ലേഖനം | നാം ആരെന്ന് തിരിച്ചറിയുക | ജോ ഐസക്ക് കുളങ്ങര

പദവികളും അംഗീകാരങ്ങളും നേടിയെടുക്കുവാൻ വേണ്ടി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്.സ്ഥാനമോഹങ്ങൾക്കായും, അധികാര കസേരകൾക്കായും നമ്മുടെ ഇടയിൽ നിന്ന് തന്നെ അലമുറകൂട്ടുമ്പോൾ അക്ഷരാർത്ഥത്തിൽ പെന്തെക്കോസ്തു സമൂഹത്തിൽ പോലും അധഃപദ്ധനത്തിന്റെ അലയൊച്ചകൾ കേട്ടു തുടങ്ങിയിരിക്കുന്നു.

വളർന്ന് വന്ന വഴികൾ പലരും മറക്കുന്നു, കൂടെ നിന്നവരെപ്പോലും ചവിട്ടി താഴ്ത്തുന്നു, പരസ്പരം ഒളിഞ്ഞും തെളിഞ്ഞും പരാമർശങ്ങൾ നടത്തുന്നു, സത്യത്തിനും നീതിക്കും കണ്ണടച്ച് അനീതിക്ക് കൂട്ടുനിൽക്കുന്നു, സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി കണ്ണുകളെ അടച്ചു ഇരുട്ടാകുന്നു. ഇവ എല്ലാം കാണിക്കുന്നതാകട്ടെ വിശുദ്ധിയും വേർപ്പാടും വാക്കുകളിൽ മാത്രം ഒതുക്കി വെള്ളയുടെ മേലങ്കി ധരിച്ച “വിശുദ്ധ ജഡീകൻമാർ”

അധികാര കൈ മാറ്റവും, തിരഞ്ഞെടുപ്പും, സ്ഥാനരോഹണവും എല്ലാം വിശുദ്ധ ബൈബിളിലും നമുക്ക് കാണുവാൻ കഴിയും ന്യാധിപന്മാരുടെ പുസ്തകം ഒൻപതാം അദ്ധ്യായത്തിൽ ഇപ്രകാരം നാം കാണുന്നു.

“പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവു വൃക്ഷത്തോടു: നീ ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

അതിന്നു ഒലിവു വൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. “

ശെരിയാണ് ഒലീവ് വൃക്ഷത്തെപ്പറ്റി നാം പഠിക്കുമ്പോൾ ചരിത്രപരമായും മതപരമായും ആരോഗ്യപരമായും ഏറെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ഒലീവ്. ഭൂമിയില്‍ ഏറ്റവും പഴക്കം ചെന്ന സസ്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഒലീവ്.
ബൈബിളില്‍ (പഴയ നിയമത്തിലും പുതിയ നിയമത്തിലും) പലയാവര്‍ത്തി പ്രതിപാദിക്കപ്പെട്ടിട്ടുള്ള വൃക്ഷമാണ് ഒലീവ്. നോഹയുടെ പെട്ടകത്തില്‍ നിന്നും പുറത്തേയ്ക്ക് പറത്തി വിട്ട പ്രാവ്, ഒലിവിന്‍ ചില്ലകള്‍ കൊണ്ട് മടങ്ങിവന്നപ്പോള്‍ പ്രളയം അവസാനിച്ചുവെന്ന് നോഹ മനസ്സിലാക്കിയതായി പഴയ നിയമത്തില്‍ സൂചിപ്പിക്കുന്നു.ഇവിടെ ഒലിവിന്‍ ചില്ലകള്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായാണ് സൂചിപ്പിക്കുന്നത്. വാഗ്ദത്ത നാടായ ഇസ്രയേല്‍ മണ്ണില്‍ ജൂതന്മാര്‍ പ്രവേശിക്കുന്നതിന് മുന്‍പ്, മോശ വാഗ്ദാനം ചെയ്യുന്ന ഏഴ് ഫലങ്ങളില്‍ ഒന്ന് ഒലീവ് ആണ്. നിത്യഹരിത വൃക്ഷമാണ് ഒലീവ്. വേനലില്‍ വാടുകയോ വര്‍ഷകാലത്ത് കടപുഴകുകയോ ചെയ്യാതെ തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍ എന്നും ഒലീവിനെ പറ്റി നമ്മൾ പഠിക്കുന്നു.
ഇത്രയേറെ പ്രത്യേകതയുള്ള ഒലീവ് മരം തന്റെ പുഷ്ട്ടി വിട്ടു രാജാവാകുവാൻ വിസ്സമതിച്ചപ്പോൾ നാം പഠിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ പുഷ്ട്ടിയും, ആരോഗ്യവും നാം ചിലവാക്കേണ്ടത് ലൗകികമായ സുഖങ്ങൾക്കോ,സ്ഥാന മാനങ്ങൾക്ക് വേണ്ടിയോ ആകരുത് എന്നാണ്.

