ഒരു മകന് അമ്മ നൽകിയ ഉപദേശം.| ബാബു പയറ്റനാൽ

മെതോഡിസ്റ്റ് പ്രസ്ഥാനത്തിൻറ(Methodist Movement) സ്ഥാപകനായിരുന്ന ജോൺ വെസ്ലിക്ക് ഒരു ബൈബിൾ നൽകിക്കൊണ്ട് ജോൺ വെസ്ലിയോട് തൻറ അമ്മ ബൈബിളിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു. ” ഒന്നുകിൽ ഈ പുസ്തകം പാപത്തിൽ നിന്ന് നിന്നെ അകറ്റും, അല്ലെങ്കിൽ പാപം ഈ പുസ്തകത്തിൽ നിന്ന് നിന്നെ അകറ്റും.”

(എഫെ. 4:22 – 24) മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.

പഴയ മനുഷ്യൻ പാപമനുഷ്യനാണ്. പഴയ മനുഷ്യൻ പിശാചിൻറ കെണിയാലും ദൈവഹിതമല്ലാത്ത തെറ്റായ മാനുഷിക കുടുംബ പാരമ്പര്യത്താലും വഞ്ചിക്കപ്പെട്ടവനാണ്, എന്നാൽ പുതിയ മനുഷ്യൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട് നീതിയിലും വിശുദ്ധിയിലും സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിനെ ധരിച്ചവനാണ്. (ഗലാ.3:27) ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

ഇപ്രകാരം പഴയ മനുഷ്യനെ ഉപേക്ഷിച്ച് പുതിയ മനുഷ്യനായിത്തീരണമെങ്കിൽ നാം ദൈവീക വ്യവസ്ഥയനുസരിച്ച് മനസ്സുപുതുക്കി രൂപാന്തരപ്പെടേണ്ടതുണ്ട്.
ആദ്യമായി ഒരു പാപിയാണെന്ന് മനസ്സിലാക്കുക,സമ്മതിക്കുക. (റോമ. 3:23) ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.
(1 യോഹ.1:9) പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.

നമ്മുടെ ഭൂതകാല പ്രവർത്തികളെയോർത്ത് മറ്റാർക്കും കാണാൻ കഴിയാത്തവിധം നമ്മിലുള്ള വലിയ തിന്മയെപ്പറ്റി നമുക്കു നമ്മോടുതന്നെ വെറുപ്പു തോന്നുന്നു. (യേഹേ. 20:43) അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.

പാപികളെ അവരുടെ പാപത്തിൽ നിന്ന് രക്ഷിച്ച് ക്രിസ്തുവിൽ വിശുദ്ധന്മാരും നിഷ്കളങ്കരും ആക്കുന്നതിന് വേണ്ടിയാണ് നമ്മെ ലോക സ്ഥാപനത്തിന് മുമ്പ് ക്രിസ്തുവിൽ തിരഞ്ഞെടുത്തത്.
(എഫെ.1:4) നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും…
ചതിമോഹങ്ങളാൽ വഷളായിപ്പോയ പഴയ മനുഷ്യനാൽ അറിവില്ലായ്മയുടെ കാലങ്ങളിൽ ചെയ്ത പാപങ്ങളെപ്പറ്റി ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുക. (2കൊരി.7:10) ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരത്തക്ക മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

നമ്മുടെ ജീവിതരീതികൊണ്ടു നാം ദൈവത്തെ വളരെയധികം വേദനിപ്പിച്ചതോർത്തു നാം കരയുകയും വിലപിക്കുകയും ചെയ്യുന്നു. ബൈബിളിലുള്ള അനേകം വ്യക്തികൾക്ക് തങ്ങളുടെ പാപത്തെപ്പറ്റി ബോധമുണ്ടായപ്പോഴത്തെ അവരുടെ പ്രതികരണം എങ്ങനെ ആയിരുന്നു?
അവരെല്ലാം തങ്ങളുടെ പാപങ്ങളെപ്പറ്റി അനുതപിച്ചപ്പോൾ അതിദുഖത്തോടെ കരഞ്ഞു.
ദാവീദ് (സങ്കീ.51)
ഇയ്യോബ് (ഇയ്യോ.42:6), പത്രോസ് (മത്താ. 26:75)-

നമ്മുടെ പാപങ്ങളെ മറയ്ക്കാതെ ഞാൻ ഒരു പാപിയാണെന്ന് സമ്മതിച്ച് യേശുവിന്റെ അടുത്ത് വരുന്നവർക്കു മാത്രമേ പാപക്ഷമ ലഭിക്കുകയുള്ളൂ. ഒരു പാപിയായി യേശുവിന്റ അടുത്ത് വന്ന് പൂർണ്ണഹൃദയത്തോടെ മാനസാന്തപെടുന്ന ഏതൊരു വ്യക്തിക്കും ആ ക്ഷണത്തിൽ തന്നെ പൂർണ്ണമായ പാപക്ഷമ ലഭിക്കുന്നു. (യെശ.1:18) വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.(പ്രവൃ.3.19) ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളുവിൻ.
(ഇപ്രകാരം പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവരുടെ പാപങ്ങൾ ദൈവം മായിച്ചു കളയുകയാണ് ചെയ്യുന്നത് ) (റോമ.6:22) എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.

