ഇറാഖില്‍ മാർപ്പാപ്പയുടെ ചരിത്ര സന്ദർശനം നാളെ

ബാഗ്ദാദ്: ചരിത്രം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം നാളെ ആരംഭിക്കും. തലസ്ഥാന നഗരമായ ബാഗ്ദാദ്, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മനാടായ ‘ഉര്‍’ എന്നിവയ്ക്കു പുറമേ ക്വാരഘോഷ്, മൊസൂള്‍, ഇര്‍ബില്‍ എന്നീ ക്രൈസ്തവ രക്തസാക്ഷികളുടെ നഗരങ്ങളും പാപ്പ സന്ദര്‍ശിക്കുമെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രത്യേകത. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പകര്‍ച്ചവ്യാധിയും അഴിമതിയും കൊടികുത്തി വാഴുന്ന ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇറാഖി ജനത നോക്കിക്കാണുന്നത്. നാളെ മാര്‍ച്ച് 5 -ന് ആരംഭിക്കുന്ന സന്ദര്‍ശനം എട്ടുവരെ നീളും.

പുരാതന മെസപ്പോട്ടോമിയന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ഇറാഖില്‍ സഭയുടെ ആരംഭം മുതല്‍ക്കേ തന്നെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നു. കല്‍ദായ, സിറിയന്‍, അര്‍മേനിയന്‍, ലാറ്റിന്‍, മെല്‍ക്കൈറ്റ്, റോമന്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ നിലനില്‍ക്കുന്ന ഇറാഖിലെ ക്രിസ്തുമതം. രാജ്യത്തെ അധിനിവേശത്തിലൂടെ കീഴ്പ്പെടുത്തിയ ഐ‌എസ് ഇറാഖില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കിയതിനു ശേഷം ആയിരത്തിന് മുകളില്‍ ക്രൈസ്തവരാണ് യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഇവിടെ കൊല്ലപ്പെട്ടത്. 2003-ലെ അന്താരാഷ്ട്ര സൈനീക നടപടിക്ക് മുന്‍പ് ജനസംഖ്യയുടെ 6% (14 ലക്ഷം) ക്രൈസ്തവര്‍ ഉണ്ടായിരിന്നെങ്കില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് 4,00,000 ക്രൈസ്തവര്‍ മാത്രമാണ് നിലവില്‍ ഇറാഖിലുള്ളത്.

Comments (0)
Add Comment