ക്രിസ്തു സാക്ഷികള്‍ | ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു വെളിച്ചമേകിയ ഡേവിഡ് ലിവിംഗ്സ്റ്റണ്‍ | പാസ്റ്റര്‍ എബിമോന്‍ കൂവപ്പള്ളി

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു വെളിച്ചമേകിയ ഡേവിഡ് ലിവിംഗ്സ്റ്റണ്‍

ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിയ്ക്കുന്ന ആഫ്രിക്കയില്‍ സുവിശേഷത്തിന്റെ അഗ്‌നിനാളങ്ങള്‍ കാട്ടുതീ പോലെ ആളിക്കത്തിച്ച് ആഫ്രിക്കന്‍ മണ്ണില്‍ എരിഞ്ഞടങ്ങിയ ശക്തനായ കര്‍മ്മപോരാളിയാണ് ഡേവിഡ് ലിവിംഗ്സ്റ്റണ്‍. പ്രതികൂലങ്ങളെ തൃണവല്‍ ഗണിച്ച് ക്രിസ്തുവിനുവേണ്ടി ആവോളം പോരാടിയ പടയാളിയാണ് ഡേവിഡ് ലിവിംഗ്സ്റ്റണ്‍.
1813 മാര്‍ച്ച് 13ന് സ്‌കോട്ട്‌ലന്‍ഡിലെ ഒരു സാധാരണ കുടുംബത്തില്‍ ഡേവിഡ് ലിവിംഗ്സ്റ്റണ്‍ ജനിച്ചു. ദൈവഭക്തരും ആദര്‍ശധീരരുമായിരുന്നു മാതാപിതാക്കള്‍. ഇവരുടെ ജീവിതരീതികള്‍ ഡേവിഡ് ലിവിംഗ്സ്റ്റണെ വളരെ സ്വാധീനിച്ചു. കടുത്ത ദാരിദ്ര്യം മൂലം വിദ്യാഭ്യാസം തുടരാനാകാതെ പത്താം വയസ്സില്‍ ഒരു തുണിമില്ലില്‍ ജോലിക്കു കയറി. കഠിനാദ്ധ്വാനിയും ഉത്സാഹിയുമായ ഡേവിഡ് ജോലിയോടൊപ്പം ലാറ്റിന്‍, ഗ്രീക്ക് ഭാഷകളും ബോട്ടണിയും പഠിച്ചു. ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രം കരസ്ഥമാക്കി. വേദശാസ്ത്രത്തിലും സയന്‍സിലും തനിക്കുള്ള അറിവ് അപാരമായിരുന്നു. സ്വയപരിശ്രമത്താലും പണം തനിയെ കണ്ടെത്തിയുമായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ചൈനയില്‍ മെഡിക്കല്‍ മിഷനറിയെ ആവശ്യമുണ്ടെന്ന വാര്‍ത്ത ഡേവിഡിന് ഏറെ സന്തോഷം നല്‍കി. യേശുവിനെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ച നാള്‍മുതല്‍ ഒരു മിഷനറിയാകണമെന്ന ആഗ്രഹം തന്നെ അലട്ടിക്കൊണ്ടിരുന്നു. അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ താന്‍ ഉത്സാഹിച്ചു. പക്ഷേ ‘ഒപ്പിയം വാര്‍’ എന്ന പേരില്‍ നടന്ന ഭീകര യുദ്ധം മൂലം പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റോബര്‍ട്ട് മോഫാറ്റ് എന്ന ആഫ്രിക്കന്‍ മിഷനറിമായുള്ള ബന്ധം ഡേവിഡ് ലിവിംഗ് സ്റ്റണിന്റെ ജീവിത ദര്‍ശനത്തിന് വഴിത്തിരിവായി. യേശുവിനെ അറിയാത്തവരായി ആയിരക്കണക്കിനാ ളുകള്‍ ആഫ്രിക്കയിലുണ്ടെന്ന മോഫാറ്റിന്റെ വാക്കുകള്‍ ഡേവിഡിന് പ്രചോദനമായി. 1843 ന് മാബറ്റ്‌സാ എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പ്രതികൂലത്തിലൂടെ കടന്നുപോയ നാളുകളായിരുന്നു തുടക്കം. ഒരിക്കല്‍ ഒരു സിംഹത്തിന്റെ ആക്രമണത്തില്‍ അകപ്പെട്ടു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി; ഇടത്തേ കൈ പൂര്‍ണ്ണമായും ബലഹീനമായി. സിംഹത്തെ കൊന്നിട്ടാണ് ഡേവിഡ് ലിവിംഗ്സ്റ്റണിനെ രക്ഷിക്കാനായത്.
ആഫ്രിക്കന്‍ മണ്ണില്‍ സുവിശേഷ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ ആവോളം യത്‌നിച്ചു. 1844 മെയ് മാസത്തില്‍ റോബര്‍ട്ട് മോഫാറ്റിന്റെ മകള്‍ മേരിയുമായുള്ള വിവാഹം നടത്തപ്പെട്ടു. സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ആരംഭ നാളുകളില്‍ ഏറെ പ്രതികൂലങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഒരു ക്ഷാമമുണ്ടായപ്പോള്‍ പ്രദേശവാസികള്‍ ഭക്ഷിക്കുന്ന വിട്ടിലിനേയും തവളയെയും ഭക്ഷിക്കേണ്ടതായി വന്നു. ‘ആഫ്രിക്കയുടെ തുറന്ന വ്രണങ്ങള്‍’ എന്ന് വിശേഷിപ്പിച്ച അടിമക്കച്ചവടം ഡേവിഡിനെ ഏറെ വേദനിപ്പിച്ചു. അതിനെതിരെ ശബ്ദമുയര്‍ത്തി; അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിലമര്‍ന്ന പ്രദേശവാസികളില്‍ നിന്നും ഏറെ കഷ്ടതകള്‍ സഹിക്കേണ്ടി വന്നു. ബോവേര്‍ഡ് എന്നറിയപ്പെടുന്ന ഡച്ചുകുടിയേറ്റക്കാരുടെ അടിമക്കച്ചവടത്തിന്റെ ഭീകരത ഭയാനകമായിരുന്നു.
