സാക്ഷ്യം | പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്‌തോത്രം | സിസ്റ്റര്‍ മേരിക്കുട്ടി കുര്യന്‍ (കര്‍ണ്ണാടക, ചിക്കമംഗ്ലൂര്‍)

0 198

പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്‌തോത്രം

ചിലര്‍ തങ്ങളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് നിരാശരും ദുഃഖിതരുമാണ്. എന്നാല്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടുവാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ഒന്‍പത് മക്കളില്‍ എട്ടാമത്തെയാളാണ് ഞാന്‍. എന്റെ മാതാപിതാക്കള്‍ ദൈവവചനപ്രകാരം പ്രാര്‍ത്ഥനയിലും ആരാധനയിലും സ്നേഹത്തിലും അഭിഷേകത്തിലും വളര്‍ന്നവരായിരുന്നു. അപ്രകാരം ഞങ്ങളെയും അഭ്യസിപ്പിച്ചു വളര്‍ത്തി. ആത്മീകകാര്യങ്ങളില്‍ വളരെ ത്യാഗമനോഭാവമുള്ളവരായിരുന്നു അവര്‍.
എന്റെ ചെറുപ്രായത്തില്‍ ദൈവത്തിനും മാതാപിതാക്കള്‍ക്കും പ്രസാദമുള്ളവളായി ജീവിക്കുവാന്‍ ഞാന്‍ പ്രതിഷ്ഠിക്കപ്പെട്ടു. പതിമൂന്നാമത്തെ വയസ്സില്‍ ദൈവത്തെ സ്വന്തരക്ഷിതാവായി അംഗീകരിച്ചു. 1985 മെയ് 25ന് കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിക്കുകയും നവംബര്‍ 8ന് മറ്റു ചിലരോടൊത്ത് കൂടിയിരുന്നു വചനം കേട്ടു പ്രാര്‍ത്ഥിക്കവെ പരിശുദ്ധാത്മാഭിഷേക ത്താല്‍ ദൈവം എന്നെ നിറയ്ക്കുകയും ചെയ്തു.
1994 ആഗസ്റ്റ് മാസം എന്റെ മാതൃസഭയില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസപ്രാര്‍ത്ഥന നടക്കുമ്പോള്‍ ജോലിത്തിരക്കുകളുടെ മദ്ധ്യത്തിലും ഉപവസിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ തീരുമാനമെടുത്തു. പാ.സോമന്‍ ഒരു പകല്‍ വചനം ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവചനാത്മാവില്‍ ”മകളേ, നീ ദൂരദേശത്തേക്ക് പുറപ്പെടുവാന്‍ ഒരുങ്ങിക്കൊള്‍ക” എന്ന് എന്നോടു പറഞ്ഞു. ഈ ശബ്ദങ്ങള്‍ എന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ ആലോചന ഞാന്‍ സ്വീകരിച്ചു പ്രാര്‍ത്ഥിക്കുകയും ഇത് എന്റെ കുടുംബജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ”ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രെ” (റോമ. 14:17).
