“യേശു ഏകരക്ഷകന്‍”: ഐഎസില്‍ ചേരുവാന്‍ തീരുമാനിച്ച യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു

0 1,625

സ്റ്റോക്ക്ഹോം: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി സംഘടനയില്‍ ചേരാന്‍ തീരുമാനിച്ച റിഥ ചൈമാ എന്ന മുസ്ലീം യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു “യേശു ഏകരക്ഷകന്‍”. ലാസ്റ്റ്‌ റിഫര്‍മേഷന്‍ എന്ന പ്രേഷിതസംഘടന പുറത്തിറക്കിയ “ഇന്‍ ഹിസ്‌ ഫൂട്ട്സ്റ്റെപ്സ്” എന്ന ഡോക്യുമെന്ററി വഴിയാണ് റിഥ ചൈമ എന്ന യുവതിയുടെ യേശുവിനെ കണ്ടെത്തിയ അനുഭവസാക്ഷ്യം പുറം ലോകം അറിഞ്ഞത്. പുകവലിക്കും മയക്കുമരുന്നിനും അടിമയായ റിഥ മുസ്ലീങ്ങളല്ലാത്തവരോട് കടുത്ത വിദ്വേഷംവെച്ചു പുലര്‍ത്തിയിരിന്നതായും അവരെ കൊല്ലുവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തുറന്നു പറയുന്നു.

നേരത്തെ ഐ‌എസിന്റെ അതിക്രൂരമായ പ്രവര്‍ത്തികള്‍ കണ്ട അവള്‍ അതില്‍ ആകൃഷ്ടയാകുകയായിരിന്നു. പിന്നീട് ജിഹാദികള്‍ക്കൊപ്പം ചേരുവാന്‍ സിറിയയിലേക്ക്‌ പോകുവാന്‍ തന്നെ റിഥ തീരുമാനിച്ചു. എന്നാല്‍ അവളുടെ ജീവിതത്തില്‍ സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. റിഥയുടെ സ്വഭാവവൈകല്യത്തില്‍ വേദന തോന്നിയ അവളുടെ അമ്മ അവള്‍ക്ക് കുറെയധികം പുസ്തകങ്ങള്‍ നല്‍കി. അക്കൂട്ടത്തില്‍ വിശുദ്ധ ബൈബിളും ഉണ്ടായിരിന്നു. ക്രിസ്ത്യാനികള്‍ പറയുന്നത് തെറ്റാണെന്നു വാദിക്കുവാന്‍ വേണ്ടി മാത്രമായാണ് അവള്‍ ബൈബിള്‍ വായിക്കുവാന്‍ ആരംഭിച്ചത്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം തന്റെ ജീവിതം മാറ്റിമറിക്കുകയായിരിന്നുവെന്ന് റിഥ സാക്ഷ്യപ്പെടുത്തുന്നു.

ബൈബിള്‍ വായനയ്ക്കിടെ “നിന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക, അവരെ സ്നേഹിക്കുക” തുടങ്ങിയ ബൈബിള്‍ വാക്യങ്ങളില്‍ അവള്‍ ആകൃഷ്ടയായി. പതുക്കെ പതുക്കെ യേശു തന്റെയുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെന്ന് റിഥ പറയുന്നു. ദൈവാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനം റിഥയില്‍ ഉണ്ടായപ്പോള്‍ അവളുടെ മനോഭാവവും ജീവിതരീതിയും ആക്രമണസ്വഭാവവും മാറിമറിയുകയായിരിന്നു.

തുടര്‍ന്നു യേശുവിനെ പിന്തുടരുവാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം അവള്‍ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ അവള്‍ നേരിട്ടത് കടുത്ത എതിര്‍പ്പ് ആയിരിന്നു. ഇതേത്തുടര്‍ന്നു വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ തന്റെ മുറിയില്‍ ഒറ്റക്ക്‌ കഴിഞ്ഞ റിഥയ്ക്കു തുണയായതും ആശ്വാസം നല്‍കിയതും ബൈബിള്‍ തന്നെയാണ്. താന്‍ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ ഉണ്ടായ അസാധാരണമായ സംഭവത്തെക്കുറിച്ചും റീത്ത വിവരിച്ചു. മാമോദീസായിലൂടെ ക്രിസ്തുവിനോട് ചേരുന്ന സമയത്ത് ശരീരം വിറയ്ക്കുകയും അലറുകയും ചെയ്തിരിന്നുവെന്ന് റിഥ വെളിപ്പെടുത്തി.

തന്നെ ബാധിച്ച പൈശാചിക അടിമത്തത്തിന്റെ അവസാനത്തെ പ്രവര്‍ത്തനമാണ് അപ്പോള്‍ നടന്നതെന്നും മാമോദീസാക്ക് ശേഷം തന്റെ ഉള്ളില്‍ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞുപോയ അനുഭവമാണ് ഉണ്ടായതെന്നും റിഥ സാക്ഷ്യപ്പെടുത്തുന്നു. അമുസ്ലിംങ്ങളെ കൊന്നൊടുക്കുവാന്‍ ഐ‌എസില്‍ അംഗമാകാന്‍ തീരുമാനിച്ച റിഥ ചൈമാ ഇന്ന് തനിക്ക് ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും യേശു ഏകരക്ഷകന്‍ എന്ന സത്യത്തെ പറ്റിയും ലോകത്തോട് പ്രഘോഷിക്കുകയാണ്. പീറ്റര്‍ അല്‍മാന്‍ എന്ന സുവിശേഷകനൊപ്പമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതകരമായ പരിവര്‍ത്തനത്തെ പറ്റി റിഥ പ്രഘോഷണം നടത്തുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!