വചനധ്യാന പരമ്പര | “യെരുശലേമിലെ പുനഃസ്ഥാപനങ്ങൾ” | പാസ്റ്റർ അനു സി ശാമുവേൽ – രാജസ്ഥാൻ

0 249

എസ്രാ 3:6: “ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല”.പ്രവാസത്തിൽ നിന്നും തിരികെയെത്തിയ ജനം യാഗങ്ങൾ പുനഃസ്ഥാപിക്കുന്നു (3:1-6), ആലയത്തിനു അടിസ്ഥാനമിടുന്നു (3:7-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം. ബാബേലിൽ നിന്നും യെരൂശലേമിലേക്കു സുമാർ അഞ്ഞൂറ്റിമുപ്പതു മൈൽ ദൂരം അഥവാ എണ്ണൂറ്റമ്പതു കിലോമീറ്റർ ദൂരം കണക്കാക്കപ്പെടുന്നു.

എസ്രായുടെ നേതൃത്വത്തിൽ വന്ന ജനം അത്രയും ദൂരം താണ്ടുവാൻ നാലുമാസമെടുത്തു എന്ന് 7:8,9 വാക്യങ്ങളിൽ നിന്നും തെളിയുന്നു. ഇങ്ങനെ വന്ന ജനം ഏഴാം മാസം യോസാദാക്കിന്റെ മകനായ യോശുവയുടെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരുടെയും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലിന്റെയും അവന്റെ സഹോദരന്മാരുടെയും നേതൃത്വത്തിൽ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. എന്നാൽ പ്രവാസത്തിൽ നിന്നും വന്നവർ ദേശവാസികളെ നന്നായി ഭയപ്പെട്ടിരുന്നു (3:3).

Download ShalomBeats Radio 

Android App  | IOS App 

എഴുപതു വർഷങ്ങൾ അതായതു രണ്ടു തലമുറകളുടെ ജീവിത കാലയളവോളം ശൂന്യമായി കിടന്ന യെരുശലേമിൽ സ്വാഭാവികമായും അധിനിവേശം നടത്തിയ അന്യജാതിക്കാർ നിരവധിയുണ്ടായിരുന്നു എന്നു അനുമാനിക്കാം. മാത്രമല്ല യെരുശലേമിനെ ചുറ്റിക്കിടക്കുന്ന രാജ്യങ്ങളെല്ലാം തന്നെ അന്യദൈവാരാധനയുടെ കേന്ദ്രങ്ങളും ആയിരുന്നു. മുൻപ് സൂചിപ്പിച്ചതു പോലെ രണ്ടു തലമുറകളുടെ ഇടവേള സമ്മാനിച്ച അപരിചിതാവസ്ഥ ഈ സാഹചര്യത്തിന്റെ തീവ്രതയ്ക്കു ആക്കം കൂട്ടുന്ന ഘടകമായി ചൂണ്ടിക്കാണിക്കുകയും ചെയ്യപ്പെടാം. ഇത്തരമൊരു പശ്ചാത്തലത്തിൽ പുനഃസ്ഥാപിക്കപ്പെടുന്ന യാഗങ്ങൾ യെരുശലേമിലെയും പരിസരവാസികളുടെയും കണ്ണിലെ കരടായി തീരുകയും നവസംരംഭത്തിനെതിരായ എതിർപ്പുകൾ പ്രതീക്ഷിതവും ആയിരുന്നു.

എങ്കിലും യാഗപീഠത്തിന്റെ പണിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെങ്കിലും കാലത്തും വൈകിട്ടും മാത്രം യാഗം അർപ്പിച്ചു കൊണ്ട് ബുദ്ധിപൂർവ്വം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ അവർ ശ്രമിച്ചു. യെരുശലേമിൽ എത്തിയതിന്റെ രണ്ടാം ആണ്ടു രണ്ടാം മാസം ആലയത്തിനു അടിസ്ഥാനവും ഇട്ടു. ആലയത്തിന്റെ അടിസ്ഥാനമിട്ടപ്പോൾ ശലോമോന്റെ ആലയത്തിന്റെ പ്രതാപവും മഹത്വവും നേരിൽ കണ്ടിട്ടുള്ള വയോധികർ വിലപിക്കുകയും എന്നാൽ പുതുതലമുറ പണിയുവാനുള്ള ആലയത്തിന്റെ മഹത്വം മുൻകണ്ടുകൊണ്ടു അർപ്പിടുകയും ചെയ്തു.

ചുരുക്കത്തിൽ ഒരുപകുതിയുടെ വിലാപവും മറുപകുതിയുടെ ആഘോഷവും ഇടകലർന്ന ഉറച്ചശബ്ദം ബഹുദൂരത്തോളം ശ്രവണയോഗ്യമായി ഉയർന്നു നിന്നു!പ്രിയരേ, യാഗങ്ങൾ പുനഃസ്ഥാപിക്കുകയും ആലയത്തിനു അടിസ്ഥാനമിടപ്പെടുകയും ചെയ്ത ശുഭോദ്ദീപകങ്ങളായ അടയാളപ്പെടുത്തലുകൾ ഈ അദ്ധ്യായത്തിൽ മുമ്പോട്ട് വയ്ക്കപ്പെടുന്നു. മുടങ്ങിപ്പോയവകളുടെ പുനഃസ്ഥാപനം ദൈവേച്ഛയുടെ പരിണിതിയും ദൈവപ്രസാദത്തിന്റെ ഹേതുവും ആയിരിക്കും; തീർച്ച!ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ

A Poetic Devotional Journal

You might also like
Comments
Loading...