നിങ്ങളുടെ ഹൃദയം സമാധാനത്താലും നിര്‍മ്മലമായ സന്തോഷത്താലും നിറഞ്ഞിരിക്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
1995-ല്‍ എന്റെ വിവാഹം നടക്കുകയും അന്നുമുതല്‍ സക്ലേശപുരത്ത് ഞങ്ങള്‍ കുടുംബമായി ദൈവവേല ചെയ്യുകയും ചെയ്തു. അന്ന് ആ ദേശത്ത് സുവിശേഷം അറിയിക്കുന്നവരും ആരാധാനാലയങ്ങളും ഇല്ലായിരുന്നു. പല സ്ഥലങ്ങളിലും ഗ്രാമങ്ങളിലും സിറ്റികളിലും കഠിനമായ കഷ്ടതകളിലൂടെ ദൈവം ആരെന്ന് അറിയാത്ത അനേകരോട് സമയവും ഭക്ഷണപാനീയങ്ങളും വെടിഞ്ഞ്, ഒരു പ്രതിഫലവും നോക്കാതെ സൈക്കിളില്‍ യാത്ര ചെയ്ത് സുവിശേഷം അറിയിക്കു കയും ബൈബിളും ലഘുലേഖകളും കൊടുത്ത് അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു. കന്നട ഭാഷ അറിയാഞ്ഞിട്ടും കര്‍ണ്ണാടകയിലേക്ക് എന്നെ അയച്ചു. ഭാഷ അറിയാത്തതിനാല്‍ ദൈവവേലയില്‍ ദുഃഖിതരായിട്ടുണ്ട്. എന്നാല്‍, ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കന്നഡഭാഷ സ്വന്തമായി പഠിച്ച് എഴുതുവാനും വായിക്കുവാനും സംസാരിക്കു വാനും പ്രസംഗിക്കുവാനും ദൈവം എനിക്ക് കൃപ ചെയ്തു. ഇങ്ങനെ 25 വര്‍ഷങ്ങളായി കര്‍ണ്ണാടകയിലെ പല സ്ഥലങ്ങളിലും ഗ്രാമങ്ങളിലും സുവിശേഷ വേല ചെയ്യുവാന്‍ ദൈവം ഞങ്ങളെ കുടുംബമായി സഹായിച്ചുകൊണ്ടിരിക്കുന്നു. അനേക സുവിശേഷ വിരോധികളുടെ കയ്യില്‍ ഞങ്ങള്‍ അകപ്പെട്ടു എങ്കിലും മരണത്തില്‍ അകപ്പെടാതെ ജയകരമായി ദൈവം ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്.
ഇപ്രകാരം ചിക്കമംഗ്ലൂരില്‍ ദൈവവേല തുടങ്ങി ദൈവകൃപയാല്‍ എല്ലാം സന്തോഷമായിരിക്കുമ്പോള്‍ 2010 നവംബര്‍ 7-ാം തീയതി ഞായറാഴ്ച്ച രാവിലെ 7.45ന് ആരാധന നടത്തുവാന്‍ കുടുംബമായി പോയിക്കൊണ്ടിരിക്കുമ്പോള്‍ ചിക്കമംഗ്ലൂര്‍, യിരമംഗ്ലൂര്‍ മരളെദേവറഹള്ളി എന്ന സ്ഥലത്ത് റോങ്ങ് സൈഡി ലൂടെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഞങ്ങളുടെ ബൈക്കില്‍ ഇടിച്ചു. അമിതവേഗതയില്‍ വന്ന ബസ് എന്റെ തുടയിലും കാലിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്കുയര്‍ന്ന ഞാന്‍ വട്ടം കറങ്ങി ഇരുപത് മീറ്ററിലധികം ദൂരെ നിന്ന പച്ചപ്പുല്ലുകളുടെ മുകളിലാണ് വീണത്. ബസ് ഇടിച്ചത് ഞാന്‍ അറിഞ്ഞില്ല. ബസ് ഇടിച്ചയുടന്‍ രണ്ട് തുടയുടെയും രണ്ട് കാലിന്റെയും എല്ലുകള്‍ മുറിയുകയും, ഇടതുകാലിന്റെ മുട്ടിന്റെ തൊട്ടുതാഴെ രണ്ട് സൈഡിലും, വലതുകാല്‍ പാദത്തിന്റെ ചിരട്ടയുടെ ഭാഗവും അസ്ഥി തകര്‍ന്നു പോവുകയും, ഇടതുകാലിന്റെ തള്ളവിരല്‍ ചതയുകയും, ഇടതുകയ്യുടെ കുറച്ച് മാംസം പുറത്ത് വരികയും ചെയ്തു. ഇങ്ങനെ എട്ടുഭാഗങ്ങളില്‍ എന്റെ എല്ലുകള്‍ക്ക് പരിക്കേറ്റു. എന്റെ ശരീരത്തിന്റെ ബലം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കാലുകളില്‍ രക്തം കട്ടപിടിച്ചു. പല ഭാഗങ്ങളിലും മാംസത്തിന് ചതവുകള്‍ സംഭവിച്ച് ധാരാളം രക്തം നഷ്ടപ്പെട്ടു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പല ഭാഗങ്ങളായി കീറിപ്പോയി. കയ്യില്‍ നിന്നു വന്ന രക്തത്താല്‍ കോട്ട് നനഞ്ഞിരുന്നു. ബസ് ഇടിച്ചപ്പോള്‍ വലിയ കാറ്റും മഴയും വരുമ്പോള്‍ മരങ്ങള്‍ മുറിഞ്ഞ് പിളര്‍ന്ന് വീഴുന്നതുപോലെയുള്ള വല്ലാത്ത ശബ്ദം എന്റെ ചെവികളില്‍ ഞാന്‍ കേള്‍ക്കയുണ്ടായി. അപ്പോള്‍ ഞാന്‍ ചിന്തിച്ചു: എല്ലാം കഴിഞ്ഞു, ഇനി ഒന്നുമില്ല. എന്നാല്‍, ദൈവാത്മാവ് എന്നോടു പറഞ്ഞു, ”ഞാന്‍ എല്ലാം നിവര്‍ത്തിക്കും”. ‘നിവര്‍ത്തിയായി’ എന്നത് കാല്‍വരിയില്‍ മുഴങ്ങിയ ജയഭേരിയാണ്.
