പ്രതിദിന ചിന്തകൾ | ബന്ധുക്കൾ ശത്രുക്കൾ!

0 2,531

ബന്ധുക്കൾ ശത്രുക്കൾ!

(വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ)
യേശുക്രിസ്തുവിനെ പൂർണ്ണമായി അറിയാതെയും അനുസരിക്കാതിരിക്കുകയും ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥയെ കുറിച്ചാണ് കർത്താവ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. മത്താ.10:35 – 36 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.

ഒരു കുടുംബത്തിൽ സമാധാനം ഉണ്ടാകണമെങ്കിൽ ആ കുടുംബം ദൈവം അവർക്ക് കൊടുത്തിരിക്കുന്ന ദൈവീക വ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം. ദൈവീക വ്യവസ്ഥയനുസരിച്ച് കുടുംബനാഥൻറ തല ക്രിസ്തുവായതുകൊണ്ട് കുടുംബനാഥൻ ആയിരിക്കണം കുടുംബത്തിൻറ തല അതായത് തീരുമാനങ്ങൾ എടുക്കേണ്ടത്. കുടുംബനാഥൻ അനുവദിക്കാത്ത കാര്യങ്ങൾ ഭാര്യമാർ ചെയ്യരുത്.1കൊരി.11:3 എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

ക്രിസ്തുയേശുവിൽ വിശുദ്ധജീവിതം നയിക്കുന്ന ഭാര്യമാർ തൻറ ഭർത്താക്കന്മാർക്ക് എല്ലാറ്റിലും കീഴടങ്ങിയിരുന്ന് അവരെ പൂർണ്ണമായി അനുസരിക്കുന്നു. അവൾ ഭർത്താവിനോട് ഒരു കാര്യത്തിലും മത്സരിക്കുന്നില്ല.
തൻറ ഭർത്താവിനെ അനുസരിക്കാത്ത സ്ത്രീ ദൈവത്തെയും അനുസരിക്കുന്നില്ല. ഭർത്താവിനെ അനുസരിക്കാത്ത സ്ത്രീയുടെ മക്കൾ അവരുടെ മാതാപിതാക്കന്മാരെയും അനുസരിക്കില്ല. എഫെ.5:21-25 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യയ്ക്ക് തലയാകുന്നു.
എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

എല്ലാവരും ഞാനാണ് വലിയവൻ ഞാനാണ് വലിയവൻ എന്ന ഭാവത്തിൽ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭവനം പിശാചിൻറ പണിപ്പുരയാണ്. ഈ ചിന്താഗതിയാണ് പലരുടെയും വിവാഹമോചനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.സങ്കീ.127:1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.

1കൊരി.16:13 ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. (പുരുഷത്വം കാണിപ്പിൻ) എന്ന ദൈവവചനം ഉണ്ട്. ചില സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വചനമാണിത്. അവർക്ക് സ്ത്രീത്വം ഇല്ല! പുരുഷത്വം ആണുള്ളത്, എനിക്ക് എല്ലാം അറിയാം അതുകൊണ്ട് ഞാൻ പറയുന്നത് വീട്ടിൽ ഉള്ളവർ എല്ലാവരും അനുസരിക്കണം എന്ന ഭാവമാണ്.( പുരുഷത്വം കാണിപ്പിൻ) ആത്മധൈര്യം ഉണ്ടാകണം എന്നുള്ളതാണ് ഈ വചനത്തിൻറ ആത്മീയ അർഥം.

എന്നാൽ ഭർത്താവിനെ അനുസരിക്കാത്ത സ്ത്രീകൾ ഒരു ഓഫീസിൽ ജോലിക്കു പോയാൽ അവിടെ അവർക്ക് ചെയ്യാൻ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിലും അവിടെ അവരുടെ തല ആയിരിക്കുന്ന മാനേജരെ ജോലിയുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിലും പൂർണ്ണമായി അനുസരിക്കും കാരണം അത് ജോലിയുടെ വിഷയമാണ്!

ഭാര്യമാർ ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം… എന്ന ഈ നിയമത്തിന് ഒരു ഒഴികഴിവുള്ളത് നാം അറിയാതെ പോകരുത്. ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ദൈവവചനത്തിന് വിപരീതമായി ഏതെങ്കിലും കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു എങ്കിൽ ഭാര്യമാർ അതിന് കൂട്ടുനിൽക്കാതെ അവയെ ശാസിക്കുകയത്രേ വേണ്ടത്. എഫെ.5:11 ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.

ഭാര്യമാർ രക്ഷിക്കപ്പെടുകയും ഭർത്താക്കന്മാർ വചനം അനുസരിക്കാതെ ജീവിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലെ ഭാര്യമാരുടെ ഭയത്തോടുകൂടിയ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു ഭർത്താക്കന്മാർ
വചനം കൂടാതെ രക്ഷയുടെ അനുഭവത്തിലേക്ക് വരുവാൻ ഇടവരും.1പത്രൊ.3:1-2 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു
വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു.

ദൈവീകവ്യവസ്ഥ അനുസരിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ദൈവാനുഗ്രഹത്തെ കുറിച്ച് സങ്കീർത്തകൻ ഇപ്രകാരം എഴുതിയിരിക്കുന്നു. സങ്കീ.128:3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

ദൈവീകവ്യവസ്ഥ അനുസരിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ദൈവാനുഗ്രഹത്തെ കുറിച്ച് സദൃശ്യവാക്യങ്ങളിൽ
ഇപ്രകാരം എഴുതിയിരിക്കുന്നു. സദൃ.31:10 -12 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു. സദൃ. 31:30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
( പാസ്റ്റർ ബാബു പയറ്റനാൽ )

Advertisement

You might also like
Comments
Loading...
error: Content is protected !!