ഈജിപ്ഷ്യന്‍ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക് അന്തരിച്ചു.

കൈറോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റയായിരുന്ന ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുബാറക് തുടര്‍ ചികിത്സയിലായിരുന്നു, അനന്തരം സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1928 മെയ് നാലിന് നൈൽ ഡെൽറ്റയിലെ കാഫർ എൽ മെസെൽഹയിലാണ് മുബാറകിന്റെ ജനനം. ഈജിപ്ത് രാജവാഴ്ചയായിരുന്നപ്പോൾ സൈനിക ജീവിതം തിരഞ്ഞെടുത്ത അദ്ദേഹം 1950 ൽ വ്യോമസേന അക്കാദമിക്കൊപ്പം ചേര്‍ന്നു. നാല് വർഷത്തിന് ശേഷം ജമാൽ അബ്ദുൽ നാസറിന്റെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയിലൂടെ ഫാറൂക്ക് രാജാവിനെ അധികാരത്തില്‍ നിന്നു പുറത്താക്കി. 1964 ൽ, മുബാറക്കിനെ സോവിയറ്റ് യൂണിയനിലേക്കുള്ള ഈജിപ്ഷ്യൻ സൈനിക പ്രതിനിധി സംഘത്തിന്റെ തലവനായി നിയമിച്ചു. 1967 മുതൽ 1972 വരെ അദ്ദേഹം വ്യോമസേനാ മേധാവിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് പ്രതിരോധകാര്യ സഹമന്ത്രിയായി. 1973 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിനുശേഷം എയർ മാർഷലായി സ്ഥാനക്കയറ്റം ലഭിച്ചു. നാസറിന്റെ മരണശേഷം, ഈജിപ്തിനെ നയിച്ചത് പ്രസിഡന്റ് അൻവർ സാദത്തായിരുന്നു. 1975 ഏപ്രിലിൽ മുബാറക്കിനെ അന്‍വര്‍ സാദത്ത് വൈസ് പ്രസിഡന്റായി നിയമിച്ചു. 1973 ലെ യുദ്ധ വാർഷികം ആഘോഷിക്കുന്ന വാർഷിക പരേഡിനിടെ 1981 ഒക്ടോബർ 6 ന് മതമൗലികവാദികൾ സാദത്തിനെ വെടിവച്ചു കൊന്നു. തൊട്ടടുത്ത് ഇരുന്ന മുബാറക് നിസാരമായ പരിക്കുകളോടെ രക്ഷപെട്ടു. ഇതിന് പിന്നാലെ മുബാറക് അക്രമസംഘങ്ങളെ തകർത്തെറിഞ്ഞു. ഇതോടെയായിരുന്നു ഈജിപ്തിന്റെ സര്‍വാധികാരത്തിലേക്ക് മുബാറക് നടന്നുകയറിയത്. പിന്നീട് 30 വര്‍ഷം ഈജിപ്തിന്റെ അനിഷേധ്യ നേതാവായിരുന്നു മുബാറക്.

2011 ജനുവരി 25 നാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. സമീപകാലത്ത് ടുണീഷ്യയിലെ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്. ഈജിപ്തിലെ പ്രക്ഷോഭത്തിനും ഏകീകൃത നേതൃത്വമുണ്ടായിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ക്കകം ലിംഗ, പ്രായ ഭേദമെന്യേ ലക്ഷക്കണക്കിനാളുകളാണു പ്രക്ഷോഭനിരയില്‍ അണിനിരന്നത്. തലസ്ഥാനമായ കയ്‌റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കയ്‌റോയിലെ വിമോചന ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. നില്‍ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന് അന്ത്യമായി.

Comments (0)
Add Comment