ബസ്സ് എന്നെ ഇടിച്ച സമയം വിശ്വാസിയായ ഒരാള്‍ പിന്നില്‍ നിന്ന് കാറില്‍ വരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആ സഹോദരന്‍ എന്റെ സമീപത്തേക്ക് വന്ന് എനിക്ക് ചൂടുവെള്ളം കുടിയ്ക്കാന്‍ തരികയും ഞങ്ങള്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരികയും ചെയ്തു. റോഡില്‍ വെച്ചുതന്നെ മൂവായിരം രൂപ ഞങ്ങളുടെ കൈവശം തന്നു. ഉടന്‍ ചിക്കമംഗ്ലൂര്‍ പ്രാര്‍ത്ഥനാഗ്രൂപ്പി ലേക്ക് ഫോണ്‍ ചെയ്തു അനേകരെ അറിയിച്ചു. അതിനെത്തുടര്‍ന്ന് പല ദൈവദാസന്മാരും, വിശ്വാസി കളും എന്നെ കാണുവാന്‍ ആശുപത്രിയിലേക്ക് വരികയും ചെയ്തു. യെഹ.45:2; പുറ. 23:20 ലും നാം ധ്യാനിക്കുമ്പോള്‍ ”ഞാന്‍ നിനക്കു മുന്‍പായി ഒരു ദൂതനെ അയക്കുന്നു”. അവന്‍ നിന്റെ എല്ലാ കാര്യങ്ങളിലും ജീവിതത്തിലുടനീളം നിന്നോടുകൂടെ ഇരുന്ന് നിന്നെ സംരക്ഷിക്കും. ഈ ദൂതന്‍ ”യേശുക്രിസ്തു”വാണ്.
ആദ്യമായി ചിക്കമംഗ്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി യില്‍ രാവിലെ എട്ടരമുതല്‍ ഉച്ചകഴിഞ്ഞ് നാല് മണി വരെ എനിക്ക് വേണ്ട ചികിത്സകള്‍ ചെയ്തു. പരിക്ക് ഗുരുതരം ആയതിനാല്‍ മംഗലാപുരം തേജസ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മാസം അവിടെ ചികിത്സയിലായിരുന്നു. എന്നെ ശുശ്രൂഷിക്കുവാന്‍ നാലഞ്ചു പേരുടെ സഹായം വേണ്ടിവന്നു. വളരെ യധികം രക്തം നഷ്ടപ്പെട്ടതിനാല്‍ പല തവണ അഞ്ചും ഏഴും കുപ്പി രക്തം വീതം എന്റെ ശരീരത്ത് കയറ്റിക്കൊണ്ടിരുന്നു. കൂടെക്കൂടെ ഗ്ലൂക്കോസ് കയറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പല ആവശ്യങ്ങള്‍ ക്കായി റ്റിയൂബുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചു. 4 ലക്ഷം രൂപ വരെ ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങളുടെ കൈവശം ഒന്നും ഇല്ലാത്തിനാല്‍ ഞങ്ങള്‍ നിരാശരും ദുഃഖിതരുമായി. എന്തു ചെയ്യുമെന്ന് അറിയാതെയിരിക്കെ, ഞങ്ങളുടെ വിഷയങ്ങളെ ദൈവത്തോട് അറിയിച്ചപ്പോള്‍ രണ്ട് പേര്‍ക്കും രണ്ട് വചനങ്ങള്‍ കര്‍ത്താവ് തന്നു. (എബ്രാ.12:3; സങ്കീ.55:22) ഇങ്ങനെ ഈ വചനങ്ങള്‍ മുഖാന്തിരം കണ്ണ് പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തിയപ്പോള്‍ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍ നിന്ന് ഒരു വഴി തുറക്കപ്പെട്ടു. രണ്ടു തുടകളിലായി പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് പ്രാവശ്യം ഓപ്പറേഷന്‍ ചെയ്തു. മൂന്ന് മാസം വരെ രണ്ടു കാലും തുട മുതല്‍ പാദം വരെ മാറിമാറി പ്ലാസ്റ്റര്‍ ഇട്ടു. പലപ്പോഴായി