ലേഖനം | ശൗലിന്റെ കുന്തവും ദാവീദിന്റെ കിന്നരവും | പാ. ബാബു പയറ്റനാൽ

ശൗലിന്റെ കുന്തവും ദാവീദിന്റെ കിന്നരവും.

ലോകത്തിലെ സകല രാജ്യങ്ങളിൽനിന്നും ദൈവകൃപയാൽ ദൈവത്തിൻറെ പദ്ധതിയും പ്രവർത്തിയും വെളിപ്പെടുത്തുവാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെ ദൈവം തൻറ പ്രവാചകന്മാരിലൂടെ ദൈവാലോചന കൊടുത്തു ദൈവം അവരുടെ രാജാവായി, ഭൂമിയിലെ അക്ഷരീകമായ ദൈവരാജ്യമായി ഇസ്രായേൽ ദൈവത്താൽ ഭരിക്കപ്പെടണം എന്നുള്ളതായിരുന്നു ദൈവഹിതം. മറ്റു ജാതികളിൽ ഉള്ളതുപോലെ ഒരു മാനുഷിക രാജഭരണം ഇസ്രായേലിൽ ദൈവം ആഗ്രഹിച്ചിരുന്നില്ല.

ദൈവം ഇസ്രായേലിന്റെ രാജാവായി അവരെ നടത്തിയിരുന്ന സമയത്ത് അവർക്ക് ഒന്നിനും മുട്ടുണ്ടായിരുന്നില്ല. യുദ്ധങ്ങളിൽ അവർ തന്നെയായിരുന്നു വിജയികൾ. ഇസ്രായേൽ ജനം ജാതികളെ നോക്കിയപ്പോൾ അവർക്കെല്ലാം അവരെ നയിക്കുവാൻ രാജാക്കന്മാർ ഉണ്ടെന്ന് കണ്ടെത്തി. രാജാവിൻറെ പ്രൗഢഗംഭീരമായ പ്രവർത്തനശൈലി അവരെ ആകർഷിച്ചു.അതുകൊണ്ട് ഒരു രാജാവ് ഉണ്ടായാൽ കാര്യങ്ങൾ നന്നായി നടക്കുമെന്ന് അവർ ചിന്തിച്ചു.

ഇപ്രകാരം ഇസ്രായേൽ ജനം ലോകത്തിന് അനുരൂപരാകുവാൻ ജാതീയമായ രാക്കന്മാരെപ്പോലെ ഇസ്രായേലിന് ഒരു രാജാവ് വേണമെന്ന് ശമുവേൽ പ്രവാചകനെ നിർബന്ധിച്ചു. 1ശമൂ 8:5-7 നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.

ദൈവം അവരുടെ അപേക്ഷ നിരസിച്ചില്ല. എങ്കിലും അവർ അത് ദൈവഹിതപ്രകാരമല്ലാതെ ദൈവത്തിൽനിന്ന് നിർബന്ധത്താൽ പിടിച്ചുവാങ്ങിയതായതുകൊണ്ട് കാലക്രമേണ ഇസ്രായേലിലെ രാജാക്കന്മാരുടെ രാജ്യഭരണം പൂർണ്ണമായി പരാജയപ്പെട്ടു,രാജ്യം ശിഥിലമായിപ്പോകുന്നതായി നാം കാണുന്നു.

ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായിരുന്ന ശൌൽ അഭിഷേകത്തോടെയും അധികാരത്തോടെയും തൻറ രാജ്യഭരണത്തിൻറ ആദ്യകാലങ്ങളിൽ വളരെ നന്നായി ശോഭിച്ചു എങ്കിലും പിന്നീട് ദൈവകല്പന ലംഘിച്ച് തനിക്ക് ലഭിച്ച അഭിഷേകവും അധികാരവും നഷ്ടപ്പെടുത്തി ദൈവകൃപയിൽ നിന്ന് വീണുപോയി. 1ശമൂ.15:24 ശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു. (പാപത്തിൽ വീണു പോയ ശൗൽ ഇപ്രകാരം തൻറ പാപങ്ങൾ ഏറ്റു പറഞ്ഞു എങ്കിലും ഇത് പൂർണ്ണമനസ്സോടുകൂടിയ ആത്മാർത്ഥമായിട്ടുള്ള ഏറ്റുപറച്ചിൽ ആയിരുന്നില്ല,അതുകൊണ്ട് ദൈവം അവനെ രാജ സ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞു.)

