ചൈന നഴ്‌സറി സ്‌കൂളിൽ യുവതി കത്തി കൊണ്ട് ആക്രമിച്ചു: 14 കുട്ടികൾക്ക് പരുക്ക്

ബെയ്ജിങ്: കത്തിയുമായി നഴ്‌സറി സ്‌കൂളില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്. സ്‌കൂള്‍ പരിസരത്ത് പ്രവേശിച്ചയുടന്‍ ഇവര്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. യുവതി സര്‍ക്കാരിനെതിരെ കേസ് നടത്തുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയൊമ്പതുകാരിയായ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളുണ്ട്. ദൃശ്യങ്ങളില്‍ മിക്ക കുട്ടികള്‍ക്കും മുഖത്ത് മുറിവേറ്റയായി കാണാം. യുവതിയെ പോലീസ് കൊണ്ടുപോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്.

ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചതായുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി.

ഗുരുതരകുറ്റകൃത്യങ്ങള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയില്‍ കുറവാണ്. എന്നാല്‍ സ്‌കൂളുകളില്‍ കടന്ന് കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഈയിടെ വര്‍ധിച്ചു വരുന്നതായി കണക്ക് സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസത്തില്‍ ഇരുപത്തെട്ടുകാരന്റെ ആക്രമണത്തില്‍ ഒന്‍പതു കുട്ടികള്‍ മരിച്ചിരുന്നു.

രാജ്യത്തിലെ ജനങ്ങളുടെ മാനസികാരോഗ്യസ്ഥിതി മോശമാകുന്നതു കൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Comments (0)
Add Comment