എക്സ്റേ എടുത്തു നോക്കുമ്പോഴും വീണപ്പോള്‍ എങ്ങനെ എല്ലു മുറിഞ്ഞിരുന്നുവോ അതുപോലെ എല്ലുകള്‍ മുറിഞ്ഞു വളഞ്ഞിരുന്നു. അതിനു ഡോക്ടറുടെ മറുപടി എല്ലുകള്‍ പൊടിപൊടിയായതുകൊണ്ടാണ് എന്നായി രുന്നു. ഇടതു കാല്‍മുട്ടിന്റെ താഴെ മുക്കാല്‍ ഇഞ്ചോളം ഉള്ളിലേക്ക് മുറിവുണ്ടായിരുന്നു. മൂന്നു മാസം വരെ പഴുപ്പും രക്തവും വന്നു കൊണ്ടേയിരുന്നു. മൂന്നര മാസമായപ്പോഴേക്കും മാംസം മൂടിവന്നു. വീണ്ടും ഓപ്പറേഷന്‍ ചെയ്ത് പ്ലെയിറ്റ് എടുത്ത് റാഡ് ഇടണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇങ്ങനെ ആറോളം പ്രാവശ്യം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സുവിശേഷം അറിയിക്കുന്നതില്‍ നിന്നും ബൈബിള്‍, ലഘുലേഖകള്‍ എന്നിവ കൊടുക്കുന്നതില്‍ നിന്നും ഞാന്‍ പിന്മാറിയില്ല. പലരും ചികിത്സയ്ക്കായി പണം തന്നപ്പോള്‍ ദൈവാത്മാവ് എന്നോട് ‘നിനക്ക് മരുന്നിന് ലഭിക്കുന്ന പണത്തിലും നീ ദശാംശം കൊടുക്കണം’ എന്നു പറഞ്ഞു. ഈ കാര്യം ഞാന്‍ വിശ്വാസത്തോടെ ചെയ്തപ്പോഴാണ് കര്‍ത്താവ് എന്റെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിറവേറ്റിത്തരുവാന്‍ തുടങ്ങിയത്. നാം ദൈവേഷ്ടം ചെയ്യണമെന്നാണ് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നത്. മൂന്ന് മാസമായപ്പോള്‍ എന്റെ വലതുകാല്‍ നിലത്ത് കുത്തുവാന്‍ കഴിഞ്ഞു. പതിനെട്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ്ജ് ആയി വീണ്ടും വേലസ്ഥലത്തേക്ക് വരികയും ചെയ്തു. മൂന്ന് മാസവും പതിനെട്ട് ദിവസവുമായപ്പോള്‍ ഞാന്‍ കസേരയിലിരുന്ന് കുളിച്ചു. അനേക മാസങ്ങള്‍ വാക്കറിന്റെ സഹായ ത്തോടെ വലതുകാല്‍ മാത്രം നിലത്തു കുത്തി നടന്നു. ഈ സന്ദര്‍ഭങ്ങളില്‍ പലവിധ രോഗങ്ങളും വേദനകളും ഉറക്കമില്ലായ്മയും ഉണ്ടായി. ചുമയും കഫവും കൂടി. അഞ്ച് പാത്രം കഫം ഞാന്‍ ഓരോ ദിവസവും തുപ്പുമായിരുന്നു. എന്റെ വിടുതലിനായി ദൈവദര്‍ശന പ്രകാരം ഒരു പ്രാര്‍ത്ഥന നടത്തി. ഈ പ്രാര്‍ത്ഥനയില്‍ ദൈവദാസന്‍ എനിക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ വാക്കര്‍ പിടിച്ച് നടക്കുമ്പോള്‍ ഉണ്ടാകുന്ന വിറയില്‍ എന്നെ വിട്ടു മാറി. അനേകം ദൈവദാസീ – ദാസന്മാരുടെയും ദൈവവിശ്വാസികളുടെയും പ്രാര്‍ത്ഥനാസഹായങ്ങളും വാക്കുകളും ആണ് ദൈവമാണ് വലിയവന്‍ എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നത്. ”അടിതൊട്ട് മുടിവരെയും ഒരു സുഖവുമില്ല. മുറിവും ചതവും പഴുത്ത വ്രണവും മാത്രമേ ഉള്ളൂ” എന്ന് യെശ.1:6-ല്‍ കാണുന്നതു പോലെയായിരുന്നു എന്റെ അനുഭവം.
