യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു

0 818

ക്രാക്കോവ്: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 19-ാം തീയതി ക്രാക്കോവിലെ ദിവ്യകാരുണ്യ ദേവാലയത്തില്‍ നടത്തപ്പെട്ട ഔദ്യോഗിക ചടങ്ങ്, ഇരുപതാം തീയതി രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും പ്രതീകാത്മകമായി വീണ്ടും നടത്തപ്പെട്ടു.

1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കണമെന്ന് വിവരിക്കുന്ന ‘ക്യൂവാസ് പ്രിമാസ്’ എന്ന ലേഖനം പുറപ്പെടുവിച്ചത്. ക്യൂവാസ് പ്രിമാസിന്റെ വിശദീകരണ പ്രകാരം, ഒരാള്‍ ക്രിസ്തുവിനെ രഹസ്യമായും, പരസ്യമായും തന്റെ ജീവിതത്തിന്റെ രാജാവായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യവും, മികച്ച അച്ചടക്കവും, സഹവര്‍ത്തിത്വവും ലഭിക്കുമെന്ന് പറയുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യങ്ങള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അവര്‍ ക്രിസ്തുവിന്റെ രാജ്യത്വത്തിന്റെ തിരുനാള്‍ പ്രത്യേകമായി ആഘോഷിക്കണമെന്നും, വ്യക്തികളും, ഭരണാധികാരികളും പരസ്യമായി ക്രിസ്തുവിനെ ബഹുമാനിക്കണമെന്നും ‘ക്യൂവാസ് പ്രിമാസി’ല്‍ പറയുന്നുണ്ട്.

“ദൈവത്തേയും, ഭൂമിയേയും സാക്ഷി നിര്‍ത്തി പോളണ്ട് ആവശ്യപ്പെടുന്നത്, ക്രിസ്തുവേ നിന്റെ ഭരണം ഞങ്ങളുടെ രാജ്യത്ത് വരേണമേ എന്നതാണ്. ക്രിസ്തുവിനല്ലാതെ ഒരാള്‍ക്കും ഞങ്ങളില്‍ അധികാരമില്ലെന്നും ഇപ്പോള്‍ ഇവിടെ പരസ്യമായി പ്രഖ്യാപിക്കുന്നു. കൃതജ്ഞതാപൂര്‍വ്വം നിന്റെ സന്നിധിയില്‍, ഞങ്ങള്‍ ശിരസ്സ് നമിക്കുന്നു. പോളണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു സ്‌നാനമേറ്റതിന്റെ 1050-ാമത് വര്‍ഷത്തില്‍ യേശുക്രിസ്തുവിനേ ഞങ്ങള്‍, രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കുന്നു”. പോളിഷ് ബിഷപ്പുമാര്‍ പ്രഖ്യാപനത്തില്‍ ഏറ്റുപറഞ്ഞു.

നേരത്തെ പെറു, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷകനും, ഭരണാധികാരിയുമായി പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുവിന്റെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ മധ്യസ്ഥത്തിനുമായാണ് ഭരണാധികാരികള്‍ രാജ്യങ്ങളെ സമര്‍പ്പിച്ചത്.

(PS)

Advertisement

You might also like
Comments
Loading...
error: Content is protected !!