ലേഖനം | മഹാമാരിയും മനസ്സലിവും | ജോസ് പ്രകാശ്

വളരെ വലിയ ലോകം വളരെ ചെറിയൊരു രോഗാ ണുവിനു മുന്നില്‍ മുട്ടുമടക്കിയിരിക്കയാണ്. സൗഖ്യ ത്തിനും സഹായത്തിനും വേണ്ടി അസംഖ്യം പേര്‍ കേഴുകയാണ്. ഈ സാഹചര്യത്തില്‍ ദൈവമക്കളുടെ ഒരു ചെറിയ കൈത്താങ്ങ് പോലും പലര്‍ക്കും വലിയ അത്താണിയാകും. ക്രിസ്തു പകര്‍ന്നു നല്‍കിയ മാതൃകാപാഠങ്ങള്‍ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.

ലോകത്തിന്റെ വെളിച്ചമായും ഭൂമിയുടെ ഉപ്പായും ജീവിക്കുന്ന ദൈവമക്കള്‍ ഈ സന്ദര്‍ഭം പരോപകാരം ചെയ്യുന്നതിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണം.

അന്ധകാര സമാനമായ സാഹചര്യത്തിലൂടെ നീങ്ങുന്ന ലോകത്തിന് പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കിരണം പകരേണ്ടവരാണ് ദൈവമക്കള്‍.
അന്ധകാരത്തില്‍ നിന്നും അത്ഭുത പ്രകാശത്തിലേക്കു വിളിക്കപ്പെട്ടത് സദ്വര്‍ത്തമാനം പ്രഘോഷിക്കാന്‍ വേണ്ടി മാത്രമല്ല പ്രത്യുത, സദ്ഗുണങ്ങള്‍ പുറപ്പെടുവിക്കാന്‍ കൂടെയാണ്.

മറ്റുള്ളവര്‍ മഹാമാരിയേക്കാള്‍ സൂക്ഷ്മമായി നമ്മുടെ പെരുമാറ്റവും വീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ വിശ്വാസം പ്രവര്‍ത്തിയിലൂടെ പ്രകടമാക്കിയാലേ ദൈവനാമം മഹത്വപ്പെടുകയുള്ളു.

ചുറ്റുപാടുകളെ വീക്ഷിച്ചാല്‍ ആഹാരത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനുമായി പാടുപെടുന്നവരെ കാണാം. ജീവിതത്തില്‍ സ്‌നേഹവും പരിചരണവും പരിഗണനയും സന്ദര്‍ശനവും ഒക്കെ ആഗ്രഹിക്കുന്നവരും ആവശ്യമുള്ളവരും ധാരാളമുണ്ട്.

ഇടയനില്ലാതെ നിസ്സഹായകരായി വലഞ്ഞ വലിയ ജനക്കൂട്ടത്തെ കണ്ട് മനസ്സലിഞ്ഞ നല്ലിടയനായ യേശു രോഗികള്‍ക്ക് സൗഖ്യവും വിശപ്പുള്ളവര്‍ക്ക് ആഹാരവും നല്കി. ആകയാല്‍ നാവുകൊണ്ട് സഹതപിക്ക മാത്രം ചെയ്യാതെ കരങ്ങള്‍ കൊണ്ട് സഹായിക്കുന്നവരുമാകാം. നമ്മുടെ പിതാവു മനസ്സലിവുള്ളവന്‍ (കരുണാമയന്‍) ആയിരിക്കുന്നതു പോലെ നമുക്കും മനസ്സലിവുള്ളവര്‍ ആകാം (ലൂക്കോസ് 6:36).

കണ്ടിട്ടും കാണാത്തവരെപ്പോലെ പോകുന്ന തലമുറയുടെ നടുവില്‍ കരുണയുള്ള കണ്ണുകളും കരുതലിന്റെ കരങ്ങളുമായി ജീവന്റെ വചനം പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തിയാല്‍ നമുക്കും മനസ്സലിവുള്ള ശമര്യക്കാരന്റെ കടമ നിര്‍വ്വഹിക്കുവാന്‍ സാധിക്കും.

നമ്മുടെ നല്ല പ്രവൃത്തികളുടെ ആക്കം കൂട്ടുന്നതിലൂടെ ചുറ്റുമുള്ളവരുടെ ഇടയില്‍ നമ്മുടെ ഗുരുവിനെ ഉയര്‍ത്തുവാന്‍ കഴിയും; അത് കണ്ടറിഞ്ഞിട്ടു അനേകര്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണമാകും.

നന്മയും പരോപകാരവും ദൈവം ഇഷ്ടപ്പെടുന്നു. നമ്മുടെ നല്ല പ്രവൃത്തികളില്‍ നിന്നുളവാകുന്ന വെളിച്ചം അശരണര്‍ക്ക് പ്രകാശമാകണം. യാഗത്തിലല്ല, കരുണയിലാണ് ദൈവം പ്രസാദിക്കുന്നതെന്ന ഗുരുമൊഴി നമ്മുടെ കാരുണ്യത്തിലൂടെ പ്രകടമാകണം.

ആരോഗ്യ ദാതാവായ ദൈവത്തില്‍ ആശ്രയിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാം. അവരുടെ ആരോഗ്യത്തിനായും പ്രാര്‍ത്ഥിക്കാം.

ആരും നമ്മെക്കുറിച്ച് ഒരു അപവാദവും പറവാന്‍ വകയില്ലാതിരിക്കേണ്ടതിനു സകലത്തിലും നമ്മെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കാം. നമുക്കു വേണ്ടി കഷ്ടം അനുഭവിച്ചു തന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ നല്ല മാതൃക വെച്ചേച്ചു പോയ ക്രിസ്തു യേശുവിന്റെ നല്ല മക്കളായി ഈ മഹാമാരി മാറിപ്പോകുവോളം അഥവാ മറുകരയില്‍ കാണുവോളം മനസ്സലിവുള്ളരായി മാതൃകയോടെ നമുക്ക് ജീവിക്കാം (തീത്തൊ. 2:7,13).

Comments (0)
Add Comment