വചനധ്യാന പരമ്പര | “പുതുക്കിയ ഉടമ്പടിയും അതിന്റെ മുദ്രയും”

0 790

നെഹമ്യാവ് 10:39b: “ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല”.

യഹോവയുമായി പുതുക്കിയ ഉടമ്പടിയിൽ മുദ്രയിട്ടവരുടെ പേരുകൾ (10:1-27), ഉടമ്പടിയിലെ ഉത്തരവാദിത്വങ്ങൾ (10:28-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

പരാജയത്തിന്റെ കയ്പ്പു ആവോളം നുകർന്ന യിസ്രായേലിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ അദ്ധ്യായത്തെ കാണുന്നതാണെനിക്കിഷ്ടം! യഹോവയായ ദൈവം ഉടമ്പടിയുടെ ദൈവമാണെന്ന് പഴയനിയമ പുസ്തകങ്ങളിലുടനീളം നാം വായിക്കുന്നുണ്ടല്ലോ. ആദാമ്യ ഉടമ്പടി, നോഹയോടുള്ള ഉടമ്പടി, അബ്രാഹാമ്യ ഉടമ്പടി, ദാവീദിനോടുള്ള ഉടമ്പടി ഇങ്ങനെ കാര്യമാത്രപ്രസക്തമായ നിരവധി ഉടമ്പടികൾ യഹോവയായ ദൈവം കാലാകാലങ്ങളിൽ തന്റെ ജനവുമായി ചെയ്തിട്ടുള്ളത് നെഹമ്യാവിന്റെ കാലത്തുള്ള പ്രവാസികൾക്ക്‌ നന്നായി അറിയാമായിരുന്നു. ഈ ഉടമ്പടികളുടെ കാലാവധി ഇന്നും തുടരുന്നു എന്ന വസ്തുതയും സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ. ഇവിടെയും ജനത്തിന്റെ മടങ്ങിവരവ് ഒരു ചരിത്ര സംഭവമാക്കി മാറ്റിയ പ്രവാസികൾ, ന്യായപ്രമാണവുമായി തങ്ങളെത്തന്നെ വിളക്കിയോജിപ്പിക്കുന്ന പുതിയ ഉടമ്പടിയിലേക്ക് പ്രവേശിക്കുന്നു. അതിൽ ഒമ്പതാം അദ്ധ്യായത്തിന്റെ അവസാന വാക്കുകളിലെ ഉറപ്പു പോലെ (9:38) പ്രഭുക്കൻമാരും ലേവ്യരും പുരോഹിതന്മാരും അടങ്ങിയ എൺപത്തിനാലു പേര് മുദ്രയിടുകയും ചെയ്തു. പിൽക്കാല പരാജയങ്ങളുടെ കാരണങ്ങൾ എണ്ണിപ്പെറുക്കി മേലാൽ അത്തരത്തിലൊരു വീഴ്ച സംഭവിക്കാതിരിക്കുവാനുള്ള എല്ലാ പഴുതുകളും അടച്ചുള്ള ഘടകങ്ങൾ എഴുതിച്ചേർത്തത് പുതിയ ഉടമ്പടിയുടെ വിശേഷതയായി ചൂണ്ടിക്കാണിക്കുവാനുണ്ട്. അതായത്, ജാതികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയില്ലെന്നും (9:30) ശബത്തിലും വിശുദ്ധ ദിവസങ്ങളിലും വ്യാപാരങ്ങളിൽ നിന്നും മറ്റു അദ്ധ്വാനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ശബത്തു വർഷം ആചരിക്കുമെന്നും (9:31) ആലയത്തിലേക്കാവശ്യമുള്ള സകല വസ്തുക്കളും സമയാസമയങ്ങളിൽ എത്തിച്ചു നൽകാമെന്നും (9:32,33) വിറകു വഴിപാടും (9:34) ആദ്യഫലങ്ങളും (9:35) പുത്രന്മാരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ആലയത്തിൽ കൊണ്ടുവരാമെന്നും (9:36) വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ആലയത്തിൽ സമർപ്പിച്ചു കൊള്ളാമെന്നും (9:37) ദശാംശത്തിന്റെ ദശാംശം ലേവ്യർ ആലയത്തിലെ ഭണ്ഡാര ഗൃഹത്തിന്റെ അറകളിൽ എത്തിച്ചു കൊള്ളാമെന്നും (9:39) ഉറപ്പു കൊടുക്കുന്ന ഉള്ളടക്കമാണ് ഉടമ്പടിയിൽ ഉണ്ടായിരുന്നത്. പ്രവാസത്തിനും നിന്ദയ്ക്കും കാരണമായി ബോധ്യപ്പെട്ടതിന്റെയെല്ലാം തിരുത്തൽ വരുത്തിയ പുതിയ ഉടമ്പടി ജനത്തെ ഉണർവ്വിലേക്കും മടങ്ങിവരവിലേക്കും കൈപിടിച്ചു നടത്തി. “ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല” (9:39b) എന്ന ജനത്തിന്റെ ആത്യന്തിക തീരുമാനം ഉടമ്പടിയുടെ ഉദാത്ത മകുടമായി ചിത്രീകരിക്കരുതോ!

പ്രിയരേ, ദൈവവുമായി അറ്റുപോയ ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിനുതകുന്ന ഉടമ്പടികളുടെ എഴുതിച്ചേർക്കലും മുദ്രയിടലും പാലനവും ആത്മീക ജീവിതത്തിന്റെ അനിവാര്യതയായി കാണുന്നതാണ് ശരിയായ ദർശനം. അതിലൂടെ കൈവരിക്കപ്പെടുന്നത് ദൈവപ്രസാദവും ദേശത്തുള്ള സ്ഥിരവാസവും ആയിരിക്കും എന്ന വസ്തുതയും അടിവരയിടപ്പെടുന്നു.

You might also like
Comments
Loading...