ആത്മീക കൂടി വരവുകൾക്കുള്ള ന്യൂയോർക്കിന്റെ നിയന്ത്രണങ്ങൾക്കെതിരെ യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടണ്‍ ഡി‌സി: ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 10 മുതല്‍ 25 വരെ പരിമിതപ്പെടുത്തുന്നതില്‍ നിന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നടത്തിയ നിയന്ത്രണത്തെ വിലക്കിക്കൊണ്ട് യു.എസ് സുപ്രീം കോടതി നവംബര്‍ 25 ന് ഉത്തരവിട്ടു. അഗദത്ത് ഇസ്രായേലും ചില ക്രിസ്ത്യൻ സംഘടകളും കുമോക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഉത്തരവ്. പുതുതായി സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ആമി കോണി ബാരെറ്റും ഉത്തരവിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം മതസ്വാതന്ത്ര്യത്തിന്റെ വിജയമായിട്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിനെ പൊതുവേ നിരീക്ഷിക്കുന്നത്.

പകര്‍ച്ചവ്യാധിയാണെങ്കില്‍ പോലും ഭരണഘടനയെ മാറ്റിവെക്കുവാനോ, മറന്ന് പ്രവര്‍ത്തിക്കുവാനോ കഴിയുകയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ആരാധനാലയങ്ങളില്‍ നിന്നും വിശ്വാസികളെ വിലക്കുന്നതെന്നും കോടതി പറഞ്ഞു. അമി കോണി ബാരെറ്റിന് പുറമേ, ക്ലാരന്‍സ് തോമസ്‌, സാമുവല്‍ അലിറ്റോ, നെയില്‍ ഗോര്‍സച്ച്, ബ്രെറ്റ് കാവന എന്നിവര്‍ മതസ്വാതന്ത്ര്യത്തിനനുകൂലമായ നിലപാടെടുത്തപ്പോള്‍ 4 പേര്‍ ഗവര്‍ണര്‍ക്കനുകൂലമായി വോട്ട് ചെയ്തു. ആരാധനാലയങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ തങ്ങളുടെ മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാക്കിയെന്ന് ആരോപിച്ചുകൊണ്ടാണ് ക്രിസ്തീയ നേതാക്കളും നിരവധി യഹൂദ സിനഗോഗുകളും കോടതിയെ സമീപിച്ചത്. പക്ഷേ വ്യാപാരസ്ഥാപനങ്ങളിലും മറ്റും ആൾക്കാർ കൂടുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടില്ല.

കുമോയുടെ ഒക്ടോബര്‍ ആറിലെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യാഥാസ്ഥിതിക യഹൂദ സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെതിരെ യഹൂദ സമൂഹം തെരുവ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരിന്നു. റെഡ്സോണിലെ ദേവാലയങ്ങളിലും, സിനഗോഗുകളിലും 10 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമ്പോള്‍, കച്ചവട സ്ഥാപനങ്ങളെ “അവശ്യ സേവന” വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനേകം ആളുകള്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയതാണ് ക്രൈസ്തവരെയും, യഹൂദരേയും പ്രതിഷേധത്തിലേക്ക് തിരിയുവാന്‍ കാരണമാക്കിയത്. കോടതി വിധിക്ക് പിന്നാലേ ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ ബ്രൂക്ലിൻ രൂപതാനേതൃത്വത്തെ അനുമോദിച്ച് ട്വീറ്റ് ചെയ്തു. അതേസമയം മതസമുദായങ്ങളുടെ കാര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പുലര്‍ത്തിവരുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

Comments (0)
Add Comment