ഭൂകമ്പത്തില്‍ തകര്‍ന്ന ക്രൊയേഷ്യൻ ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കുമെന്ന് ഹംഗറി

0 123

ബുഡാപെസ്റ്റ്: ക്രൊയേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു തകർന്ന ക്രൈസ്തവ ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഭൂകമ്പത്തിൽ ദേവാലയത്തിലെ വാദ്യോപകരണം വായിക്കുന്ന 65 വയസുള്ള സ്റ്റാൻ‌കോ സെക് ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും, 28 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേവാലയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ഹംഗേറിയൻ രാജ്യാന്തര-മത സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോൾട്ടെസ് ക്രൊയേഷ്യന്‍ രൂപതാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ ദീര്‍ഘനാളത്തെ സൗഹൃദമായതിനാൽ ക്രൊയേഷ്യയെ സഹായിക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും, ദേവാലയത്തിന്റെയും സ്കൂളിന്റെയും പുനർനിർമ്മാണം കൂടുതൽ ആളുകളെ ഈ പ്രദേശത്ത് താമസിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സോൾടെസ് പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഹംഗറി ക്രൊയേഷ്യയിലേക്ക് കണ്ടെയ്നർ ഹോമുകൾ അയച്ചിട്ടുണ്ട്. അതിനു പുറമെ ഇരുനൂറു കുട്ടികൾക്ക് അവധിക്കാല താമസസൗകര്യം നൽകുമെന്നും ഹംഗറി വാഗ്ദാനം ചെയ്തിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഓർബാൻ ഭരണകൂടം ഓരോ വര്‍ഷവും ചെലവിടുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!