എട്ടു മാസമായപ്പോള്‍ ഇടതുകാല്‍ കറുത്ത് തടിച്ച് ഒരു ഭാഗത്തുനിന്ന് പഴുപ്പ് വരാന്‍ തുടങ്ങി. ഒരു വര്‍ഷം വരെ കാലില്‍ നിന്ന് പഴുപ്പും രക്തവും വെള്ളവും പുറത്തുപോകുമായിരുന്നു. എന്റെ ശരീരത്തിലുടനീളം പഴുപ്പ് അധികമായി അലര്‍ജിയുടെ അസ്വസ്ഥതയാല്‍ ഞാന്‍ അതിയായി ഭാരപ്പെട്ടു. ചൊറിച്ചിലിന്റെ ആധിക്യത്താല്‍ കൈകള്‍, കത്തി, ചീപ്പുകള്‍, കോലുകള്‍ ഇവയെല്ലാം ഉപയോഗിക്കേണ്ടിവന്നു. സ്പിരിറ്റ് ഒഴിച്ച് മുറിവു കഴുകുമ്പോള്‍ പച്ചമാംസം മുകളിലേക്ക് വരും. ഈ മാംസം പച്ചക്ക് കത്രികകൊണ്ട് മുറിച്ചെടുക്കും. ഒടുവില്‍ ഓപ്പറേഷന്‍ ചെയ്ത് റാഡ് ഇടണമെന്ന് പറഞ്ഞെങ്കിലും ഡോക്ടറില്‍ നിന്നും ശരിയായ ഉത്തരമില്ലാതെ ഭവനത്തിലേക്ക് തിരിച്ചുവന്നു.
(യെശ. 53:10 വായിക്കുക). നമ്മുടെ അകൃത്യങ്ങള്‍ നിമിത്തമാണ് യേശു യാതനകളും വേദനകളും അനുഭവിച്ചത്. അതുകൊണ്ട് ഞാന്‍ തകര്‍ക്കപ്പെടു ന്നതും പിതാവിന്റെ ഇഷ്ടം എന്നില്‍ നിറവേറേണ്ടതിനായി ഈ അനുഭവത്തിലൂടെ എനിക്ക് മുന്നോട്ട് പോകേണ്ടിയിരുന്നു. ഇങ്ങനെയുള്ള അതികഠിനമായ അനുഭവത്തിലൂടെ സഹിപ്പാന്‍ കഴിയുന്നില്ലെങ്കില്‍ ദൈവത്തിന് നമ്മുടെ മേല്‍ വലിയ ഒരു ഉദ്ദേശമുണ്ട്.