ജീവിച്ചിരുന്നിട്ടുള്ളവരിൽവെച്ച്‌ ഏറ്റവും ശക്തിയുള്ള മനുഷ്യനായിരുന്ന ശിംശോൻ.

അത്തരമൊരു ദയനീയാവസ്ഥയിൽ ആയതെങ്ങനെ?
അവന്റെ അസാധാരണമായ ശക്തി അവനെ രക്ഷിക്കുമായിരുന്നോ? ശിംശോന്റെ ശക്തിയുടെ രഹസ്യം എന്തായിരുന്നു?.
അക്ഷരാർഥത്തിൽ ശിംശോന്റെ ശക്തി അവന്റെ മുടിയിൽ ആയിരുന്നില്ല. അവന്റെ മുടി, നാസീർവ്രതക്കാരനെന്ന നിലയിൽ അവനു ദൈവവുമായുള്ള പ്രത്യേക
ബന്ധത്തിന്റെ പ്രതീകം മാത്രമായിരുന്നു.
തന്റെ തല ക്ഷൗരം ചെയ്യാൻ ഇടയാക്കിയ ഒരു സാഹചര്യത്തിലേക്കു പോകാൻ സ്വയം അനുവദിച്ചുകൊണ്ട്‌ നാസീർവ്രതത്തിനു ഭംഗം വരുത്തിയപ്പോൾ ‘യഹോവ അവനെ വിട്ടു’മാറി. അതോടെ ഫെലിസ്‌ത്യർ അവനെ കീഴടക്കി എന്നതും ബൈബിൾ നൽകുന്ന മറ്റൊരു ഉദാഹരണം ആണ്.

ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി എന്നാണ് ഒലീവ് വൃക്ഷം ഇവിടെ പറയുന്നത്. അതിനർത്ഥം ദൈവം നമ്മളിൽ ഒരു യോഗ്യത കാണുന്നുണ്ട്. വിളിച്ചു വേർത്തിരിച്ച സ്വന്ത ജനം എന്ന് നമ്മളെ സംബോധന ചെയുമ്പോൾ ആ പുഷ്ട്ടി ഉപേക്ഷിച്ചു ലോകത്തിന്റെ മോഹങ്ങൾക്ക് അനുരൂപമായി ഓടുവാൻ നമ്മൾ തയാറാകരുത് എന്നും ഇത് ഓർമിപ്പിക്കുന്നു.

“പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.”

അത്തിപ്പഴം, ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയ വേണ്ട. ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.
ബൈബിൾ നിന്നും നോക്കുമ്പോൾ യെശയ്യാ 38:21ൽ യെശയ്യാവു ഇപ്രകാരം പറയുന്നു.
എന്നാൽ അവന്നു (ഇസ്‌കിയവിന്) സൗഖ്യം
വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ കല്പിച്ചു.
അത്തിപഴത്തിന്റെ വളരെ സവിശേഷതയുള്ള ഒരു ഗുണം അണ് നാം ഇവിടെയും കാണുന്നത്. തൻെറ മധുരവും വിശേഷതയും വിട്ട് കളഞ്ഞ് തനിക്ക് ഒരു അംഗീകാരവും വേണ്ട എന്ന് പറയുവാൻ അത്തിമരം കാണിച്ച ആ താഴ്മ പാരമ്പര്യവും പത്രാസും വിളിച്ചുപറഞ്ഞു നടക്കുന്ന ഇന്നത്തെ നമ്മൾ ഓരോരുത്തരും കണ്ട് പഠിക്കേണ്ട വസ്തുത തന്നെയാണ്.

“പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു..

മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.”

ഒരു കർഷകൻ മുന്തിരിച്ചെടികൾ നന്നായി പരിപാലിക്കേണ്ടിയിരുക്കുന്നു. കൃഷിഭൂമി നന്നായി കിളച്ച്‌ വലിയ കല്ലുകളെല്ലാം പെറുക്കിമാറ്റിയശേഷം അവിടെ “നല്ലവക മുന്തിരിവള്ളി” നടുന്നതിനെക്കുറിച്ച്‌ യെശയ്യാവിന്റെ പുസ്‌തകം വിശദീകരിക്കുന്നു. ആ കല്ലുകൾ ഉപയോഗിച്ച്‌ തോട്ടത്തിനുചുറ്റും ഒരു കന്മതിൽ തീർക്കുന്ന രീതിയും ഉണ്ടായിരുന്നു. കന്നുകാലികൾ കയറി തോട്ടം നശിപ്പിക്കാതിരിക്കാൻ അതു സഹായിച്ചിരുന്നു. കൂടാതെ കുറുക്കൻ, കാട്ടുപന്നി എന്നിവയിൽനിന്നും മോഷ്ടാക്കളിൽനിന്നും ഒരു പരിധിവരെയുള്ള സംരക്ഷണവുമായിരുന്നു അത്തരം വേലികൾ. കല്ലിൽനിന്നു മുന്തിരിച്ചക്ക്‌ വെട്ടിയുണ്ടാക്കുന്നതും വിളവെടുപ്പുകാലത്ത്‌ മുന്തിരിക്കു കാവലിരിക്കുമ്പോൾ തങ്ങുന്നതിനായി ചൂടിൽനിന്നു സംരക്ഷണം നൽകുന്ന ചെറിയ ഒരു ഗോപുരം നിർമിക്കുന്നതുമെല്ലാം സാധാരണമായിരുന്നു. ഇത്തരം പ്രാഥമിക പ്രവർത്തനങ്ങൾക്കെല്ലാംശേഷം കർഷകർ നല്ലൊരു വിളവെടുപ്പിനു കാത്തിരിക്കുകയായി.​(യേശയാവ് 5:1.2)
മുന്തിരിച്ചെടികൾ സമൃദ്ധിയായി കായ്‌ക്കാൻ കർഷകൻ അതിന്റെ ശാഖകൾ ക്രമമായി കോതിയിരുന്നു. കൂടാതെ കളകളും മുൾച്ചെടികളും മറ്റും കയറി മൂടാതിരിക്കാൻ മണ്ണ്‌ കിളച്ച്‌ അവ വേരോടെ നീക്കംചെയ്‌തിരുന്നു. വസന്തകാലത്ത്‌ മഴ ആവശ്യത്തിനു ലഭിക്കാത്തപക്ഷം വേനൽക്കാലത്ത്‌ തോട്ടം നനയ്‌ക്കുന്ന പതിവും ഉണ്ടായിരുന്നു.​ഇങ്ങനെ കൃത്യമായ പരിപാലനം ആവശ്യമായ മുന്തിരിയോടാണ് മാറ്റ് വൃക്ഷങ്ങൾ തങ്ങളുടെ രാജാവാകുവാൻ ആവശ്യപ്പെട്ടത്.
എന്നാൽ മുന്തിരി പറഞ്ഞതാകട്ടെ : ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നും?
നമ്മിൽ ഉള്ള ആനന്ദത്തിന്റെ നല്ല അംശങ്ങൾ ഇല്ലാതെയാകുവാൻ മാത്രമാകും ആ അംഗീകാരമെന്നു ഒരു പക്ഷെ മുന്തിരി ചെടിക്കും മനസ്സിലായികാണും. എന്റെ രസം ഞാൻ ഉപേക്ഷിക്കുവാൻ തയ്യാറല്ലെ എന്നു ആ സമൂഹത്തോട് വിളിച്ചു പറയുവാനും മുന്തിരിക്ക് സാധിച്ചു.

