മതനിന്ദാ കുറ്റത്തിന് ക്രിസ്ത്യൻ നേഴ്സുമാർക്കെതിരെ പാകിസ്ഥാനിൽ കേസ്

0 1,590

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ക്രൈസ്തവരായ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാർക്കെതിരെ മുസ്ലീം സഹപ്രവര്‍ത്തകയായ റുക്സാന എന്ന സീനിയർ നേഴ്സാണ് വ്യാജ ആരോപണമുന്നയിച്ചിരിക്കുന്നത്. മൂന്നുമാസത്തിനിടെ ഒരു നേഴ്സിന് നേരെ മതനിന്ദാ കുറ്റം ആരോപിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്. സുതാര്യമായ അന്വേഷണത്തിന് വേണ്ടി മരിയുംലാലിന് പോലീസ് കസ്റ്റഡിയിൽ സുരക്ഷ നൽകണമെന്നും, പഞ്ചാബ് മന്ത്രിസഭയിലെ ന്യൂനപക്ഷ കമ്മീഷൻ പ്രതിനിധി ആസിഫ് മുനവ്വർ ആവശ്യപ്പെട്ടു. സെക്ഷൻ 295-ബി വകുപ്പ് പ്രകാരമാണ് രണ്ട് നഴ്സുമാർക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

മരിയുംലാൽ ആശുപത്രിയിലെ ചുമരിൽ നിന്ന് പഴകിയ ഖുർആൻ വചനങ്ങൾ എടുത്തുമാറ്റി എന്നാണ് റുക്സാനയുടെ ആരോപണം. എന്നാൽ യഥാർത്ഥത്തിൽ റുക്സാനയുടെ നിർദ്ദേശപ്രകാരമാണ് മരിയും ലാൽ ചുമരിലെ ചിത്രങ്ങളും, സ്റ്റിക്കറുകളും നീക്കം ചെയ്തത്. മരിയും ലാലിനെതിരെ മുൻവൈരാഗ്യമുണ്ടായിരുന്ന റുക്സാന ആശുപത്രിയിലെ മറ്റു ജോലിക്കാരെ വിളിച്ചുകൂട്ടി പ്രശ്നം സങ്കീർണ്ണമാക്കുകയായിരുന്നു. ന്യൂവിഷ് അരൂജും ഇതിന്റെ ഇരയാവുകയായിരുന്നു. ഇതിനിടെ ഇവര്‍ക്ക് നേരെ വധശ്രമം ഉണ്ടായി. ഫാർമസിയിൽ ജോലിചെയ്യുന്ന മുസ്ലിം മതവിശ്വാസിയായ വക്കാസ് എന്നൊരാൾ മരിയും ലാലിനെ ജോലിക്കിടയിൽ കത്തികൊണ്ട് ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മരിയും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപ വാസികളായ തീവ്ര മതചിന്ത പുലർത്തുന്നവർ മരിയുംലാലിനെ അറസ്റ്റ് ചെയ്ത്, കഴുത്തറക്കണമെന്ന് ആക്രോശിച്ച് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഗൗരവകരമായ വിഷയമാണിതെന്ന് മനുഷ്യാവകാശത്തിനും, ന്യൂനപക്ഷ കാര്യങ്ങൾക്കും വേണ്ടിയുള്ള പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ ആസിഫ് മുനവ്വർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു. പരസ്പര വൈരാഗ്യം തീർക്കാനുള്ള മാര്‍ഗ്ഗമായും മത വിദ്വേഷത്തിന്റെ ഫലമായും നിരവധി മതനിന്ദാ കേസുകളാണ് പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. 1987-2017 നുമിടയിൽ 1534 മതനിന്ദാ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 54 ശതമാനം കേസുകളും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്കെതിരെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തിൽപെടുന്നവർക്കെതിരെ 238 കേസുകളുണ്ട്. ഇതിനിടയിൽ നഴ്സുമാർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജണൽ മാനേജർ വില്യം സ്റ്റാർക് അപലപിച്ചു. വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.

You might also like
Comments
Loading...