Teachers day special | ഉത്തമ ഗുരു | ജോസ് പ്രകാശ്

ഇന്ന് ദേശീയ അധ്യാപക ദിനം. നമ്മുടെ ജീവിതത്തെ സ്വാധീനിക്കയും നമ്മെ അറിവിലേക്ക് നയിക്കയും ചെയ്ത അധ്യാപകരെ നമുക്ക് മറക്കുവാൻ കഴിയില്ല. മാതൃകയുള്ള ആദരണീയരായ അധ്യാപകരെ ഓർക്കുന്ന ഈ വേളയിൽ വിശ്വത്തെ മുഴുവനും സ്വാധീനിച്ച ഇന്നും വിശ്വസിക്കാൻ യോഗ്യനായ ഉത്തമ ഗുരുവായ യേശുക്രിസ്തുവിന്റെ മാതൃകാ അധ്യാപനരീതിയെ നിരീക്ഷിക്കുന്നത് നമുക്കേവർക്കും ഗുണം ചെയ്യും.

ജഗത് ഗുരുവായ യേശുവിന്റെ പഠിപ്പിക്കൽ വ്യത്യസ്തമായിരുന്നു. അവിടുത്തെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു. ജീവിതം കൊണ്ട് പഠിപ്പിക്കുകയും പഠിപ്പിച്ചതു പോലെ ജീവിക്കുകയും ചെയ്ത സത്യസന്ധനായ ഗുരു യേശുമാത്രമാണ്.

അധ്യാപക ശ്രേഷ്ഠനായ യേശു പഠിപ്പിച്ച
അനവരതം മാതൃകാ പാഠങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിലുണ്ട്. അതിൽ നിന്നും അടർത്തിയെടുത്ത ചില ചിന്തകൾ അനുവാചകരുമായി പങ്കുവെക്കുവാൻ താൽപ്പര്യപ്പെടുന്നു.

സുവിശേഷങ്ങൾ ഗുരുവിന്റെ ഗുണപാഠങ്ങളാൽ സമ്പുഷ്ടമാണ്. കുരിശു വഹിച്ചു കൊണ്ട് ഗിരിമുകളേറിയപ്പോൾ, അന്ന് ഗിരിമുകളിൽ അരുളിയ ഗുരുമൊഴികൾക്ക് ഒരു മാറ്റവും സംഭവിച്ചില്ല. തന്റെ പ്രസ്താവനകൾ പ്രവർത്തിയിലൂടെ തെളിയിച്ചു. സൗമ്യയും, താഴ്മയും ഗുരുവിന്റെ മുഖമുദ്രകളായിരുന്നു.

◆നീതിയോടെ ജീവിക്കണമെന്ന് പഠിപ്പിച്ച ഗുരു ജീവാന്ത്യത്തോളം
നീതിമാനായി ജീവിച്ചു (ലൂക്കോസ്-23:47).

◆കരുണ കാണിക്കണമെന്ന് പഠിപ്പിച്ച ഗുരു തന്റെ അടുക്കൽ വന്നവരോടെല്ലാം കരുണ കാണിച്ചു (മത്തായി 9:27,29).

◆സമാധാനം ഉണ്ടാക്കണമെന്ന് പഠിപ്പിച്ച ഗുരു അക്രമാസക്തരായി തന്റെ നേർക്ക് വാളും വടികളുമായി വന്നവരോട് പ്രകോപിതനായില്ല (മത്തായി-26:55).

◆ഇടർച്ച വരുത്തരുതെന്ന് പഠിപ്പിച്ച ഗുരു ഒരിക്കലും ആർക്കും ഇടർച്ച വരുത്തിയില്ല (മത്തായി-17:27)

◆വാക്കുകൾ ഉവ്വു എന്നും ഇല്ല എന്നും ആയിരിക്കണമെന്ന് പഠിപ്പിച്ച ഗുരു അരുതാത്തതൊന്നും ഉരിയാടിയില്ല (മത്തായി-27:14).

◆ദാസൻ ആകണമെന്ന് പഠിപ്പിച്ച ഗുരു തന്റെ
ശിഷ്യന്മാരുടെ കാൽ കഴുകി ദാസത്വം തെളിയിച്ചു (യോഹന്നാൻ-13:14,16).

◆ചെകിട്ടത്തു അടിക്കുന്നവനെ തിരിച്ചടിക്കരുതെന്ന് പഠിപ്പിച്ച ഗുരു തന്റെ മുഖത്തു തുപ്പി, മുഷ്ടിചുരുട്ടി കുത്തി, കന്നത്തടിച്ചവരെ തിരിച്ചടിച്ചില്ല (മത്തായി-26:67).

◆ശത്രുക്കളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച ഗുരു തന്നെ ഒറ്റു കൊടുത്ത ശത്രുവിനെ സ്നേഹിച്ചു (മത്തായി-26:50).

◆ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പാൻ പഠിപ്പിച്ച ഗുരു, തന്നെ ക്രൂരമായി ഉപദ്രവിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചു (ലൂക്കോസ്-23:34).

◆ക്ഷമിക്കണമെന്ന് പഠിപ്പിച്ച ഗുരു തന്റെ പീഡകരോട് ഹൃദയപൂർവ്വം ക്ഷമിച്ചു (ലൂക്കോസ്-23:34).

സ്വർഗ്ഗത്തിൽ നിന്നും ദൈവത്താൽ അയക്കപ്പെട്ട അധ്യാപകനെന്ന നിലയിൽ യേശു പഠിപ്പിച്ചതു പോലെ ആരും ഒരുനാളും പഠിപ്പിച്ചിട്ടില്ല. അവിടുത്തെ അനുഭവസിദ്ധമായ ബോധനരീതി എവർക്കും പ്രയോഗസാദ്ധ്യമാണ്.

സദ്ഗുരുവായ യേശുനാഥൻ പകർന്നു നൽകിയ സനാതന സത്യങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല ജനതകളെയും പഠിപ്പിക്കുക എന്ന മഹാദൗത്യം ശിഷ്യരായ നമ്മിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.

ആകയാൽ ഗുരുനാഥന്റെ കല്പനകളെ ഗൗരവമായി കണ്ട് നമ്മെ പഠിപ്പിച്ചതെല്ലാം പ്രമാണിച്ച് കൊണ്ട് മുഖപക്ഷം നോക്കാതെ നിത്യജീവമൊഴികളെ യഥാർത്ഥമായി പഠിപ്പിക്കാം.

Comments (0)
Add Comment