ക്രിസ്തുവിന്റെ ധീര പടയാളികൾ | പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും | പാസ്റ്റര്‍ എബിമോന്‍ കൂവപ്പള്ളി

ക്രിസ്തുവിന്റെ ധീര പടയാളികൾ | പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും

റോമാ ഭരണകൂടം ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രൂരമായ പീഢനങ്ങള്‍ അഴിച്ചുവിട്ടു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന ക്രിസ്തു ഭക്തരായ സഹോദരിമാരാണ് പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും. വടക്കേ ആഫ്രിക്കയിലുള്ള കാര്‍ത്തേജിലെ തുമ്പോറോബായിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു പെര്‍പെറ്റ്ച്വാ. യേശുവിനെ ആരാധിക്കുന്നു, അനുഗമിക്കുന്നു എന്ന ഏകകാരണത്താല്‍ പെര്‍പെറ്റ്ച്വായേയും മറ്റു ചിലരേയും തടവിലാക്കി.
അതിക്രൂരവും പൈശാചികവുമായ ആക്രമണങ്ങ ളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ അധികാരവര്‍ഗ്ഗം അഴിച്ചുവിട്ടത്. ‘പീഢകള്‍ വര്‍ദ്ധിച്ചതോടെ വിശ്വസ്തസാക്ഷികളും വര്‍ദ്ധിച്ചു. അക്കാലത്തെ ക്രിസ്ത്യാനികള്‍ മുഴുവന്‍ വിട്ടുപോയിരുന്നെങ്കില്‍ രാജ്യം പ്രജകളില്ലാതെയായി കുറയുമായിരുന്നു’ എന്ന് സഭാപിതാവായ തെര്‍ത്തുല്യന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. റോമാ ചക്രവര്‍ത്തിയായ സെപ്റ്റിമിയസ് സെവറസിന്റെ കാലത്ത് വടക്കേ ആഫ്രിക്കവരെ ക്രിസ്ത്യാനികള്‍ക്കു പീഢനങ്ങള്‍ ഉണ്ടായി. ഈ കാലഘട്ടത്തില്‍ ക്രിസ്തുവിനു വേണ്ടി സധൈര്യം രക്തസാക്ഷിത്വം വരിപ്പാന്‍ സ്വയം സമര്‍പ്പിതരായവരാണ് 26 വയസ്സുകാരിയായ പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും.
പൂര്‍ണ്ണ ഗര്‍ഭിണിയായ ഫെലിസിറ്റസിനേയും മുലകുടി മാറാത്ത കൈക്കുഞ്ഞുമായി പെര്‍പെറ്റ്ച്വായേയും അറസ്റ്റു ചെയ്തു. കുറ്റം യേശുവിന്റെ ശിഷ്യയായി എന്നതു മാത്രം. ഉന്നതാധികാര സ്വാധീനത്താല്‍ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് രക്ഷപെടുവാന്‍, പെര്‍പെറ്റ്ച്വായേ മാതാപിതാക്കള്‍ ആവുന്നത്ര നിര്‍ബ്ബന്ധിച്ചു. കുഞ്ഞിനെ ആദ്യം അവളില്‍നിന്നും അകറ്റി, പിന്നീട് വിചാരണ സമയം ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ കുഞ്ഞിനെ കൊണ്ടുവന്നു, കുഞ്ഞിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനെങ്കിലും യേശുവിനെ തള്ളിപ്പറഞ്ഞാല്‍ മടങ്ങിപ്പോകാം എന്നറിയിച്ചു. യേശുവിനെ തള്ളിപ്പറയുകില്ലയെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന ഇവരോട് അവസാന നിമിഷവും വിശ്വാസം ത്യജിക്കാന്‍ ആവശ്യ പ്പെട്ടു. ‘ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവളാകയാല്‍ എനിക്ക് ക്രിസ്തുവില്‍ വിശ്വാസം ഇല്ലായെന്ന് എങ്ങനെ പറയാനാകും’ എന്ന് ഒരവസരത്തില്‍ പെര്‍പെറ്റ്ച്വാ തന്റെ പിതാവിനോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭഭാരവും പേറി നില്‍ക്കുന്ന ഫെലിസിറ്റസിനേയും ഓമനിച്ചു വളര്‍ത്തി കൊതിതീരാത്ത കുഞ്ഞുമായി എത്തിയ പെര്‍പെറ്റ്ച്വായേയും യാതൊരു പ്രലോഭനത്തിനും മറ്റിതര ഇടപെടലുകള്‍ക്കും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും അടര്‍ത്താനായില്ലായെന്നത് ചരിത്രമാണ്.
എ.ഡി. 203 മാര്‍ച്ച് 7 ന് ആ ധീരസഹോദരിമാര്‍ രക്തസാക്ഷിത്വം വരിച്ചു. ക്രിസ്തുവില്‍ ജയത്തിന്റെ പാട്ടു പാടി ഇരുവരും കൊലക്കളത്തിലേക്ക് നടന്നുനീങ്ങി. ഇവരെ നഗ്‌നരാക്കിയാണ് നടത്തിയത്. സ്വന്തം തലമുടികൊണ്ട് ഒരു കുറ്റിയില്‍ അവരെ കെട്ടി. കാണികളുടെ നിര്‍ദ്ദേശപ്രകാരം അവരെ വസ്ത്രം ധരിപ്പിച്ചു. ശേഷം എല്ലാവരും നോക്കിനില്‍ക്കെ ഒരു കൂറ്റന്‍ കാളയെ അഴിച്ചുവിട്ടു. ആ മൃഗം ഫെലിസിറ്റസിനെ മാരകമായി കുത്തി മുറിവേല്പിച്ചു, രക്തത്തില്‍ കുളിച്ചു കിടന്ന സഹോദരിയെ നിസ്സാരമായി പരിക്കേറ്റ പെര്‍പെറ്റ്ച്വാ പ്രത്യാശയുടെ വാക്കുകള്‍ കൊണ്ട് ധൈര്യപ്പെടുത്തി. ആ മൃഗത്തിന് വീണ്ടും അവരെ ആക്രമിക്കാന്‍ മനസ്സു വന്നില്ല. പകരം പരസ്യ സ്ഥലത്ത് വച്ച് വാളുകൊണ്ട് ഒരു യുവയോദ്ധാവ് അവരെ വധിച്ചു. പെര്‍പെറ്റ്ച്വായെ പലവട്ടം വെട്ടിയിട്ടും മരിച്ചില്ല. ഒടുവില്‍ ആ യുവാവിന് തന്റെ ശരീരത്തിലെ മര്‍മ്മസ്ഥാനം അവള്‍ തന്നെ കാണിച്ചു കൊടുത്തു. അങ്ങനെയാണ് പെര്‍പെറ്റ്ച്വാ മരണത്തിനു കീഴടങ്ങിയത്. അങ്ങനെ ക്രിസ്തു സാക്ഷികളായ ആ ധീരവനിതകള്‍ ക്രിസ്തുവിന്റെ അടുക്കലേയ്ക്കു പറന്നുയര്‍ന്നു.

Comments (0)
Add Comment