അതിനുശേഷം വൈദ്യസഹായത്തിനായി തീര്‍ത്ഥഹള്ളിയിലേക്ക് പോകുകയും അവിടുത്തെ മരുന്നുകള്‍ കഴിച്ചിട്ടും ഒട്ടും ഭേദമാകാതെ ആദ്യത്തേതി നേക്കാള്‍ അധികം പഴുപ്പ് കൂടി, എന്തു ചെയ്യും എന്ന് നിരാശയോടെ പ്രാര്‍ത്ഥനയില്‍ ആയിരിക്കവെ, ഒരു മാതാവ് മുഖാന്തിരം ഒരു ഇ.എസ്.ഐ. ബ്രദര്‍ എന്റെ സമീപത്തേക്ക് വന്നു. ഇംഗ്ലീഷ് മരുന്നും ആയുര്‍വ്വേദിക് മരുന്നും ഒരുമിച്ച് കഴിച്ചാല്‍ എല്ല് കൂടുകയില്ല എന്ന് പറഞ്ഞു. ഫോണ്‍ മുഖാന്തിരമായി ബാംഗ്ലൂരിലെ മല്ല്യ ആശുപത്രിയുമായി ബന്ധപ്പെടുകയും കാലിലെ പഴുപ്പ് പരിശോധനക്കായി കൊടുക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ കാല്‍ മുറിച്ചുകളയേണ്ട പരിസ്ഥിതി യിലായി. കാരണം എല്ലുകള്‍ പൊടിയുന്നത് തിന്നുവാനായി പുഴുക്കള്‍ കയറുന്ന അവസ്ഥയിലേക്ക് വന്നിരുന്നു. ഉടന്‍ അഡ്മിറ്റായി ഓപ്പറേഷന്‍ ചെയ്ത് പ്ലെയിറ്റ് എടുത്തു. പതിനഞ്ച് ദിവസത്തിനുശേഷം ബാന്റേജുകള്‍ മാറ്റി. നാല്‍പ്പത് ദിവസത്തേക്ക് വീണ്ടും പ്ലാസ്റ്റര്‍ ഇട്ട് തിരിച്ച് ഭവനത്തിലേക്ക് വരികയും, 40 ദിവസത്തിനുശേഷം വീണ്ടും ഓപ്പറേഷന്‍ ചെയ്ത് റാഡ് ഇടുകയും ചെയ്തു. അതോടുകൂടെ പഴുപ്പ് നിന്നു. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം സാമ്പത്തിക വിഷയങ്ങള്‍ക്കായി അനേകരുടെ കരങ്ങള്‍ ഞങ്ങള്‍ക്കായി തുറന്നുതന്നു. ഈ സമയങ്ങളിലെല്ലാം എന്റെ രണ്ടു കാലുകളും വെള്ളം തിളക്കുന്നതുപോലെ ചൂട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു. ആഹാരം പോലും ചവച്ചിറക്കുവാന്‍ കഴിയാതെ വാവിട്ട് പൊട്ടിക്കരഞ്ഞ രാപ്പകല്‍ എന്റെ മുമ്പിലുണ്ടായിരുന്നു. കിടക്കുവാനോ, ഇരിക്കുവാനോ, നടക്കുവാനോ, സ്വന്തമായി ഒരു ജോലിയും ചെയ്യുവാനോ കഴിയാതെ അതിവേദനയാല്‍ ഞാന്‍ മുന്നോട്ടുപോയിക്കൊണ്ടി രുന്നു. നീരും വെള്ളവും ശരീരത്തില്‍ കെട്ടി ശരീരഭാരം 95 കി.ഗ്രാം വരെയും കൂടി. എന്റെ ഭര്‍ത്താവും മക്കളും ബന്ധുക്കളും എനിക്കായി വളരെ ത്യാഗം സഹിച്ചിട്ടുണ്ട്. വേദനയില്‍ ദൈവം എനിക്കുതന്ന ജയം ദൈവത്തോടു അടുത്ത ബന്ധം പുലര്‍ത്തിയുള്ള ആത്മാഭിഷേകത്തോടെയുള്ള പ്രാര്‍ത്ഥനയായിരുന്നു. പിന്നീട് എന്റെ രണ്ടുകാലും അളന്ന് നോക്കിയപ്പോള്‍ ഇടതുകാലിന് മുക്കാല്‍ ഇഞ്ച് നീളം കുറവായി കണ്ടു. ഇടതുകാല്‍ നിലത്തുകുത്തിയാല്‍ മുട്ടിന്റെ ഉള്ളില്‍ ഒരു സ്പ്രിംഗ് പോലെ മുകളിലോട്ടും താഴോട്ടും ആകുമായിരുന്നു. വലതു കാല്‍മുട്ടിന്റെ അടിഭാഗത്തായി കാണേണ്ട ഞരമ്പ് എല്ല് പുറത്തേക്ക് കാണാതെയും, മാംസമൊന്നും ശരിയായി ഇല്ലാതെ കാല്‍ തീരെ ശോഷിച്ചുപോയി രുന്നു. കാലുകളില്‍ ഞരമ്പുകള്‍ ഒന്നും കാണ്‍മാനില്ലാ യിരുന്നു.