ദൈവകൽപന അറിഞ്ഞിട്ട് അത് അനുസരിക്കാതിരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന ദൈവത്തിൻറ താക്കീത് ആവർത്തന പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.ആവ.28:28 ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും. (ഒരിക്കൽ ദൈവവിളി ലഭിക്കുകയും അഭിഷേകത്തോടെ അധികാരത്തോടെ സുവിശേഷവേല ചെയ്തിരുന്നവരിൽ ചിലർ പിൻമാറിമാറിപ്പോയി ദുരുപദേശം പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എബ്രാ. 6:5-6 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.)

ശൗൽ ഒരു മാനസീക രോഗിയായി.
കിന്നരം വായിക്കാൻ കഴിയുന്ന ഒരാളെ മാനസിക ക്ലേശങ്ങൾ ലഘൂകരിക്കാൻ വിളിക്കണമെന്ന് ശൗലിന്റെ ഉപദേഷ്ടാക്കൾ ശുപാർശ ചെയ്യുകയും ദാവീദിനെ (ഭാവിയിലെ രാജാവിനെ) ചുമതലപ്പെടുത്തുകയും ചെയ്തു.
1ശമൂ.16:23 ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും. ഇന്ന് പലപ്പോഴും കിന്നരസംഗീതം ഉപയോഗിക്കുന്ന മ്യൂസിക് തെറാപ്പി 3,000 വർഷം മുമ്പ് ഉപയോഗിച്ചിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.

ശാരീരിക രോഗവും മാനസിക രോഗവും തമ്മിലുള്ള പ്രധാന വ്യത്യാസം ശാരീരിക രോഗം സ്വന്ത ശരീരത്തിൽ വേദന ഉണ്ടാകുന്നു, അങ്ങനെ രോഗം നാം തിരിച്ചറിയുന്നു. എന്നാൽ മാനസിക രോഗികൾക്ക് സ്വന്തം ശരീരത്തിൽ മാനസിക രോഗത്തിന്റെതായ വേദന അനുഭവപ്പെടുന്നില്ല, അതുകൊണ്ട് അവർ അത് തിരിച്ചറിയുന്നില്ല. അവർ മനം തഴമ്പിച്ച് പോയവരാകയാൽ മറ്റുള്ളവരെ ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്നതിൽ ആനന്തം കണ്ടെത്തുന്നു. ഇക്കൂട്ടർ ചിന്തിക്കുന്നത്, സംസാരിക്കുന്നത്, പ്രവർത്തിക്കുന്നത് എന്ത് എന്ന് അവർ അറിയുന്നില്ല. എഫെ. 4:19 ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.

ദൈവകല്പന ലംഘിച്ച് ദൈവകൃപയിൽ നിന്ന് വീണുപോയി ഒരു മാനസീക രോഗിയായി തീർന്നപ്പോൾ ശൌൽ
ഒരു പീഢകനായിത്തീർന്നു.
1ശമൂ.19:10 അപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേർത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.

ദാവീദ് ശൌലിനോട് നന്മ മാത്രമെ ചെയ്യ്തിട്ടുള്ളു. എന്നിട്ടും ശൌൽ ദാവീദിനെ കൊല്ലുവാൻ ശ്രമിക്കുന്നു. ദാവീദിന്റെ അതിമനോഹരമായ കിന്നരഗാനം ആസ്വദിച്ചു ആശ്വാസവും സുഖവും ലഭിച്ച ശൗൽ പലപ്രാവശ്യം കുന്തം എറിഞ്ഞ് ദാവീദിനെ കൊല്ലുവാൻ ശ്രമിച്ചുവെങ്കിലും ദൈവകൃപയാൽ ദാവീദ് അതിൽനിന്നെല്ലാം രക്ഷപ്പെട്ടു.
1പത്രൊ 2:20 നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.

ഇതുപോലെ നമ്മിൽ നിന്ന് നന്മ സ്വീകരിക്കുന്നവരായിരിക്കാം പലപ്പോഴും നമുക്കെതിരെ കുന്തം എറിയുന്നത്. ഇത്തരത്തിൽ നമുക്കെതിരെ എറിയുന്ന കുന്തങ്ങൾ നിത്യയെക്കുറിച്ചുള്ള സ്വർഗ്ഗീയ ദർശനം പ്രാപിച്ചവർക്ക് സ്വർഗ്ഗത്തിൽ വിലയേറിയ നിക്ഷേപങ്ങളാക്കി മാറ്റുവാൻ സാധിക്കും എന്ന് വചനം പറയുന്നു. മത്താ. 5:11- 12 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

നല്ലതുപോലെ കായ്ക്കുന്ന മാവിന് കൂടുതൽ കല്ലേറു കിട്ടും. കല്ലേറ് കിട്ടിയതുകൊണ്ട് മാവ് അടുത്തവർഷം കായ്ക്കാതിക്കുന്നില്ല. അതിൻറ സമയത്ത് അത് വീണ്ടും ഫലം പുറപ്പെടുവിക്കുന്നു. ലൂക്കോ.8:15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.