വെള്ളക്കാരെ കണ്ടിട്ടുപോലുമില്ലാത്ത ജനങ്ങള്‍ പാര്‍ക്കുന്ന ആഫ്രിക്കന്‍ ഉള്‍ക്കാടുകളിലൂടെ സഞ്ചരിച്ച് നിരവധി പേരെ കണ്ടെത്തി സുവിശേഷം പറഞ്ഞ് ക്രിസ്തുവിലേയ്ക്ക് നയിച്ചു, കൂടാതെ വൈദ്യസഹായവും നല്‍കി. ഡേവിഡ് തന്റെ കുടുംബത്തെ ഇംഗ്ലണ്ടിലേയ്ക്ക് അയച്ച ശേഷമാണ് ഈ കഠിനമേറിയ പ്രവര്‍ത്തനമേഖല തിരഞ്ഞെടുത്തത്. സുവിശേഷ ത്തിന്റെ വെളിച്ചം തിരിച്ചറിഞ്ഞ ഒരു ഗോത്രത്തലവന്റെ, ‘നിങ്ങളുടെ രാജ്യത്തുള്ളവര്‍ എന്തുകൊണ്ട് നേരത്തെ ഇവിടെ വന്നില്ല; ഞങ്ങളുടെ പിതാക്കന്മാര്‍ യേശുവിനെ അറിയാതെ കടന്നു പോയല്ലോ’ എന്ന വാക്കുകള്‍ വീണ്ടും പ്രചോദനമായി.
ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി യാത്രകള്‍ ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. പട്ടിണി സന്തത സഹചാരിയായിരുന്നു. കാട്ടുകിഴങ്ങുകളും പഴവര്‍ഗ്ഗങ്ങ ളുമായിരുന്നു വിശപ്പടക്കാന്‍ ഏകമാര്‍ഗ്ഗം. കടുത്ത പനി ബാധിച്ച് ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടാവുകയും ഏറെ നാള്‍ കിടപ്പിലാവുകയും ചെയ്തു. ആഫ്രിക്കയില്‍ നീണ്ട 16 വര്‍ഷത്തെ പ്രവര്‍ത്തനത്തി നൊടുവില്‍ 1856-ല്‍ ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങി. വിവിധ സംഘടനകളും യുണിവേഴ്‌സിറ്റികളും ഊഷ്മളമായ സ്വീകരണം നല്‍കി എതിരേറ്റു. ആഫ്രിക്കയിലെ പല തടാകങ്ങളും കണ്ടെത്തിയതില്‍ താന്‍ പ്രസിദ്ധനായി. തന്റെ യാത്രാ ക്കുറിപ്പുകള്‍, വിവരണങ്ങള്‍ എന്നിവ ഒരു പുസ്തക രൂപത്തിലാക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്‍ മെന്റിന്റെ ഉദ്യോഗസ്ഥനായി 2 വര്‍ഷത്തിനു ശേഷം വീണ്ടും ആഫ്രിക്കയില്‍ മടങ്ങിയെത്തി. 1862 ഏപ്രില്‍ 27-ന് രോഗബാധിതയായി ഭാര്യ മരണമടഞ്ഞു. ഡേവിഡ് ലിവിംഗ്സ്റ്റണ്‍ ഏകനായി ആഫ്രിക്കയുടെ ഹൃദയഭാഗ ത്തേക്ക് യാത്രയായി. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ക്ലേശപൂര്‍ണ്ണമായിരുന്നു. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടമായി. ഒരു ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു; രോഗം മൂര്‍ച്ഛിച്ച അദ്ദേഹത്തെ ആഫ്രിക്കന്‍ സഹോദരങ്ങള്‍ മഞ്ചത്തില്‍ ചുമന്നു കൊണ്ടുപോയി ഒരു കുടിലില്‍ കിടത്തി. 1873 മെയ് 1 ന് ഒരു സ്‌നേഹിതന്‍ പ്രഭാതത്തില്‍ എത്തുമ്പോള്‍ ഡേവിഡ് ലിവിംഗ്സ്റ്റണ്‍ തന്റെ കിടക്കയ്ക്കരികില്‍ പ്രാര്‍ത്ഥനക്കായ് മുട്ടുമടക്കിയ നിലയിലായിരുന്നു. അവിടെ നിന്നും താന്‍ എഴുന്നേറ്റില്ല, ആ പ്രാര്‍ത്ഥനാ വേളയിലെപ്പോഴോ ലിവിംഗ്സ്റ്റണിന്റെ ജീവന്‍ സ്വര്‍ഗ്ഗീയ പറുദീസയിലേക്കു പറന്നിരുന്നു. തന്റെ മൃതദേഹം ഇംഗ്ലണ്ടിലെത്തിച്ച് പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ സംസ്‌കരിച്ചു.

Comments (0)
Add Comment