കുന്നത്.
സഭയുടെയും ശുശ്രൂഷകൻ്റെയും പ്രാർഥന നിസ്വാർഥമാണ്.
അവിടെ കച്ചവട താൽപര്യങ്ങളില്ല.”

“ഞങ്ങൾക്ക് അതറിയില്ലായിരുന്നു.

ഞങ്ങളെ പലരും തെറ്റിദ്ധരിപ്പിച്ചു… ഞങ്ങൾ വഞ്ചിക്കപ്പെട്ടു…..
സ്നേഹിച്ചിരുന്ന സഹോദരനുമായുള്ള ബന്ധം ശിഥിലമായി…..
പണം നഷ്ടപ്പെട്ടു…..
മന:സമാധാനവും തകർന്നു…..”

ഇതു പറയുമ്പോൾ ജയിംസിൻ്റെ മുഖത്ത് ഒരു നിരാശ നിഴലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ദീർഘമായ ഒരു നിശ്വാസത്തിനു ശേഷം, പുറത്ത് പരന്നൊഴുകുന്ന നിലാവിലേക്ക് അവൻ

കണ്ണു പായിച്ചു.

” ബ്രദറേ…അത്യാവശ്യം വേണ്ട എല്ലാ കൃപകളും നൽകിയാണ്‌ ഒരു ശുശ്രൂഷകനെ ദൈവം സഭയിൽ നിയമിക്കുന്നത്.

എന്നാൽ സഭയും ശുശ്രൂഷകനും അറിയാതെ രഹസ്യമായി വന്നു പ്രാർഥിക്കുന്നതിനെയൊക്കെ സൂക്ഷിക്കണം.
ചിലരെ വീട്ടിൽ കയറ്റിയാൽ പിന്നെ ബാധ വർധിച്ചു കൊണ്ടിരിക്കും.
വഴിയേ പോകുന്നതിനെയെല്ലാം വിളിച്ച് തലയിൽ കൈവെയ്പ്പിക്കരുത്.
അതും ശാപമാകും.
സാരമില്ല….
നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം.
നാളെ മുതൽ ചില ദിവസങ്ങൾ നമുക്ക് സഭയായി ഒരുമിച്ച് ഉപവസിക്കാം.
ദൈവം അത്ഭുതം ചെയ്യും.”
പാസ്റ്റർ പറഞ്ഞു നിർത്തി.

അടുത്ത മൂന്നു ദിനങ്ങൾ ജയിംസിൻ്റെ ഭവനം പ്രാർഥനാർച്ചനകളുടെ യാഗവേദിയായി.
സഭയുടെ ഒരുമനപ്പെട്ട

നിലവിളി അന്തരീക്ഷത്തിൽ പ്രതിധ്വനിയായി മുഴങ്ങി.
ദൈവത്തിൻ്റെ ആത്മാവ് പരിവർത്തിച്ചു തുടങ്ങി.
സമാപന യോഗത്തിൽ സംബന്ധിച്ച സകലർക്കുംമേൽ ദൈവസാന്നിധ്യം ചാറൽമഴ പോലെ പെയ്തിറങ്ങി.
മണിക്കൂറുകൾ നീണ്ട ആരാധനയിൽ പ്രായഭേദമെന്യേ അവർ ആത്മനിറവിൽ
നൃത്തം വെച്ചു.
ജയിംസും മിനിയും രണ്ടു മക്കളും അഭിഷേക നദിയിൽ നീന്തിത്തുടിച്ചു.
മുട്ടിന്മേലിരുന്ന് ഇരു കരങ്ങളുമുയർത്തി കണ്ണീരോടെ അർഥനയിലായിരുന്ന ഇടയന് ഇടയ്ക്കെപ്പോഴോ ഒരു ആത്മനിയോഗമുണ്ടായി.
ശീഘ്രമെഴുന്നേറ്റ അദ്ദേഹത്തിൻ്റെ കരതലം രോഗിയായ പെൺകുട്ടിയുടെ ശിരസിന്മേൽ മൃദുവായി സ്പർശിക്കപ്പെട്ടപ്പോൾ അടിപ്പിണരുകളാലുള്ള സൗഖ്യം അടിമുടി വ്യാപരിച്ചു.
തിടുക്കത്തിൽ അവൾ തുള്ളിച്ചാടി നന്ദിയുടെ നറുമലരുകൾ ദൈവത്തിനേകി.
ഉപവാസയോഗങ്ങളുടെ ആനന്ദപൂർണ്ണമായ പരിസമാപ്തിയിൽ പിരിഞ്ഞു പോകുമ്പോൾ മിക്ക കണ്ണുകളും ഈറനണിഞ്ഞിരുന്നു.

ഉത്തരേന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ജയിംസിൻ്റെ ഭവനത്തിലൊന്നു കയറി പോകാമെന്നു കരുതി.

പടിഞ്ഞാറേ ചെരിവിലൂടെ കുന്നിറങ്ങി ചെല്ലുമ്പോൾ ജയിംസും അനുജൻ ബാബുവും പൂമുഖത്തുണ്ടായിരുന്നു.

മൂകത തളം കെട്ടിയിരുന്നിടത്ത് സന്തോഷത്തിൻ്റെ ആരവങ്ങളുയരുന്നു….!

നിരാശ കരിനിഴൽ വീഴ്ത്തിയ മുഖങ്ങളിൽ ചൈതന്യത്തിൻ്റെ പ്രകാശ കിരണങ്ങൾ പ്രതിബിംബിക്കുന്നു….!
മാറാരോഗത്തിൻ്റെ പാരതന്ത്ര്യത്തിൽ നിന്നും വിമോചനത്തിൻ്റെ വിഹായുസിലേക്കുയർന്ന മകൾ ശലഭത്തെപ്പോലെ പാറിപ്പറന്നു നടക്കുന്നു…..!

എനിക്ക് സന്തോഷമടക്കാനായില്ല.
ആനന്ദത്തിൻ്റെ ഒരു തിരത്തള്ളൽ എന്നിൽ അലയടിച്ചു.
തിരിച്ചറിവിൻ്റെ നിറവിൽ ഒരു കുടുംബത്തെ എത്തിച്ചതിൻ്റെ സായൂജ്യം എൻ്റെ മനസിൽ വിരിഞ്ഞു.
ദേഹമാകെ കുളിരു കോരിയിടുന്നതായി എനിക്കനുഭവപ്പെട്ടു..
അപ്പോൾ, ഞാൻ പോലുമറിയാതെ കണ്ണീർതുള്ളികൾ എൻ്റെ നയനങ്ങളിൽ നിന്ന് അടർന്നു വീഴുന്നുണ്ടായിരുന്നു.

Comments (0)
Add Comment