മാവിലെ മാങ്ങ ആളുകൾ പറിച്ചു തിന്നാലും തിന്നില്ലെങ്കിലും മാവ് വീണ്ടും കായ്ക്കും. എൻറെ ഫലം ഭക്ഷിക്കാൻ ആരുമില്ല എന്ന കാരണത്താൽ ഒരു വൃക്ഷം അതിൻറ ഫലം നല്കാരിക്കുമോ? ഇതുപോലെ സുവിശേഷം ആളുകൾ സ്വീകരിച്ചാലും സ്വീകരിച്ചില്ലങ്കിലും കർത്താവിൻറ ദൈവവിളി ലഭിച്ച അഭിഷിക്തർ അത് പ്രസംഗിച്ചു കൊണ്ടേയിരിക്കും. യോഹ.15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

ശൗലിനെപ്പോലെ അഭിഷേകം നഷ്ടപ്പെട്ട് മനോനില തെറ്റിയവർ ദൈവകൃപയിൽ നിൽക്കുന്നവർക്കെതിരെ കുന്തം എറിയുന്നെങ്കിലും ദൈവം അവരെ ഏൽപ്പിച്ചിരിക്കുന്ന ദൈവവേലയിൽനിന്ന് അവർ അല്പം പോലും പിന്നോട്ട് പോകുന്നില്ല.
മത്താ.5:14 നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.

ദാവീദ് ഒരിക്കലും ശൗലിനോട് പ്രതികാരം ചെയ്തില്ല. അവനെ കൊല്ലുവാൻ അവസരം ലഭിച്ചിട്ടും അവനെ കൊന്നില്ല. ഇവിടെ നാം കാണുന്നത് ശത്രു സ്നേഹത്തിൻറ ഉത്തമോദാഹരണമാണ്.
1ശമൂ24:12 യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.

ഇസ്രായേലിലെ രണ്ടാമത്തെ രാജാവായ ദാവീദിന് അധാർമ്മികമായ പല ബലഹീനതകൾ ഉണ്ടായിരുന്നുവെങ്കിലും ദാവീദ് മരണകരമായ പാപങ്ങൾ ചെയ്തപ്പോൾ തൻറെ ലംഘനങ്ങളെ മറയ്യ്ക്കാതെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറഞ്ഞ് അത് വീണ്ടും ആവർത്തിക്കാതെ ഒരു ശിശുവിനെപ്പോലെ നിഷ്കളങ്കതയോടെ ദൈവത്തിന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തി. അതുകൊണ്ട് മാനസികരോഗം അദ്ദേഹത്തെ കീഴ്പെടുത്തിയതായി കാണുന്നില്ല. എങ്കിലും ചില സങ്കീർത്തനങ്ങളിൽ വിഷാദരോഗിയായ വ്യക്തിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണപ്പെടുന്നു. സങ്കീ. 22:14- 15 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

നമ്മുടെ മനസ്സിലുണ്ടാകുന്ന മുറിവുകൾക്ക് ഏറ്റവും നല്ല ഔഷധം തേനിനേക്കാൾ മാധുര്യമുള്ളതും ദേഹം, ദേഹി, ആത്മാവിൽ തുളച്ച്ചെല്ലുന്ന ഇരുവായ്ത്തലയുള്ള വാളിനേക്കാൾ മൂർച്ചയേറിയ ദൈവവചനമാണ്. ദൈവത്തിൻറ മാറ്റമില്ലാത്ത വചനം നമുക്ക് ആന്തരിക സൗഖ്യം നൽകുന്നു.
മനസ്സിലുണ്ടാകുന്ന സങ്കല്പങ്ങളെയും അനാവശ്യ വിചാരങ്ങളെയും എപ്രകാരം നിയന്ത്രിക്കാം എന്നും വചനം പഠിപ്പിക്കുന്നു. 2 കൊരി 10:3 – 5 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി….

Comments (0)
Add Comment