ലോകമാന ക്രൈസ്തവപീഡനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന ഓ.പി.എ.സി. നിലവിൽ വന്നു

വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും, പ്രതിരോധിക്കുവാനുമായി യാഥാസ്തിതിക കൈസ്തവ സഭകളുടെ നേതൃത്വത്തിൽ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്‌ടണില്‍വെച്ചായിരുന്നു ‘ഓര്‍ത്തഡോക്സ് പബ്ലിക്ക് അഫയേഴ്സ് കമ്മിറ്റി’ (ഒ.പി.എ.സി) എന്ന സംഘടനയുടെ ഉദ്ഘാടനം. യാഥാസ്തിതിക കൈസ്തവ സഭകളുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണെങ്കിലും സഭാഭേദമന്യേ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലും വിവേചനവും വെളിച്ചത്തു കൊണ്ടുവരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഒ.പി.എ.സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ പോരാടുവാന്‍ സമാന മനസ്കരായവരുമായി പങ്കാളിത്തം ഉണ്ടാക്കുവാന്‍ സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റിന്റെ മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ്, ഒ.പി.എ.സി യുടെ സഹസ്ഥാപകനും, ചെയര്‍മാനുമായ ജോര്‍ജ്ജ് ജിജിക്കോസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ തുര്‍ക്കിയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി മാറ്റിയതാണ് സംഘടന സ്ഥാപിക്കുവാനുള്ള പ്രധാന കാരണമെന്ന്‍ സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ നിക്കോളാസ് ഫുരിസ് പറയുന്നു.

ഇത്തരത്തിലുള്ള ആത്മീയ മോഷണങ്ങള്‍ ആധുനിക ലോകത്ത് അനുവദനീയമല്ല. ഇതിനെതിരെ തങ്ങള്‍ പോരാടും. തങ്ങളുടെ ഉപദേശക സമിതിയിലുള്ളതു ഉന്നത വിദ്യാഭ്യാസ വിദഗ്ദരോ, ദൈവശാസ്ത്രജ്ഞരോ, മതപണ്ഡിതന്‍മാരോ അല്ലെന്നും മതപീഡനം നേരിട്ടിട്ടുള്ള സാധാരണക്കാരുടെ സേവനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വളരെക്കാലമായി ലോകമോ മാധ്യമങ്ങളോ ചെവികൊടുത്തിട്ടില്ലാത്ത അവരുടെ അനുഭവങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫുരിസ് പറഞ്ഞു.

Comments (0)
Add Comment