കവിത | സമർപ്പിത വിജയം| പ്രവീൺ പ്രചോദന

കൂടെ ഇരിപ്പാനും മരണം വരിപ്പാനും
ഉണ്ടെനിക്കാശ എൻ പ്രാണപ്രിയനായി
കഴിഞ്ഞില്ലെനിക്കു തന്നോടൊപ്പം മരിപ്പാൻ
തള്ളിപറഞ്ഞുപോയി എൻ പൊന്നു നാഥനെ –
അറിയില്ല അറിയില്ല എന്നോതിപോയി ഞാൻ പലവുര
എങ്കിലും മാപ്പേകീ എൻ പ്രാണനാഥനെനിക്കായി
തിരികെചോദിച്ചു എന്നോടു സ്നേഹിക്കുന്നുവോ
നീ ആരിലും അധികമായ് അധികമായ്.

സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ നിന്നും
വലിയവനായ് മറ്റാരുമില്ലെന്നു സാക്ഷ്യം
ലോകത്തിൻ രക്ഷകൻ പറഞ്ഞു എന്റെ പേർക്കായി
എങ്കിലും എന്നാശയാതൊന്നു മാത്രമേ
അവനോ വളരേണം ഞാനോ കുറയേണം.

അധികാരപത്രം എൻ കയ്യിലുള്ളതാൽ
ആരെയും പിടിച്ചുകെട്ടുവാനും ആവതുപോലെ ഉപദ്രവിപ്പാനും
ഇറങ്ങി പുറപ്പെട്ട എൻ ജീവിതം തുടരില്ലിവിടെ
മിന്നുന്ന വെളിച്ചം എന്നെ
സ്പർശിക്കുന്ന നാഴികയടുത്തു
എൻ പ്രയാണത്തിൽ
ഇനി എൻ പ്രയാണം ക്രിസ്തൻ നാമത്തെ പ്രഘോഷിപ്പാൻ
ജ്വലിക്കുന്നു തൻ ശക്തിയെന്നിൽ മേൽമേലായി.

എന്തെല്ലാം വന്നാലും ക്രിസ്തുവിൻ സ്നേഹത്തിൽ
നിന്നെന്നെ വേർപിരിപ്പാൻ കഴിയില്ലയാതൊന്നിനും
തൻ ദിവ്യസ്നേഹത്താൽ നേടും ഞാൻ പൂർണജയം
എല്ലാറ്റിനും മീതെ എല്ലാമായ ക്രിസ്തെശുവിൻ നാമത്തിൽ
ആകയാൽ എണ്ണുന്നു എൻ മരണമിന്നു ലാഭമായ്
ജീവിക്കുന്നുവെങ്കിലോ അതെന്നിൽ ക്രിസ്തു മാത്രം.

ആകയാൽ ഓടും ഞാൻ ഈ പോർക്കളമേട്ടിൽ
കാത്തിടും എൻ കർത്തനിലുള്ള വിശ്വാസത്തെയും
പൊരുതും ഞാൻ എന്റെ പേർക്കുള്ള വിരുതിന്നായി
എൻ ശ്വാസം നിലക്കും വരെയും
അതാണെന്റെ ജീവന്റെ സമർപ്പിത വിജയം

Comments (0)
Add Comment