റവ. ഡോ. പി സ് ഫിലിപ്പ് സാറിന്റെ വ്യക്തിപ്രഭാവം എന്റെ ശുശ്രൂഷാ മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് | റവ. ബിനോയ് ഏബ്രഹാം , ചെയർമാൻ , IAG യു കെ – യൂറോപ്പ്

കർത്താവിൽ നിദ്രപ്രാപിച്ച പ്രിയ ഫിലിപ്പ് സാറിനെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഓർമ്മ അദ്ദേഹം എന്റെ ജന്മദേശമായ കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ കൺവെൻഷനിൽ ദൈവവചനം ശുശ്രൂഷിക്കാൻ വരുന്നതാണ്. അന്ന് കേവലം പന്ത്രണ്ടു വയസ്സുള്ള ഞാൻ എന്റെ പിതാവിനോടൊപ്പം അദ്ദേഹത്തെ പരിചരിക്കുവാൻ ദൈവം അവസരം തന്നു. മീറ്റിംഗിന് ശേഷം അന്ന് രത്രിയിൽ ഭവനത്തിൽ തങ്ങിയ ശേഷം മറ്റൊരു മീറ്റിംഗിനായി ദൈവദാസന്‌ പോകേണ്ടതുള്ളതുകൊണ്ട് പിറ്റേന്ന് അതിരാവിലെ കോട്ടയത്തേക്കുള്ള ബസ്സിന് യാത്രയാക്കുവാൻ പ്രിയ സാറിന്റെ പെട്ടി ചുമന്നുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ നടന്നുപോകുന്ന ഓർമ ഒരിക്കലും മായാതെ മനസിൽ ഇന്നും തങ്ങിനിൽക്കുന്നു.

വർഷങ്ങൾ പിന്നിട്ടപ്പോളും പല ശുശ്രൂഷ വേദികളിലും അല്ലാതയുമായി ദൈവദാസനുമായി വ്യക്തിപരമായി ബന്ധം പുലർത്തുവാൻ ദൈവം അവസരങ്ങൾ ഒരുക്കി. അദ്ദേഹവുമായുള്ള ബന്ധവും സാറിന്റെ വ്യക്തിപ്രഭാവും എന്റെ ശുശ്രൂഷാ മേഖലകളിൽ വളരെയധികം സ്വാധീനം ചുമത്തിയിട്ടുണ്ട്.

ഞാൻ യുകെ യിൽ വന്നതിനു ശേഷം IAG യുകെ ആൻഡ് യൂറോപ്പിന്റെ പത്താമത് നാഷണൽ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി സാറിനെ ക്ഷണിക്കുവാനും, ശുശ്രൂഷ അനുഭവിക്കുവാനും മാത്രമല്ല അദ്ദേഹത്തെ ശുശ്രൂഷിപ്പാനും ദൈവം അവസരം തന്നു.

എപ്പോഴെല്ലാം അദ്ദേഹം യുകെയിൽ വന്നുവോ അപ്പോഴെല്ലാം ഭാവനത്തിലേക്ക് ഓടി വരുമായിരുന്നു. കൂട്ട് വേലക്കാരൻ എന്നതിലുപരി ഒരു പ്രിയ ശിഷ്യനെ പോലെ സ്നേഹക്കുകയും ഉപദേശിക്കുകയും ചെയ്ത് ഓർമ്മകൾ ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്നു.

IAG യുടെ നാഷണൽ കോൺഫെറെൻസിൽ ഞങ്ങൾക്ക് ഒരുമിച്ച് തിരുവത്താഴ ശുശ്രൂഷയിൽ ഭഗവാക്കാവുവാനും പ്രിയ സാറിൽ നിന്നും കർതൃമേശ സ്വീകരിക്കുവാനും ഇടയായതാണ് എന്റെ മനസിൽ ദൈവദാസനുമായുള്ള അവസാനത്തെ ഒരിക്കലും മായാത്ത ചിത്രം.

പ്രിയ ദൈവമനുഷ്യന്റെ വേർപാട് AG സഭക്ക് മാത്രമല്ല മറിച്ച് മലയാളി പെന്തക്കോസ്ത് സമൂഹത്തിന് നികത്താനാകാത്ത വിടവാണ്.

പെന്തകോസ്ത് മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തിപ്രഭാവം, ശുശ്രൂഷയിലെ കൃത്യനിഷ്ഠ, അപാരമായ അദ്ധേഹത്തിന്റെ ഓർമ്മ ശക്തി, കർത്തൃവേലയുടെ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ വിനയത്തോടുകൂടെയുള്ള അദ്ദേഹത്തിന്റെ സംസാരവും പ്രവർത്തിയും പ്രിയ ദൈവദാസന്റെ സ്വഭാവ സവിശേഷതകൾ ആയിരുന്നു.

പ്രത്യാശയുടെ പൊൻപുലരിയിൽ പ്രിയ സാറിനെ വീണ്ടും കാണാമെന്ന ഉറപ്പോടുകൂടെ, ദുഖത്തിലായിരിക്കുന്ന അദ്ധേഹത്തിന്റെ കുടുംബത്തിന് IAG യുകെ ആൻഡ് യൂറോപ്പിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അനുശോചനം അറിയിക്കുന്നു. ബുദ്ധിയെ കവിയുന്ന ദൈവീക സമാധാനം നമ്മിൽ ഓരോരുത്തരിലും നിറയുമാറാകട്ടെ

Comments (0)
Add Comment