വചനധ്യാന പരമ്പര | “വിശുദ്ധ നഗരത്തിലെ ജനസാന്ദ്രത”

0 506

നെഹമ്യാവ് 11:2: ” എന്നാൽ യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു”.

വിശുദ്ധ നഗരമായ യെരുശലേമിൽ പാർത്ത യഹൂദർ (11:1 -6) ബെന്യാമീന്യർ (11:7-9) പുരോഹിതന്മാർ (11:10-14), ലേവ്യർ (11:15-18) വാതിൽക്കാവൽക്കാർ (11:19-20) ദൈവാലയ ദാസന്മാരും സംഗീതക്കാരും രാജാവിന്റെ കാര്യസ്ഥന്മാരും (11:21-24) മറ്റു പട്ടണങ്ങളിൽ പാർത്ത ജനം (11:25-36) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

യെരുശലേമിനെ ‘വിശുദ്ധ നഗരം’ എന്ന നാമധേയത്തിൽ തിരുവെഴുത്തുകളിൽ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് (11:1) ഇവിടെയാണ്. എസ്രാ നിർമ്മിച്ച യെരുശലേം ആലയവും നെഹമ്യാവ് നിർമിച്ച പട്ടണമതിലും സുരക്ഷ ഉറപ്പാക്കിയ യെരുശലേം പക്ഷേ, ജനസാന്ദ്രതയില്ലാത്ത പട്ടണമായി തുടരുന്നു. എഴുപതു വർഷങ്ങളുടെ പ്രവാസവും മടങ്ങിവരവിനു ശേഷം ഇന്നയോളം സുമാർ എൺപതു വർഷങ്ങളും ഇങ്ങനെ ഒന്നര നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇത്രയുമായിട്ടും യെരുശലേമിൽ ജനവാസം ആനുപാതികമായി വർദ്ധിക്കാതിരുന്നത് ജനത്തിന്റെ പ്രഭുക്കന്മാരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി. അതിനുള്ള അടിയന്തിര പ്രതിവിധിയായി പ്രഭുക്കന്മാർ എല്ലാവരും യെരുശലേമിൽ പാർക്കുവാൻ തീരുമാനിച്ചു. മാത്രമല്ല ജനത്തിന്റെ ആകെ എണ്ണത്തിൽ പത്തിലൊന്നു വീതം യെരുശലേമിൽ പാർക്കുവാൻ ചീട്ടിട്ടു തീരുമാനിച്ചു.

കൂടാതെ ഒരു വിഭാഗം ജനങ്ങൾ സ്വമേധയാ യെരുശലേമിൽ പാർക്കുവാനും തീരുമാനിച്ചു. ഇപ്രകാരം അവർ പാർത്തുവന്നിരുന്ന പട്ടണങ്ങളിൽ നിന്നും യെരൂശലേമിലേക്കു പറിച്ചു നടപ്പെടുമ്പോൾ പ്രായോഗികമായ നിരവധി വെല്ലുവിളികൾ ജനത്തിന്റെ മുമ്പിൽ ഉയർന്നു വന്നിരിക്കാം. അവർ ചെയ്തു വന്നിരുന്ന ഉപജീവന മാർഗ്ഗങ്ങൾ, കൃഷികാര്യങ്ങൾ മുതലായവ ഉപേക്ഷിച്ചു അപരിചിതമായ മറ്റൊരിടത്തു പുതുതായി എല്ലാം ആരംഭിക്കുന്നതിലെ വൈഷമ്യം അതിലൊന്നാണ്. യെരുശലേം പണിതുറപ്പിക്കപ്പെട്ടെങ്കിലും ശത്രുക്കളുടെ ആക്രമണം ഏതു നേരത്തും പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അവർക്കു ബലികഴിക്കേണ്ടതായി വരുന്ന സാമൂഹിക മുൻഗണനകളും വ്യക്തിബന്ധങ്ങളും കുറച്ചു കാലത്തേക്കെങ്കിലും അവരിൽ വരുത്തുവാനുള്ള സ്വാധീനം തരണം ചെയ്യുന്നത് അത്ര ലളിതമായ ഒരു കാര്യമായിരിക്കുകയുമില്ല. ഇങ്ങനെ പ്രായോഗിക തലത്തിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ചു യെരുശലേമിൽ പാർക്കുവാൻ സ്വമേധയാ സമർപ്പിക്കപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ ബാക്കി ജനങ്ങൾ അനുഗ്രഹിച്ചതു അവർ ഏറ്റെടുത്ത ദൗത്യത്തോടുള്ള സമരസപ്പെടലും സർവ്വാത്മനാ കൊടുത്ത പിന്തുണയുടെ തെളിവുമായി കാണുന്നതല്ലേ യുക്തം!

പ്രിയരേ, വിശുദ്ധ നഗരത്തിൽ പാർക്കുന്നതിനു വെല്ലുവിളികൾ വളരെയുണ്ട്. ആത്മീക തലത്തിലും ഈ ചിന്തകൾക്ക് പ്രസക്തി ഏറെയാണ്. സുരക്ഷിത മേഖലകളുടെ കെട്ടുപാടുകളിൽ നിന്നും കാഠിന്യമേറിയ ഇടങ്ങളിലേക്കുള്ള പറിച്ചു നടലിനു വിധേയരാകുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഉരുകുന്ന ഹൃദയത്തിനും ഒഴുകുന്ന കണ്ണീരിനും മാത്രം ഹേതുവാകുമ്പോഴും വിശുദ്ധനഗരത്തിലെ പാർപ്പു അനുഗ്രഹങ്ങളുടെ കലവറയാണെന്നു കാലം തെളിയിക്കാതിരിക്കുമോ!

A Poetic Devotional Journal

You might also like
Comments
Loading...