ലേഖനം | ഒന്ന് ചിരിച്ചിട്ട് പൊയ്ക്കൂടേ മനുഷ്യാ…| ജോ ഐസക്ക് കുളങ്ങര

മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്.
നമ്മളിൽ പലരും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ചുവടുകൾ വെച്ചു നീങ്ങിയപ്പോൾ ചിരിക്കാൻ മറന്നു പോയെന്ന് കരുതുന്നവർ ഏറെയാണ്. ബന്ധങ്ങള്‍ പുതുമയുള്ളതും ആവേശകരവുമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് പങ്കിട്ട ചിരി.

എന്നാൽ ആത്മീയ ലോകത്തിൽ വിശ്വാസികൾ എന്ന് അഭിമാനം കൊള്ളുന്ന നമ്മളും ചിരിക്കാൻ മറന്നുപോയിരിക്കുന്നു.. ആത്മീയ തീക്ഷണത കൂടിയത് കൊണ്ടാണോ?,വിശുദ്ധിയുടെ ഗ്രാഫ് കൂടിയത് കൊണ്ടാണോ എന്ന് അറിയില്ല കൂട്ടുവിശ്വാസിയെ കാണുമ്പോൾ ആ മുഖത്തു നോക്കി ഒരു പുഞ്ചിരി എങ്കിലും നൽകുവാൻ മടിയാണ്.
ചിലവൊന്നും ഇല്ലാത്ത ഒരു ചിരി പങ്കിടുവാൻ മടിച്ചുനിൽകുന്ന ഈ വിശുദ്ധ കൂട്ടം ആകട്ടെ പാരമ്പര്യവും പത്രാസും ഉള്ള കൂട്ടത്തെ തിരിഞ്ഞു പിടിച്ചു ചിരിച്ചു അഭിനയിച്ചു തകർക്കുന്നതും കാണാം..

അഭിനയ ചിരികൾ പലവിധമാണ്.
ആക്കിയ ചിരി,അർത്ഥം വെച്ചുള്ള ചിരി,കള്ള ചിരി അങ്ങനെ നീളുന്നു പട്ടിക..
എന്നാൽ ഹൃദയം തുറന്ന് ഒന്നു പുഞ്ചിരിക്കുവാൻ, മറ്റുള്ളവരോട് സംസാരിക്കുവാൻ, എന്താണ് നമുക്കു കഴിയാതെ പോകുന്നത്?.

പുഞ്ചിരിയില്‍  പിശുക്കു കാണിക്കുന്ന നമ്മുടെ ഉള്ളിൽ ഞാൻ എന്ന ഭാവം മാറ്റിനിർത്തിയാൽ മാത്രം മതിയാകും കപടമില്ലാത്ത ഒരു പുഞ്ചിരി നമ്മുടെ ചുണ്ടുകളിൽ തനിയെ വിരിയുവാൻ.   നല്ലൊരു ഒരു ചിരി സമ്മാനിക്കാന്‍ തടസ്സമായി നിൽക്കുന്ന എല്ലാ ചിന്തകൾക്കും അവധികൊടുത്തു ചിരിയെന്ന താക്കോൽ കൊണ്ട് നമ്മുടെ ഹൃദയങ്ങളും തുറന്നിടാം.
ആത്മാവിന്റെ സൗന്ദര്യമാണ് പുഞ്ചിരി.ഒരു പക്ഷെ നിങ്ങളുടെ ആ ഒരു ആത്മാർത്ഥമായ പുഞ്ചിരി മതിയാകും മറ്റൊരാളുടെ ജീവിതം മനോഹരമാക്കാൻ…

നമുക്കൊന്നു ചിരിച്ചുതുടങ്ങാം..
നിങ്ങൾ ചിരിക്കുമ്പോൾ ഭൂമിയും സ്വർഗ്ഗമാകുന്നു….

Comments (0)
Add Comment