വചനധ്യാന പരമ്പര | “നിയമം പുതുക്കിയ ഉപവാസം”

0 548

നെഹമ്യാവ് 9:38: “ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു”.

കൂടാരപ്പെരുന്നാൾ കഴിഞ്ഞതിന്റെ രണ്ടാം ദിവസം ജനം ഏകമനസ്സോടെ പ്രസിദ്ധം ചെയ്ത ഉപവാസം (9:1-5), യിസ്രായേലിന്റെ പിന്നിട്ട ചരിത്രത്തിലൂടെയുള്ള ഒരു യാത്ര (9:6-35), ജനത്തിന്റെ സമർപ്പണം (9:36-38) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

പെസഹായും അനന്തരം നടത്തപ്പെട്ട കൂടാരപ്പെരുന്നാളും പ്രവാസികളുടെ ഇടയിൽ വലിയ ആത്മീകമുന്നേറ്റത്തിന് വഴിമരുന്നിട്ടു. കൃത്യമായ വേർപാടിലേക്കു ജനം നടന്നടുത്തു. തങ്ങളുടെയും പിതാക്കന്മാരുടെയും പാപങ്ങൾ ഏറ്റുപറയുവാനും അനുതപിക്കുവാനും ജനം തയ്യാറായതാണ് അതിനുള്ള തെളിവ്. ഒരുയാമം, അതായത് പകലിന്റെ മൂന്നു മണിക്കൂറോളം ന്യായപ്രമാണം വായിച്ചു കേൾക്കുവാനും അടുത്ത ഒരു യാമം മുഴുവനും പാപങ്ങളെ ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കുവാനും ജനം തയ്യാറായി (9:3). പരപ്രേരണ കൂടാതെ ആത്മീക നവീകരണത്തിനു വിധേയരായ യഹൂദാ ജനം ശരിയായ മനംതിരിവിന്റെ അനുഭവത്തിനു വിധേയരായി എന്നു പഠിക്കുന്നതാണെനിക്കിഷ്ടം! ഒരുപക്ഷേ യിസ്രായേൽ ചരിത്രത്തിൽ തന്നെ ഇദംപ്രഥമമായിരിക്കാം ഇത്തരമൊരു മാനസാന്തരമെന്നും വിലയിരുത്താം. ലേവ്യരുടെ നേതൃത്വത്തിൽ നടത്തിയ സുദീർഘമായ പ്രാർത്ഥനയിൽ യഹോവയായ ദൈവത്തിന്റെ മഹത്വം വർണ്ണിച്ചു കൊണ്ട് ആരംഭിക്കുകയും (9:6) അബ്രാമിന്റെ വിളി മുതൽ അബ്രാഹാമ്യ ഉടമ്പടി വരെയുള്ള തിരിഞ്ഞുനോട്ടം (9:7-8) മിസ്രയീമിൽ നിന്നുള്ള പുറപ്പാടും മരുഭൂമി യാത്രയുടെ ഓർമ്മകളും (9:9-23), കനാൻ നാടിന്റെ കീഴടക്കലും ജനത്തിന്റെ വിശ്വാസപാതകങ്ങളുടെ ഏറ്റുപറച്ചിലും (9:24-31) എല്ലാ അകൃത്യങ്ങളുടെയും ഏറ്റുപറച്ചിൽ (9:32-37) പ്രമാണപാലനത്തിനുള്ള പുനഃസമർപ്പണവും പുരോഹിതന്മാരുടെ മുദ്രയിടലും (9:38) എന്നീ ഉള്ളടക്കങ്ങൾ ദർശിക്കാം. യഹോവയുടെ ദയയെ മുഖവിലയ്ക്കു പോലുമെടുക്കാത്ത യിസ്രായേൽ യഹോവയുടെ മഹാകോപഹേതുക്കളായ (9:18,26) കർമ്മങ്ങളാൽ തങ്ങളെ തന്നെ വിറ്റുകളഞ്ഞ നിന്ദയുടെയും അപമാനത്തിന്റെയും നാളുകൾ യഹൂദയുടെ പതനത്തിനും പാലായനത്തിനും കാരണമായി ഭവിച്ചു. ഇനിയും അത്തരമൊരു സ്ഥിതിവിശേഷത്തിന്റെ സാധ്യത ഇല്ലാതാക്കുവാനുള്ള ജനത്തിന്റെ താത്പര്യം ഈ അദ്ധ്യായത്തിൽ മുഴച്ചുനില്കുന്നത് ദൃഷ്ടിഗോചരമാണല്ലോ! ചരിത്രത്തിലെ നാൾവഴികളിലൂടെ ജനത്തെ ഉപദേശിച്ചു നടത്തുവാൻ അയയ്ക്കപ്പെട്ട ദൈവത്തിന്റെ “നല്ല ആത്മാവിന്റെ” (9:20) ആലോചനകളെയും അതേ ആത്മാവിനാൽ ജനത്തെ നേർവഴി നടത്തുവാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കൊന്നുകളഞ്ഞതിനാൽ (9:30) ഉപശാന്തിയില്ലാതെ വണ്ണം ദൈവകരങ്ങളുടെ അടിയേറ്റുവാങ്ങുകയും ചെയ്ത യിസ്രായേലിന്റെ സ്ഥിതിയിൽ ഇന്നും മാറ്റം വന്നിട്ടില്ല എന്ന തിരിച്ചറിവ് ക്രിയാത്മകമായ ചലനങ്ങൾ ഉളവാക്കുവാൻ പോന്നതായിരുന്നു. സ്ഥിരമായ ഒരു നിയമം ചെയ്യുവാനും പുരോഹിതന്മാരും പ്രഭുക്കന്മാരും ലേവ്യരും അതിനു മുദ്രവയ്ക്കുവാനും മനസ്സ് വച്ചതു പ്രവാസയഹൂദന്റെ സമൂലമാറ്റത്തിന് ഇടയാക്കി എന്നു തെളിവായി വെളിപ്പെടുന്നില്ലേ!

പ്രിയരേ, പ്രമാണത്തോടുള്ള മറുതലിപ്പും പ്രമാണത്തിൽ നിന്നുള്ള ഒളിച്ചോട്ടവും യിസ്രായേലിന്റെ ചിരകാല ചരിത്രത്തിലെ അടയാളപ്പെടുത്തലുകളായി അവശേഷിക്കെ, ഒരു മാറ്റത്തിന്റെ കേളികേട്ടുയർത്തുവാൻ ഈ ഉപവാസവും പ്രാർത്ഥനയും മുഖാന്തിരമായി. ദീർഘവും വിരസവുമായ പ്രാർത്ഥനകളെക്കാൾ സ്വയം കണ്ടുണർന്നു അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരികെയെത്തുന്ന പ്രാർത്ഥനയാണ് കർത്താവിനു ഏറെ പ്രിയം എന്നു കുറിച്ച് നിർത്തുവാനാണ് പ്രേരണ!

You might also like
Comments
Loading...