ഇക്കാരണത്താല്‍ രണ്ടുകാലുകള്‍ക്കും മാറി മാറി ബെല്‍റ്റിന് എഴുതിത്തരികയും പൊക്കം വെച്ച് തയ്പ്പിച്ച ചെരുപ്പുകള്‍ ഇട്ട് ഒരു കയ്യില്‍ കോലും, മറു കയ്യില്‍ സ്റ്റിക്കും പിടിച്ച് ഭര്‍ത്താവിന്റെയും, മക്കളുടെയും സഹായത്താല്‍ ദിവസത്തില്‍ അര മണിക്കൂര്‍ വീതം റോഡില്‍ കൂടി നടന്നു.
മൂന്നു വര്‍ഷം വരെ സൂര്യപ്രകാശം പോലും എനിക്ക് ലഭിച്ചിരുന്നില്ല. മുട്ടുകള്‍ മടക്കാന്‍ കഴിയാതെ പച്ചമുറിവുകള്‍ പോലെ വേദനിക്കുമായിരുന്നു. നാലു വര്‍ഷമാകാറായപ്പോള്‍ ബാംഗ്ലൂരില്‍ ഒരു പ്രാര്‍ത്ഥന യ്ക്കായി പോകവെ ഇരുപത് പടവുകള്‍ ആദ്യമായി കയറിയിറങ്ങുവാന്‍ ദൈവം എന്നെ സഹായിച്ചു. ഇതേദിവസം അതിരാവിലെ ഉറങ്ങി എഴുന്നേറ്റ് മെത്തയില്‍ തനിയെ ഇരിക്കുമ്പോല്‍ എന്നെ പരിശുദ്ധാത്മാവ് ബലപ്പെടുത്തി, ‘മകളേ, നീ താനേ എഴുന്നേല്‍ക്കുക. ഞാന്‍ നിന്നെ ശക്തീകരിക്കും’. ഉടന്‍ മേശയിലും കിടക്കയിലും കൈകുത്തി പ്രാര്‍ത്ഥിച്ച് തനിയേ എഴുന്നേല്‍ക്കുവാന്‍ ദൈവം എന്നെ ശക്തീകരിച്ചു. നാലു വര്‍ഷമായപ്പോള്‍ എന്നെ കാണിച്ച ദര്‍ശനത്തിലൂടെ സഭാവിശ്വാസികള്‍ വാഹനവുമായി വന്ന് ഞങ്ങളെ കൊണ്ടുപോയി. ഒരു കുന്നിന്റെ മുകളില്‍ നിന്ന് ചെയറില്‍ ഇരുത്തി രണ്ടുപേര്‍ ചേര്‍ന്ന് പിടിച്ചിറക്കി ശുശ്രൂഷക്കായി അവരുടെ ഭവനത്തിലെത്തിക്കുകയും ആദ്യത്തെ ശുശ്രൂഷ അവരുടെ ഭവനത്തില്‍ ചെയ്യുകയും ചെയ്തു. എനിക്ക് അപകടം സംഭവിച്ച ആരംഭസമയം മുതല്‍ എന്നെ എഴുന്നേല്‍പ്പിച്ച് നടത്തുന്നുമെന്ന് അനേക പ്രിയപ്പെട്ടവരെ കാണിക്കുകയും പല ദര്‍ശനങ്ങളിലൂടെ ദൈവം എന്റെ കിടക്കയില്‍ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചപ്പോഴും എന്റെ കിടക്കയില്‍ ഞാന്‍ അനുഭവിച്ച സന്തോഷം പലവിധ രോഗികള്‍, സമാധാനമില്ലാത്തവര്‍, മരിച്ചുപോകും എന്ന് പറഞ്ഞവര്‍ ദൈവവചനം കേള്‍ക്കാന്‍ എന്റെ അടുത്തേക്ക് വരികയും സൗഖ്യത്തോടെ മടങ്ങുകയും ചെയ്തു. അതിനാല്‍ എന്നില്‍ ദൈവശക്തി വ്യാപരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അഞ്ചു വര്‍ഷമായപ്പോള്‍ എന്റെ കാലുകളിലും തുടകളിലും ഉണ്ടായിരുന്ന നാലു റാഡുകളും ഒരു പ്ലെയിറ്റും ഇരുപത്തിയൊന്‍പത് സ്‌ക്രൂകളും എടുക്കുകയും അഞ്ചേമുക്കാല്‍ വര്‍ഷമായപ്പോള്‍ ഒരു നൂല്‍കമ്പിയും സര്‍ജറി ചെയ്ത് എടുത്തു. വാക്കര്‍ പിടിച്ചു നടന്ന് ചെറിയതായി ജോലി ചെയ്തെങ്കിലും