ലേഖനം | തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു? | ബിജു പി. സാമുവല്‍ (പശ്ചിമ ബംഗാള്‍)

തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു?

ശുശ്രൂഷകന്‍ എന്ന വാക്കിന് പകരമായി വിവിധ യവനായ വാക്കുകള്‍ ഉണ്ട്. അതിലൊന്നാണ് ഹ്യൂപെരെറ്റെസ് (Huperetes). Hupo എന്ന വാക്കിന് ‘കീഴില്‍’ എന്നും Eretes എന്ന വാക്കിന് ‘തുഴക്കാരന്‍’ എന്നുമാണ് അര്‍ത്ഥം. Huperetes എന്ന വാക്കിന് ‘തണ്ട് വലിക്കുന്നവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവന്‍’ (A man working under a rower) എന്നാണര്‍ത്ഥം. അതായത് ശുശ്രൂഷകന്‍ തണ്ട് വലിക്കുന്നവനല്ല, സഹായി മാത്രമാണ്. (വഞ്ചി വലിക്കാനുള്ള ഒരുതരം തുഴയാണ് തണ്ട്).


അപ്പോള്‍ തണ്ട് വലിക്കുന്നതാരാണ്? വിശാല അര്‍ത്ഥത്തില്‍ കപ്പലിനെ ഉദ്ദാഹരണം ആക്കാം. തുഴക്കാരന്റെ സ്ഥാനത്ത് കപ്പിത്താനെയും പ്രതിഷ്ഠിക്കാം. കപ്പലിന്റെ ഏറ്റവും ടോപ്പ് റാങ്ക് ഉദ്യോഗസ്ഥ നാണ് ക്യാപ്റ്റന്‍. ഒരു കപ്പലിന്റെ യാത്രയുടെ മുഴുവിജയവും ക്യാപ്റ്റന്റെ ചുമലിലാണ്. കപ്പലിന്റെ സുരക്ഷിതത്വവും ക്യാപ്റ്റന്റെ ഉത്തരവാദിത്വമാണ്. അദ്ദേഹം ക്രൂവിനെ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ക്യാപ്റ്റന്‍ കപ്പലിന്റെ മുഴുവന്‍ നേതാവാണെന്ന് സാരം. കപ്പിത്താന്‍ എന്നതിന്റെ യവനായവാക്കായ Kubernetes – ന് നായകന്‍, ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥം. Kubernetesന് തത്തുല്യമായ ഇംഗ്ലീഷ് വാക്കുകളാണ് Lord, Master എന്നിവ. അത് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്ന വാക്കുമാണല്ലോ. Kubernetes നായകനാണെങ്കില്‍ Huperetes സഹായി മാത്രമാണ്. സഹായിക്ക് സ്വന്ത ഇഷ്ടപ്രകാരം ജോലി ചെയ്യാനാവില്ല. യജമാനന്റെ ആജ്ഞകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് താന്‍.


ജീവിതനൗകയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ നൗക അക്കരെ എത്തിക്കാനുള്ള പരിശ്രമത്തില്‍ തണ്ടു വലിച്ച് വലയുന്ന അനേകരുണ്ട്. അനേകരുടെ വിശ്വാസക്കപ്പല്‍ തകര്‍ന്നും പോയി (1 തിമൊ. 2:19). ജീവിതമാകുന്ന കപ്പലിന്റെ നിയന്ത്രണം മുഴുവന്‍ കപ്പിത്താനായ യേശുവിന് ആണെങ്കില്‍ പിന്നെ നാമെന്തിന് തുഴഞ്ഞ് തുഴഞ്ഞ് തളരണം? കര്‍ത്താവ് ചെയ്യേണ്ട ജോലി സ്വയം ഏറ്റെടുത്ത് എന്തിനാണ് കര കയറാനാവാതെ നാം മുങ്ങുന്നത്? നമ്മുടെ ഭാരം വഹിക്കുകയും (സങ്കീ.55:22) നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന യേശുകര്‍ത്താവ് ഉള്ളപ്പോള്‍ (മത്താ. 11:28)പിന്നെയും ഈ ഭാരം വഹിക്കേണ്ട ആവശ്യ മുണ്ടോ? അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കില്ലല്ലോ. നമുക്കായി കരുതുന്ന ഒരു കര്‍ത്താവുള്ളപ്പോള്‍ എന്തിനിങ്ങനെ ഉറക്കമില്ലാത്ത രാത്രികള്‍? യജമാനനായ കര്‍ത്താവ് തീരുമാനമെടുക്കട്ടെ. സഹായിക്ക് അവിടെ റിസ്‌ക് ഒന്നുമില്ല. കാരണം കര്‍ത്താവ് പറയുന്ന ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ വരുന്ന എല്ലാറ്റിനും ഉത്തരവാദി കര്‍ത്താവ് തന്നെയല്ലേ? കൊടുങ്കാറ്റ് ആഞ്ഞടിച്ച് കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കും രക്ഷപ്പെടുമെന്ന ആശ നശിച്ചിട്ടും പൗലോസ് അപ്പോസ്തലന്‍ ധൈര്യത്തോടെ നിന്നത് ‘കര്‍ത്താവ് എന്റെ ഉടയവന്‍ ആണ്’ (ഞാന്‍ അവിടുത്തെ വകയാണ്) എന്ന ബോധ്യം ഉണ്ടായിരുന്നതു കൊണ്ടാണ് (പ്രവൃ. 27:22-23). പൗലോസ് അപ്പോസ്തലന്‍ തന്റെ ജീവിതത്തിന്റെ നിയന്ത്രണം മുഴുവന്‍ കര്‍ത്താവിന് കൈമാറിയിരുന്നു. അവിടെ അധ്വാനിക്കുന്നത് പോലും കര്‍ത്താവാണ്. നാം കര്‍ത്താവിന്റെ കൂട്ടുവേലക്കാരും (1കൊരി. 3:9).


പലര്‍ക്കും ഈ യേശുവിനെ രക്ഷിതാവായും സൗഖ്യദായകനായും നന്മകള്‍ നല്‍കുന്നവനായും അറിയാം. പക്ഷേ യേശുവിനെ കര്‍ത്താവായി അംഗീകരിക്കാതെ പിന്തുടരുന്നവര്‍ ധാരാളം ഇന്നുമുണ്ട്. സ്വന്ത ഇഷ്ടം ചെയ്യാന്‍ ലവോദിക്യക്കാരെ പോലെ അവര്‍ കര്‍ത്താവിനെ പുറത്താക്കി. അതുകൊണ്ടാണ് നാഥനില്ലാക്കളരിയായി സഭകള്‍ (സംഘടനകള്‍) മാറുന്നത്. സഭയുടെ നാഥന്‍ നേതാക്കന്മാരല്ല, കര്‍ത്താവ് തന്നെയാണ്. ജീവിത നിയന്ത്രണം കര്‍ത്താവിനെ ഏല്‍പ്പിച്ച് കര്‍ത്താവ് പറയുന്നതു പോലെ ചെയ്യുന്ന സഹായിയായി അവിടുത്തെ പിന്തുടരുന്ന ആ യാത്ര എത്ര മനോഹരമാണെന്ന് അറിയാമോ? ആശങ്ക ലവലേശമില്ല. നാളെയെക്കുറിച്ചുള്ള ആധികളില്ല. ഭാവി അനിശ്ചിതത്വത്തില്‍ ആകുമോയെന്ന ആകുലതകളു മില്ല. കര്‍ത്താവില്‍ എല്ലാം ഭദ്രം. ഇനിയെങ്കിലും നാം യജമാനനോ നായകനോ ആകാതെ, ജീവിത നിയന്ത്രണം മുഴുവന്‍ കര്‍ത്താവിനെ ഏല്‍പ്പിക്കുക. നമ്മുടെ ജീവിതത്തെ അവിടുന്ന് തന്നെ നയിക്കട്ടെ. നമ്മുടെ വിശ്വാസക്കപ്പലിനെ നയിച്ച് ശുഭതുറമുഖത്ത് എത്തിക്കാന്‍ ആ നായകന് കഴിയും.

Comments (0)
Add Comment