വചനധ്യാന പരമ്പര | “കരയുന്ന നെഹെമ്യാവ്‌”

0 651

നെഹമ്യാവ് 1:10: “അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ”.

BC 445-425 കാലഘട്ടത്തിൽ എഴുത്തപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ പുസ്തകം നെഹമ്യാവിന്റെ അനുദിനജീവിത വൃത്താന്ത കുറിപ്പുകളുടെ സമാഹരണമാണ്. ശൂശൻ രാജധാനിയിൽ അർത്ഥഹ്ശഷ്ടാ ഒന്നാമൻ രാജാവിന്റെ പാനപാത്രവാഹകൻ എന്ന അതിവിശ്വസ്ത സ്ഥാനത്തു നിയോഗിക്കപ്പെട്ടിരുന്ന യഹൂദാ പ്രവാസിയായിരുന്നു നെഹെമ്യാവ്‌. എസ്രായുടെ നേതൃത്വത്തിൽ ആരംഭിച്ച യഥാസ്ഥാപന പ്രക്രിയകൾ പൂർത്തീകരിച്ചു ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവിന്റെ ചരിത്രമാണ് ഈ പുസ്തകത്തിന്റെ കാതൽ പ്രമേയം. പതിമൂന്നു അദ്ധ്യായങ്ങളും നാനൂറ്റിയാറ് വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ പതിനാറാം പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു സ്വാഗതം!

Download ShalomBeats Radio 

Android App  | IOS App 

യെരുശലേമിന്റെ ശൂന്യത അറിയുന്ന നെഹമ്യാവ് (1:1-7), യഹോവയോടു കരുണയ്ക്കായി യാചിക്കുന്ന നെഹമ്യാവ് (1:8-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

അർത്ഥഹ്ശഷ്ടാ ഒന്നാമന്റെ വാഴ്ചയുടെ ഇരുപതാം ആണ്ടിൽ അതായതു BC 445 ൽ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു പ്രവാസിയായ നെഹെമ്യാവ്‌. ഹഖല്യാവിന്റെ മകൻ എന്ന വിശേഷ സൂചന, നെഹമ്യാവ് എന്ന ഇതര നാമധേയങ്ങളിൽ (3:16; എസ്രാ 2:2) നിന്നും ഈ നെഹമ്യാവിനെ വ്യത്യസ്തനാക്കുന്നു. നെഹെമ്യാവ്‌ എന്ന വാക്കിനു ‘യഹോവാ ആശ്വസിപ്പിക്കുന്നു’ എന്നാണർത്ഥം. എസ്രാ 4:23,24 ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ആലയം പണിയുടെ നിർത്തലാക്കലിന്റെ വർത്തമാനം തന്റെ രക്തബന്ധത്തിലുള്ള ഹനാനി (7:2) എന്ന സഹോദരൻ പങ്കുവച്ച പശ്ചാത്തലവുമായി ഈ സംഭവത്തെ ബന്ധിപ്പിച്ചു പഠിക്കുന്നതാണ് ഉത്തമം.

യഹൂദന്റെ സമസ്ത മേഖലകളിലും ആലയം അവരുടെ മുഖ്യകേന്ദ്രവും യെരുശലേം അവരുടെ മഹത്വ പട്ടണവുമാണ്. അതായതു യഹൂദാ വംശത്തെ ഒന്നായി ചേർത്തു ബന്ധിപ്പിച്ചു നിർത്തുന്നത് യെരുശലേമും അതിലെ ആലയവുമാണെന്നു ചുരുക്കം. ഇവിടുത്തെ പശ്ചാത്തലത്തിൽ ഇവരണ്ടും നശിപ്പിക്കപ്പെട്ടു ശൂന്യമായി കിടക്കുന്നു. മഹത്വവും അഭിമാനവും നിശ്ശേഷം പൊയ്പോയിരിക്കുന്നു. ഏതൊരു യഹൂദനെ സംബന്ധിച്ചും ഇത്തരമൊരു സ്ഥിതിവിശേഷം അവരുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായേ വിലയിരുത്തപ്പെടുകയുള്ളൂ. ഇവിടെയാണ് നെഹെമ്യാവിന്റെ കരച്ചിലിനും ഉപവാസത്തിനും വിഷാദഭാവത്തിനും പ്രസക്തിയേറുന്നത്. ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായി തീർന്നത് യഹൂദന്റെ അതിക്രമവും യഹോവയായ ദൈവത്തെ ഉപേക്ഷിച്ചു കളഞ്ഞതാണെന്നുമുള്ള തിരിച്ചറിവ് സെരുബ്ബാബേൽ, എസ്രാ മുതലായ തന്റെ മുൻഗാമികളെപ്പോലെ തന്നെ നെഹമ്യാവും പ്രാപിച്ചെടുത്തു. ഇവിടെയും മേല്പറയപ്പെട്ട നേതൃനിര പിന്തുടർന്ന അനുതാപത്തിനും പ്രാർത്ഥനയ്ക്കും താഴ്ത്തലിനും നെഹമ്യാവും മുതിർന്നത് അതിന്റെ തെളിവായി ചൂണ്ടിക്കാട്ടാം. ഈ മനോഭാവത്തെ ന്യായപ്രമാണം ഉള്ളിൽ വസിക്കുന്നതിന്റെ ഗുണവശമായി പഠിക്കുന്നതാണെനിക്കിഷ്ടം!

പ്രിയരേ, തകർച്ചയുടെ കാരണമറിഞ്ഞു കൃത്യമായ പരിഹാരത്തിനുള്ള ചുവടുവയ്പ്പു ദൈവസന്നിധിയിൽ മുട്ടുമടക്കുകയാണെന്ന പാഠമല്ലേ ഇവിടെ മുമ്പോട്ട് വയ്ക്കപ്പെടുന്നത്! ശത്രു തകർത്തു കളഞ്ഞതു എന്തുമാകട്ടെ, അവകളെ തിരികെപ്പണിയുവാൻ ദൈവസന്നിധിയിലേക്കുള്ള മടങ്ങിവരവിനാൽ സാധിയ്ക്കുമെന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

You might also like
Comments
Loading...