പ്രിയമുള്ളവരേ , മുകളിൽ നാം വായിച്ചത് വ്യത്യസ്തമായ മൂന്ന് വൃക്ഷങ്ങളെ ആണ് .ഓരോന്നിനും ഓരോ തരത്തിൽ ഉള്ള പ്രേത്യേകതകളും.
ഒലിവു മരം തന്റെ പുഷ്ട്ടിയും, അത്തി മരം അതിന്റെ മധുരവും, മുന്തിരി അതിന്റെ രസവും നഷ്ടപ്പെടുത്തി ഒരു സ്ഥാനവും ആഗ്രഹിച്ചില്ല എന്ന് മാത്രം അല്ല അവർക്ക് ഉള്ള പ്രേത്യേകതകൾ മനസിലാക്കി അതിന് ഒത്തവണ്ണം കർത്താവിനെ മഹുത്തപ്പെടുത്തി എന്നും നാം വായിക്കുന്നു.

വക്രതയും കോട്ടയും ഉള്ള ഈ കാലത്ത് നമ്മെ തെറ്റിച്ചു കളയുവാൻ ശത്രു ആയവൻ പല വഴികളും ആലോചിക്കും.
നമ്മുടെ കഴിവുകൾ കണ്ട്,
നമ്മിൽ ഉള്ള ദൈവീക ചൈതന്യം കണ്ട്, നമ്മുടെ നന്മകൾ കണ്ട്
പ്രലോഭനങ്ങളുമായി അടുത്തുവരുന്നവരെ വിവേചിച്ചറിയുവാൻ നമ്മൾ പ്രാപ്തരാകണം.

നമ്മുടെ മുന്തിരി തോട്ടം കണ്ട് സ്നേഹം നടിച്ച് അടുത്തുകൂടുന്നവരുടെ കയ്യിൽ ചീര തോട്ടം നടുവാൻ ഉള്ള വിത്തുകളും ഉണ്ട് എന്ന് ആത്മാവിൽ വിവേചിച്ചറിയുവാൻ നാം പ്രാർത്ഥനയിൽ അധികം മുന്നേറണം.

ഈ ലോകത്തിൽ നാം ആയിരിക്കുമ്പോൾ പദവികളും അംഗീകാരങ്ങളും തേടി വരുമ്പോൾ ഒരു നിമിഷം ചിന്തിക്കുക, പ്രാർഥിക്കക. കർത്താവേ ഇതിന് ഞാൻ യോഗ്യൻ ആണോ? ഇത് നിന്റെ ഹിതം ആണോ?എന്ന്. അല്ലാ എങ്കിൽ ആ വൃക്ഷങ്ങൾ പറഞ്ഞത് പോലെ ഇവ എല്ലാം എന്റെ ദൈവത്തിൽ നിന്നും അകറ്റുന്നത് എന്ന് എണ്ണി തിരസ്‌കരിക്കുക

ദൈവത്തിൽ നിന്നും നമ്മെ അകറ്റുനത് പണം ആകട്ടെ, പദവി ആകട്ടെ, പ്രതാപം ആകട്ടെ ഇവക്ക് ഒന്നിനും മുൻപിൽ കീഴടങ്ങാതെ ക്രിസ്തു എന്ന തലയോളം വളരുവാൻ ദൈവ കൃപയാൽ നമുക്ക് സാധികട്ടെ..

Comments (0)
Add Comment