ന്യൂയോര്‍ക്കിൽ ക്രിസ്മസ് ക്വയറിനു നേരെ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സെന്‍റ് ജോണ്‍ ദ ഡിവൈന്‍ കത്തീഡ്രലില്‍ ക്രിസ്മസ് ക്വയറിനു നേരെ വെടിയുതിര്‍ത്തയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റാര്‍ക്കും പരുക്കില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കത്തീഡ്രലിനു പുറത്തു നടത്തിയ ക്വയറില്‍ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. ക്വയര്‍ സമാപിച്ചതിനു പിന്നാലെയാണ് അക്രമി തോക്കുമായെത്തിയത്. തോക്ക് താഴെയിടാൻ പൊലീസുകാർ പറഞ്ഞെങ്കിലും അക്രമി അനുസരിച്ചില്ല. അക്രമി എത്ര തവണ വെടിവച്ചെന്ന് കൃത്യമായി അറിയില്ലെന്ന് പൊലീസ് അറിയിച്ചു. ന്യൂയോർക്ക് എപ്പിസ്കോപ്പൽ രൂപതയുടെ മാതൃ ദേവാലയം ആണ് സെന്റ് ജോൺ ദി ഡിവിഷൻ കത്തീഡ്രൽ.

വൈകുന്നേരം 4 മണിക്ക് മുമ്പാണ് വെടിവയ്പ്പ് ആരംഭിച്ചത്. കത്തീഡ്രൽ പടികളിൽ 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഗീത പരിപാടി സമാപിച്ചനന്തരം നൂറുകണക്കിന് ആളുകൾ അകന്നുപോകുവാൻ തുടങ്ങുമ്പോഴായിരുന്നു തോക്കുധാരി വെടിയുതിർക്കാൻ തുടങ്ങിയത്, ആംസ്റ്റർഡാം അവന്യൂവിലൂടെ ഇറങ്ങിവരുന്ന ആളുകൾ നിലവിളിച്ച് നടപ്പാതയിലൂടെ ഓടിയൊളിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു നിന്നും രണ്ടു തോക്കുകളും ഒരു ഗ്യാസ് ക്യാൻ, കത്തി എന്നിവ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. തന്നെ വെടിവയ്ക്കാൻ അക്രമി നിരവധി തവണ പൊലീസിനെ വെല്ലുവിളിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.

Comments (0)
Add Comment