മാര്‍പ്പാപ്പ ഇന്ന് യുഎഇയില്‍; അറേബ്യന്‍ ഉപദ്വീപില്‍ പുതിയ ചരിത്രം

അബുദബി : സഹിഷ്ണുതയുടെ സന്ദേശം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് പകരാന്‍ ആഗോള കത്തോലിക്ക വിശ്വാസികളുടെ പരമോന്നത മതാചാര്യനായ പോപ് ഫ്രാന്‍സിസ് ഇന്ന് യുഎഇയില്‍ വിമാനമിറങ്ങും. ചരിത്രത്തിലാദ്യമായാണ് ഇസ്ലാമിന്റെ ജന്മഭൂമിയായ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുന്നത്. അബുദബിയില്‍ നടക്കുന്ന മാനവ സാഹോദര്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ എത്തുന്നത്. സമ്മേളനം ഞായറാഴ്ച രാവിലെ എമിറേറ്റ്‌സ് പാലസില്‍ ആരംഭിക്കും. യുഎഇയിലെങ്ങും പോപ് ഫ്രാന്‍സിസിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാത്രി പത്തിന് പ്രസിഡന്‍ഷ്യന്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്. അല്‍ മുശ്‌രിഫ് കൊട്ടാരത്തിലാണ് താമസമൊരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മാര്‍പ്പാപ്പയെ സ്വീകരിക്കും. തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച നടത്തും. ഈജിപ്തിലെ ചരിത്രപ്രസിദ്ധ ഇസ്ലാമിക കലാലയമായ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ ഇമാം ഡോ. അഹ്മദ് അല്‍ ത്വയിബും മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

Comments (0)
Add Comment