ഡിസംബർ 10: ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

എല്ലാ മനുഷ്യരും സ്വതന്ത്രരായും അവകാശങ്ങളോടെ ജീവിക്കുവാനുമാണ് ഭൂമിയിൽ പിറക്കുന്നത്. പക്ഷേ നിർഭാഗ്യവശാൽ ഭൂരിപക്ഷവും ജീവിക്കുന്നത് ഏതെങ്കിലും നിഷേധങ്ങളുടെ മധ്യേയാണ്. മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. 1948 ലാണ് ആദ്യമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മനുഷ്യാവകാശം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് അവാര്‍ഡും ഈ ദിനത്തിൽ നൽകാറുണ്ട്.

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളായിരിക്കും ഇവയിൽ മുഖ്യമായ് ചർച്ചാവിധേയമാകുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികളും ബോധവൽക്കരണ മീറ്റിങ്ങുകളും സംഘടിപ്പിക്കാറുണ്ട്. ഇതൊക്കെയുണ്ടെങ്കിലും ലോകത്ത് പലയിടങ്ങളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. നമ്മുടെ രാജ്യമുൾപ്പെടെ ലോകമെമ്പാടും മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇപ്പോഴത്തെ കാർഷിക സമരവും മറ്റും അങ്ങനെയുള്ള വസ്തുതകളുടെ പ്രതിഫലനമാണ്. വ്യവസായവൽക്കരണവും കോർപറേറ്റ് വൽക്കരണവു മൂലം ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വലിയ കൂട്ടം ചെറുകിട സംരംഭകരും കർഷകരും അങ്ങനെ …

ദാരിദ്രത്തിൽ കഴിയുന്ന അനേക കുട്ടികളുടെ അതിജീവനവും വിദ്യാഭ്യാസരം നിഷേധിക്കപ്പെടുന്നു… എല്ലാവരെയും പോലെ സമൂഹത്തിന്റെ മുഖ്യ നിരയില്‍ നില്ക്കാന്‍ ആഗ്രഹിക്കുന്ന വികലാംഗര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങള്‍ മാത്രമാകുന്നു…
സ്ത്രീകളും ട്രാൻസ് ജെൻഡറുകളും സമൂഹത്തില്‍ നിന്നും തള്ളപ്പെടുന്നു ….
ഇങ്ങനെ നിരവധി അവകാശ ലംഘനങ്ങള്‍ പ്രതിദിനം നമ്മുടെ ചുറ്റുപാടും കാണുവാനാകും.
രാഷ്ട്രീയ പാര്‍ട്ടികള്‍ കുത്തക മുതലാളിമാരുടെയും കോർപറേറ്റുകളുടെയും വക്താക്കളായി മാറുമ്പോൾ സാധാരണക്കാർ അവകാശ നിഷേധം അനുഭവിക്കുകയാണ്. മനുഷ്യന്റെ അവകാശങ്ങള്‍ ഇന്ന്‍ സംരക്ഷിക്കപെടുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പ്രസക്തമാണ്.

ദൈവമക്കളായ നാമും രാജ്യത്തെ പൗരന്മാരെന്ന നിലയിലുള്ള പല അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടവരാണ്. നമ്മൾ യഥാർത്ഥത്തിൽ പരലോകത്തിന്റെ അവകാശികളാണല്ലോ. നമ്മുടെ മധ്യത്തിൽ തന്നെ അവകാശ നിഷേധത്തിന്റെ അനേക സംഭവങ്ങൾ ദൃശ്യമാവുന്നുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ലോകത്തെ ചലിപ്പിച്ച ആദ്യകാല ഭക്തമാരുടെ ജീവിതത്തെ മുന്നിൽക്കണ്ട് ലോകത്തിലെ എല്ലാവരും തങ്ങളുടെ അവകാശങ്ങൾ സ്വാതന്ത്ര്യമായി അനുഭവിക്കുന്നതിന് സൃഷ്ടികർത്താവിന്റെ സന്നിധിയിൽ നമുക്കു അഭയയാചന ചെയ്യാം.

Comments (0)
Add Comment