ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു
അദ്ദേഹത്തിന് 79 വയസായിരുന്നു. കുറെ നാളായി അര്‍ബുദ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആധുനിക ഒമാന്റെ ശില്‍പിയായാണ് അദ്ദഹം അറിയപ്പെടുന്നത്.

49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ വെറും ഏഴ് മാസം കൂടി ബാക്കി നില്‍ക്കെയാണ് മരണം എത്തിയത്.കഴിഞ്ഞ 49 വര്‍ഷവും തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച ഒരേയൊരു പരമാധികാരി.

സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കറന്‍സി മാറ്റി പകരം സ്വന്തം കറന്‍സി രാജ്യത്ത് നടപ്പിലാക്കി.1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. അന്ന് മുതല്‍ ഒമാന്റെ എല്ലാമെല്ലാം സുല്‍ത്താന്‍ ഖാബൂസാണ്. ഊഷര ഭൂമിയില്‍ നിന്ന് ആധുനികതയിലേക്ക് ഒമാനെ നയിച്ച ഭരണാധികാരി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാക്കി മാറ്റി തീർത്തു.

2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല.

Comments (0)
Add Comment