ഈ വിധം പാപങ്ങളെ ഏറ്റുപറയുന്ന ചുങ്കക്കാരൻ ദൈവത്തോടാണ് പാപങ്ങൾ ഏറ്റുപറയുന്നത്, പുരോഹിതന്മാരോടല്ല. അവൻ കരുണയ്ക്കു വേണ്ടി ദൈവത്തോട് യാചിക്കുന്നു, അവസാനം അവൻ നീതികരിക്കപ്പെട്ടവനായി തിരിച്ചുപോവുകയും ചെയ്തു.
(ലൂക്കൊ. 18:13) ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തിലെക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

യേശുവും അപ്പോസതലന്മാരും നമ്മുടെ പാപങ്ങളെ ഓർത്ത് കരഞ്ഞു വിലപിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ.26:75)- എന്നാറെ: “കോഴി കൂകും മുമ്പേ നീമൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തുപുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു. അതാണ് ദൈവത്തിങ്കലേക്കു തിരിച്ചുവരുവാനുള്ള ശരിയായവഴി.

പാപങ്ങളെ ഒന്നൊന്നായി ഓർത്ത് ഏറ്റുപറഞ്ഞ് ഉപക്ഷിക്കുമ്പോഴാണ്
ചതിമോഹങ്ങളാൽ വഷളായിപ്പോയ പഴയ മനുഷ്യനെ ഉപേക്ഷിക്കപ്പെട്ട് പുതുമനുഷ്യനെ ധരിക്കുന്നത്. പരിശുദ്ധാത്മാവ് നിങ്ങളോട് ഇടപെടുന്നതുപോലെ ചെയ്യുക. മുടിയനായ പുത്രൻ പറഞ്ഞത് ഇത്രമാത്രമായിരുന്നു:”അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.” മുടിയനായ പുത്രന്റെ മാനസാന്തരം നോക്കുക. തകർന്നതും കീഴടങ്ങിയതുമായ ഹൃദയത്തോടെ തന്റെ പിതാവു കല്പിക്കുന്നതെന്തും ചെയ്യാൻ സന്നദ്ധനായി അവൻ സ്വഭവനത്തിലേക്കു തിരിച്ചുവന്നു. തൻറെ ലംഘനങ്ങളെ മറയ്ക്കാതെ അത് തൻറ പിതാവിനോട് ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നു. ഇതാണ് യഥാർത്ഥ മാനസാന്തരം.(ലൂക്കോ.15:11-24).

മാനസാന്തരപ്പെട്ട ദൂർത്തപുത്രന്റെ അനുസരണക്കേട് പിതാവ് തൽക്ഷണം ക്ഷമിച്ച് അവനെ വീണ്ടും തൻറ മകനായി സ്വീകരിച്ച് അവനെ പുതുവസ്ത്രം അണിയിച്ച്, വലിയ വിരുന്നൊരുക്കി ആഹ്ലാദിക്കുന്നു.
(ലൂക്കോ.15.22- 24) അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

ഒരു പാപി മാനസാന്തരപ്പെടുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു.
(ലൂക്കോ.15:7) അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

(പ്രവൃ.4:12)മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. യേശുക്രിസ്തു ഏക രക്ഷകൻ എന്ന് ഹൃദയംകൊണ്ട് വിശ്വസിച്ചു വായ്കൊണ്ട് ഏറ്റുപറയുന്നതോടൊപ്പം തന്നെ ഒരുവൻ ചെയ്യ്തിട്ടുള്ള
പാപങ്ങളെ മറയ്യ്ക്കാതെ ദൈവത്തോട് ഏറ്റു പറഞ്ഞു ഉപേക്ഷിച്ച് അവയെ വീണ്ടും ആവർത്തിക്കാതിരിക്കുക എന്നുള്ളതാണ് സുവിശേഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുവിശേഷ സന്ദേശം. എന്നാൽ ഈ വ്യവസ്ഥ പാലിക്കാതെ,വിശുദ്ധിയും വേർപാടും പാലിക്കാതെ യേശുക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ടോ യേശുക്രിസ്തുവിൽ വിശ്വസിച്ചത്കൊണ്ടോ ഒരാളുടെ നിത്യരക്ഷാ പൂർണമാകുന്നില്ല. (സദൃ. 28:13) തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.

Comments (0)
Add Comment