ചൈനയുടെ കടല്‍പ്പാലം റിക്കാർഡുകൾ തിരുത്തി വിസ്മയിപ്പിക്കുന്നു

0 984

ഹോങ്കോങ്ങിനെ ചൈനയുമായും മെക്കാവുമായും ബന്ധിപ്പിക്കുന്ന പാതക്ക് 55 കിലോമീറ്റര്‍ നീളമുണ്ട്.

ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചൈനയില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീ ജിന്‍പിങാണ് നിര്‍വഹിച്ചത്. ഹോങ്കോങ്ങിനെ ചൈനയുമായും മെക്കാവുമായും ബന്ധിപ്പിക്കുന്ന പാതക്ക് 55 കിലോമീറ്റര്‍ നീളമുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഹോങ്കോങ്, ചൈന, മെക്കാവു എന്നിവിടങ്ങളിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കടല്‍പ്പാലത്തെ കാണുന്നത്. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ ഏറ്റവും സങ്കീര്‍ണ്ണമായ പദ്ധതികളൊന്നാണിത്. 23 കിലോമീറ്റര്‍ നീളമുള്ള പാലം, 7 കിലോമീറ്റര്‍ നീളമുള്ള തുരങ്കം, രണ്ട് കൃത്രിമ ദ്വീപുകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും ആഴത്തിലുള്ള തുരങ്കമാണ് ഈ പാതയിലുള്ളത്. കടലിനടിയിലൂടെ ഏകദേശം 46 മീറ്റര്‍ താഴ്ചയിലാണ് തുരങ്കത്തിന്റെ നിര്‍മാണം. നാല് ലക്ഷം ഇരുപതിനായിരം ടണ്‍ സ്റ്റീലാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്. ഇത് 60 ഈഫല്‍ ടവര്‍ നിര്‍മിക്കാനുള്ള സ്റ്റീലിന് തുല്യമാണ്.

ആകെ നിര്‍മാണചെലവ് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയാണ്. പാലം തുറന്ന് കൊടുത്തതോടെ ഹോങ്കോങ്- മെക്കാവു യാത്ര മൂന്ന് മണിക്കൂറില്‍ നിന്ന് വെറും 30 മിനിറ്റായി കുറയും. പാലത്തിലൂടെ സ്വകാര്യ വാഹനങ്ങള്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയേ അനുവദിക്കൂ. നേരത്തെ അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ പാലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുകയുള്ളു. ചൈന മീഡിയ ഗ്രൂപ്പിന്റെ ഡബ്ള്‍ ഡെക്കര്‍ ബസ്സാണ് ഈ പാലത്തിലൂടെ സഞ്ചരിച്ച ആദ്യ വാഹനം.

2009 ഡിസംബറിലാണ് കടല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രധാനപ്പെട്ട രണ്ട് പാലങ്ങളും തമ്മില്‍ ബന്ധിപ്പിച്ചത് 2016 ജൂണിലായിരുന്നു. 2017 മെയില്‍ കടലിനടിയിലൂടെയുള്ള തുരങ്ക പാതയുടെ അവസാന ഭാഗം നിര്‍മിച്ചു. 2018 ആദ്യത്തില്‍ കടല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ണ്ണമായത്. ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മിതി.

Advertisement

You might also like
Comments
Loading...