ആറരവര്‍ഷം വരെയും കിടപ്പില്‍തന്നെയായിരുന്നു. എട്ട് പ്രാവശ്യം അനസ്തേഷ്യ ഇഞ്ചക്ഷന്‍ എന്റെ നട്ടെല്ലില്‍ തന്നു. ആറു പ്രാവശ്യം സര്‍ജ്ജറി ചെയ്തു. ഞാന്‍ എഴുന്നേറ്റ് ജോലികള്‍ ചെയ്യുമെന്നോ ഇരിക്കുവാനോ നടക്കു വാനോ വരുന്നവരെ സല്‍ക്കരിക്കുവാനോ കഴിയുമെന്നോ ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും കൂടെ ജീവിച്ചിരിക്കുമെന്നോ, ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാതിരിക്കെ ഞാന്‍ മരിച്ചുപോകും എന്ന് ഡോക്ടര്‍മാരും ലോകവും വിധിയെഴുതിയ സ്ഥാനത്ത് എന്റെ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനും ചെറിയ ജോലികള്‍ ചെയ്യുവാനും കര്‍ത്താവ് എന്നെ ശക്തീകരിച്ച് ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. ചില നീണ്ട വര്‍ഷങ്ങള്‍ എന്റെ ഭര്‍ത്താവ് എനിക്കുവേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കിത്തരുകയും എന്നെ ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്. അനേകവര്‍ഷങ്ങള്‍ തീച്ചൂളയുടെ പാതയില്‍ കടന്നുപോകേണ്ടിവന്നെങ്കിലും ദൈവത്തിലുള്ള ആശ്രയമോ, പ്രാര്‍ത്ഥനയോ, ദൈവവചനമോ, നഷ്ടപ്പെടുത്താതെ ഇന്നും ദൈവവേല യില്‍ ഞങ്ങള്‍ കുടുംബമായി നിലനില്‍ക്കുന്നു. അത് ദൈവകൃപ മാത്രമാണ്. ഇപ്പോള്‍ ദൈവവേല ചെയ്യുവാന്‍ അനേക ദൂരദേശങ്ങളിലേക്ക് സ്റ്റെപ്പുകള്‍ കയറിയിറങ്ങി ഈ കാലുകളുമായി പോകുവാന്‍, സാക്ഷിയാകുവാന്‍ ദൈവം കുടുംബമായി ഞങ്ങള്‍ക്ക് കൃപ തന്നുകൊണ്ടിരിക്കുന്നു. അനേകര്‍ക്കായി പ്രാര്‍ത്ഥിപ്പാനും, അനേകരുടെ വിടുതല്‍ കാണുവാനും ദൈവം സഹായിക്കുന്നു. 2015 മെയ് 4-ാം തീയതി എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുഃഖങ്ങളില്‍ ഞാനായിരിക്കുമ്പോള്‍ എന്റെ നെറ്റിയില്‍ ഒരു കരം സ്പര്‍ശിക്കയുണ്ടായി. ഇത് നാലു പ്രാവശ്യം ആവര്‍ത്തിച്ചു. അത് ഒരു സ്വര്‍ഗ്ഗീയ കരമായിരുന്നു. ഒരു വലിയ വിടുതലായി ഇതു മാറി. ഇപ്പോള്‍ നല്ല ഉറക്കവും ദൈവം ദാനം ചെയ്യുന്നു. ഞാന്‍ ആഗ്രഹിച്ചതും ദൈവത്തോട് ചോദിച്ചതുമെല്ലാം എനിക്കു തന്നുകൊണ്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. എല്ലാ മഹത്വവും കര്‍ത്താവിന് അര്‍പ്പിക്കുന്നു. ആമേന്‍.

Advertisement

You might also like
Comments
Loading...
error: Content is protected !!