ലേഖനം | അടിച്ചമർത്തുന്ന മനുഷ്യർ സ്വതന്ത്രമാക്കുന്ന ക്രിസ്തു | ജോസ് പ്രകാശ്

ഇന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരുന്ന എല്ലാ രാഷ്ട്രങ്ങൾക്കും കഴിഞ്ഞകാലങ്ങളിലെ പാരതന്ത്ര്യത്തിന്റെ കയ്പുനിറഞ്ഞ ചരിത്രമുണ്ട്. അവർക്കെല്ലാവർക്കും ഓരോ ആദർശവ്യക്തികളുടെ ഓർമ്മയുണ്ട്. അവരാണ് അടിമത്വത്തിൽ നിന്നും വർണ്ണവിവേചനത്തിൽ നിന്നും മോചനം നേടിക്കൊടുത്ത വിമോചകർ.

എന്നാൽ സസൂക്ഷ്മം ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഇതാണ്; അവരെല്ലാം തങ്ങളുടെ മാതൃ രാജ്യത്തിനു വേണ്ടിയാണ് ജീവിച്ചതും, പോരാടിയതും, മരണം വരിച്ചതും. ഇവിടെയാണ് ഉലകത്തിലെ ഏക സ്വാതന്ത്ര്യദാതാവായ ക്രിസ്തുവിന്റെ പ്രസക്തി. അവിടുന്ന് ജനിച്ചതും, ജീവിച്ചതും, മരിച്ചതും, ഉയർത്തെഴുന്നേറ്റതും ഒരു രാഷ്ട്രത്തിനോ, ഒരു പ്രത്യേക വിഭാഗത്തിനോ വേണ്ടി അല്ലായിരുന്നു. പ്രത്യുത മാനവകുലത്തിലെ മുഴുവൻ പേർക്കും വേണ്ടി ആയിരുന്നു.
സ്വാതന്ത്ര്യസമരസേനാനികളുടെ ശത്രുക്കൾ മനുഷ്യരായിരുന്നു. അവരുടെ പോരാട്ടം ജഡരക്തങ്ങളോട് ആയിരുന്നു. എന്നാൽ നമുക്ക് പോരാട്ടമുള്ളത് മനുഷ്യരോടല്ല, നമ്മുടെ പ്രതിയോഗിയായ പിശാചിനോടാണ്.

വൈദേശികരോട് പൊരുതിയപ്പോൾ അവർ ഭാരതം വിട്ടുപോയ സന്തോഷമാണ് ഭൗതിക സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം.
എന്നാൽ വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ യേശു കൊണ്ടാടിയ ജയോത്സവമാണ് ആത്മീക സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം.

നവഭാരതത്തിൽ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ജനത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. വിദേശികളുടെ ഭരണത്തിൽ നിന്നും നമ്മുടെ രാഷ്ട്രം സ്വാതന്ത്രമാക്കപ്പെട്ടത് ഒഴിച്ചാൽ മറ്റ് നിരവധി സ്വാതന്ത്ര്യങ്ങൾ നമുക്ക് നിഷേധിക്കപ്പെട്ടിരിക്കയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറെക്കുറെ ജനങ്ങളും നെടുവീർപ്പിൽ കഴിയുകയാണ്. ഒരുവശത്ത് ജീവനുള്ള മനുഷ്യർ തല ചായ്ക്കുവാൻ സ്ഥലമില്ലാതെ വഴിയോരങ്ങളിൽ അന്തിഉറങ്ങുമ്പോൾ മറുവശത്ത് ജീവനില്ലാത്ത ഊമവിഗ്രഹങ്ങൾക്ക് വീടൊരുക്കുവാൻ ബദ്ധപ്പെടുകയാണ് ഭരണകർത്താക്കൾ.

പത്രമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും
പ്രതിയോഗി പിടിമുറുക്കുന്നു. മദ്യവും, മയക്കുമരുന്നും, മറ്റു ലഹരിവസ്തുക്കളും മനുഷ്യരെ ബന്ധനത്തിൽ ആക്കിയിരിക്കുന്നു.
ആകയാൽ പാപത്തിനും ദുർസ്വഭാവങ്ങൾക്കും അടിമകളായി ജീവിക്കുന്നവർക്ക് സാക്ഷാൽ സ്വാതന്ത്ര്യം അത്യാവശ്യമാണ്.

അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും അവിടുത്തെ അടുക്കലേക്ക് സ്നേഹമോടെ വിളിച്ച് ആശ്വസിപ്പിക്കുന്ന
യേശുകർത്താവ് പാപഭാരത്തിൽ നിന്നും ദുശ്ശീലങ്ങളുടെ ബന്ധനത്തിൽ നിന്നും യഥാർത്ഥവും നിലനിൽക്കുന്നതുമായ സ്വാതന്ത്ര്യം നൽകുവാൻ ഇന്നും മാനവരെ വിളിക്കുന്നു. ജീവിതത്തിലെ എത്ര കഠിനമായ ആസക്തികളിൽ നിന്നും ബന്ധനത്തിൽ നിന്നും താങ്കളെ സ്വതന്ത്രമാക്കുവാൻ രക്ഷകനായ യേശുവിന് കഴിയും.

ഭാരതത്തിന് ലഭിച്ച സ്വാതന്ത്ര്യത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ആ ഓർമ്മ പുതുക്കലിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. എന്നാൽ ചതിയിലൂടെയും അടിച്ചമർത്തലിലൂടെയും സ്വതന്ത്ര ഭാരതത്തെ വീണ്ടും അന്ധകാരയുഗത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നവരുടെ അപമാനകരമായ തീരുമാനങ്ങളിൽ അങ്ങേയറ്റം ലജ്ജിക്കുന്നു. ആകയാൽ
അടിച്ചമർത്തുന്ന മനുഷ്യരോട് അകന്നിരിക്കാം സ്വതന്ത്രമാക്കുന്ന യേശുവോട് ചേർന്നിരിക്കാം.

“സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു”.

Comments (0)
Add Comment