ലേഖനം |തിരഞ്ഞെടുക്കപ്പെട്ടവർ തിരഞ്ഞെടുക്കേണ്ടവ !| ജോസ് പ്രകാശ്

തിരഞ്ഞെടുക്കപ്പെട്ടവർ തിരഞ്ഞെടുക്കേണ്ടവ !

വിശുദ്ധ തിരുവെഴുത്തുകൾ ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇഹലോക വാസം അവസാനിക്കുന്നതിന് മുമ്പ് ചില നിർണ്ണായകമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇഹത്തിലെ തിരഞ്ഞെടുപ്പ് വിവേകപൂർവ്വമായാലെ പരത്തിലെ വാസം സന്തോഷ പൂർണ്ണമാകയുള്ളു.

നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീർന്ന് ആത്മാവിന്റെ വിശുദ്ധീകരണത്താലും വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കേണ്ടതിനും, നിലനിൽക്കുന്ന ഫലം കായ്ച്ചു അവിടുത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനും വേണ്ടിയാണ് സ്നേഹവാനായ ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തത്.

നമ്മുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് നമുക്ക് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. നമ്മുടെ മഹത്വം കൊണ്ടല്ല ദൈവകൃപയുടെ ബഹുത്വം കൊണ്ടാണ് നാം തിരഞ്ഞെടുക്കപ്പെട്ടത്. മാനുഷിക മാനദണ്ഡമനുസരിച്ചു നാം വിവേകശാലികളോ, സ്വാധീനമുള്ളവരോ, കുലീനരോ ആയിരുന്നില്ല. എങ്കിലും മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരവൽക്കരിക്കാൻ അറിവില്ലാത്തവരും അശക്തരുമായിരുന്ന നമ്മെ ദൈവം തെരഞ്ഞെടുത്തു.

അതുകൊണ്ട് ആരെ അനുഗമിക്കണം അഥവാ ആരെ തെരഞ്ഞെടുക്കണം എന്നത് വിശ്വാസ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാര്യമാണ്. ഒന്നിലധികം വസ്തുക്കളോ, വ്യക്തികളോ ഉള്ളപ്പോഴാണ് ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നത്. ഒന്നിനെ ഉപേക്ഷിച്ചാലെ മറ്റൊന്നിനെ തിരഞ്ഞെടുക്കുവാൻ സാധിക്കുകയുള്ളൂ. അതായത് ജീവനുള്ളതിനെ തെരഞ്ഞെടുക്കുവാൻ ജീവനില്ലാത്തതിനേയും, അമൂല്യമായതിനെ നേടുവാൻ മൂല്യം കുറഞ്ഞതിനെയും ഉപേക്ഷിക്കാൻ നാം തയ്യാറാകണം.

മനുഷ്യരാൽ മനുഷ്യർ തെരഞ്ഞെടുക്കപ്പെടുന്നതല്ല, ദൈവത്താൽ മനുഷ്യർ തെരഞ്ഞെടുക്കപ്പെട്ടതാണ് മഹിയിലെ മഹത്തായ കാര്യം.
അതുകൊണ്ട് “മനുഷ്യരെ നാം തിരഞ്ഞെടുക്കുന്നതോ അവർ നമ്മെ തിരഞ്ഞെടുക്കുന്നതോ അല്ല പ്രധാനം പ്രത്യുത ദൈവത്താൽ നാം തിരഞ്ഞെടുക്കപ്പെട്ടുവോ എന്നതാണ് പരമപ്രധാനം”.

ഉലകത്തിലെ നേതാവിനെ തിരഞ്ഞെടുക്കുവാൻ
ഉയരത്തിലെ രാജാവിനെ തിരസ്ക്കരിക്കുന്നതും, ജനാധിപത്യത്തെ പരിഗണിക്കുവാൻ ദൈവാധിപത്യത്തെ അവഗണിക്കുന്നതും അപകടകരമാണ്. നാം ലോകത്തിന്റെ അനുകാരികളല്ല ക്രിസ്തുവിന്റെ അനുഗാമികളാണ്. നാം ദൈരാജ്യത്തിന്റെ പ്രവർത്തകരും പ്രഘോഷകരുമാണ്.

താല്ക്കാലിക തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ശാരീരിക വളർച്ച മതിയാകും. എന്നാൽ നിത്യമായവ തിരഞ്ഞെടുക്കുവാൻ വിശ്വാസത്തിൽ വളരണം. വിശ്വാസവീരനായ മോശയുടെ ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പുകൾ അതിന് മകുടോദാഹരണമാണ്. ഫറവോന്റെ പുത്രിയുടെ മകനെന്ന പദവി ഉപേക്ഷിച്ച് ദൈവത്തിന്റെ മകനെന്ന ഭാഗ്യവും, പാപത്തെ ഉപേക്ഷിച്ച് ത്യാഗവും, നശ്വര സമ്പത്ത് ഉപേക്ഷിച്ച് ക്രിസ്തുവെന്ന ഉത്തമ സമ്പത്തും താൻ തിരഞ്ഞെടുത്തു.

ദൈവഭക്തരായി ജീവിച്ചാൽ നാം തിരഞ്ഞെടുക്കേണ്ട വഴിയും ദൈവം നമുക്ക് കാണിച്ചു തരും. എന്നാൽ വിനാശത്തിലേക്കുള്ള വിസ്തൃതമായ വഴി ഉപേക്ഷിച്ച് ജീവനിലേക്കുള്ള ഇടുങ്ങിയ വഴി വിവേകപൂർവ്വം തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. ചുരുക്കത്തിൽ നമുക്കിഷ്ടമുള്ളവയല്ല പ്രത്യുത ദൈവം കാട്ടിത്തരുന്നവയാണ് നാം തെരഞ്ഞെടുക്കേണ്ടത്. ആത്യന്തികമായി ദൈവേഷ്ടമാണ് വിശ്വാസ ജീവിതത്തിലെ തിരഞ്ഞെടുപ്പിൽ നിറവേറ്റപ്പെടേണ്ടത്.

ആദിമ മാതാപിതാക്കളുടെ തെറ്റായ തിരഞ്ഞെടുപ്പ് നിത്യമരണത്തിനു കാരണമായെങ്കിൽ നമ്മുടെ ശരിയായ തിരഞ്ഞെടുപ്പ് നിത്യജീവൻ പ്രാപിക്കുവാൻ കാരണമാകും. അതിനാൽ
ജീവനോ മരണമോ, സ്വർഗ്ഗമോ നരകമോ, ശിക്ഷയോ രക്ഷയോ ? ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.

ഈ യുഗാന്ത്യത്തിൽ കൃപയാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ശേഷിപ്പിൽ അംഗമാകുവാൻ ഭാഗ്യം ലഭിച്ച നമുക്ക് കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു വരവേൽപ്പ് ലഭിക്കേണ്ടതിനായി
നമ്മുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കാം.

Comments (0)
Add Comment