ലേഖനം | മരണമോ ജീവനോ…? | ജോസ് പ്രകാശ്

വാർധക്യത്തിൽ വളരെയധികം സ്നേഹിച്ച ഏകമകനെ യഹോവയ്ക്കു ഹോമയാഗം കഴിച്ച് ഏകനായി മടങ്ങി വരേണ്ടതായിരുന്നു ആ പിതാവ്. എന്നാൽ നാവിൽ നിന്നും അധികാരത്തോടെ പൂർണ്ണവിശ്വാസത്താൽ പുറപ്പെട്ട ആ വാക്കുകൾ മരണത്തെ മാറ്റി ജീവൻ കൊണ്ടു വന്നു.

നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ;
” ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം ” എന്ന് ബാല്യക്കാരോട് പറഞ്ഞ ജീവന്റെ വാക്കുകൾ അപ്രകാരം സംഭവിച്ചു. മരണ വേദനക്ക് പകരം ആ പിതാവ് ജീവന്റെ ഫലം അനുഭവിച്ചു.
അങ്ങനെ വിശ്വാസ വീരനായ അബ്രാഹാമും, മകനും ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു.

മനസ്സിൽ മകന്റെ മരണം മാത്രം കണ്ടപ്പോഴും
ദൈവം തനിക്കു ഹോമയാഗത്തിനു ഒരു ആട്ടിൻ കുട്ടിയെ കരുതിക്കൊള്ളും, മകനേ, എന്ന വിശ്വാസത്തിന്റെ വാക്കുകൾ അധികാരത്തോടെ പ്രയോഗിച്ചപ്പോൾ അതും അപ്രകാരം തന്നെ സംഭവിച്ചു.

ബാലനെ കൊല്ലാതെ ദൈവഹിതത്തിനായ് തലപൊക്കി നോക്കിയ അബ്രഹാമിന്റെ തല കുനിയുവാൻ അനുവദിക്കാതെ പിമ്പുറത്തു കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്ന ഒരു ആട്ടുകൊറ്റനെ ദൈവം തന്റെ മകനു പകരം ഹോമയാഗം കഴിക്കുവാൻ കാണിച്ചു കൊടുത്തു.

രോഗ, മരണ ഭയം നിരന്തരം മനുഷ്യരെ വേട്ടയാടുന്ന ഈ ദിവസങ്ങളിൽ മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ ഉദ്ധാരണങ്ങളുടെ ദൈവമായ യഹോവെക്കുള്ളതാകുന്നു എന്ന അറിവും ഉറപ്പും ഉള്ളവർ മഹാവ്യാധികളുടെ പേരുകൾ കേട്ട് ഭ്രമിക്കാതെ ” ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും ” എന്ന വചനങ്ങൾ നാവിലൂടെ അധികാരത്തോടെ കല്പിക്കേണ്ടവരാണ്.

അന്നെന്നപോലെ ഇന്നും തങ്ങളുടെ വായുടെ ഫലത്താൽ മനുഷ്യർ നന്മ അനുഭവിച്ചു തൃപ്തരാകുന്നു.

ആകയാൽ വലിയവനായ ദൈവം നമുക്ക് നൽകിയ വാക്കുകളുടെ അധികാരം വളരെ വിവേകത്തോടെ വിനിയോഗിക്കാം. നമ്മുടെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും സർവ്വദാ ദൈവത്തിന് പ്രസാദമായിരിക്കുവാൻ നമ്മുടെ പാറയും വീണ്ടെടുപ്പുകാരനുമായ യഹോവയോട് പ്രാർത്ഥിക്കാം.

മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും (സദൃശ്യവാക്യങ്ങൾ 18:21).

Comments (0)
Add Comment